കേരളത്തിൽ ഐടി മേഖലയിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർ ഒന്നേകാൽ ലക്ഷത്തോളം. ഗവ.പാർക്കുകളിൽ വരുന്നത് ആയിരത്തിൽ താഴെ ആളുകൾ മാത്രം. എന്നാൽ ഐടി, ബിപിഒ മേഖലകളിൽ ഓർഡറുകൾക്കോ സേവനത്തിനോ ഇതുവരെ കുറവു സംഭവിച്ചിട്ടുമില്ല.

ഐടി ജോലികൾക്ക് എന്തിനാണ് ഇത്ര വലിയ കെട്ടിടങ്ങളും പാർക്കുകളും എന്നുവരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് വീട്ടിലിരുന്നുള്ള ജോലിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐടി പ്രഫഷനലുകളുടെ കമ്പനി ലാപ്ടോപ് ലോക്കൽ സ്റ്റോറേജ് ഇല്ലാത്തതും വിർച്വൽ ഡെസ്ക്ടോപ് ഇന്റർഫേസ് (വിഡിഐ) സ്ഥാപിച്ചതുമാണ്. 

അതുമായി സ്വന്തം നാട്ടിൽ പോയി ജോലി ചെയ്യാം. ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും പതിനായിരങ്ങൾ അങ്ങനെ മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലുമുള്ള വീടുകളിലേക്കു മടങ്ങി.

തിരുവനന്തപുരം ടെക്നോപാർക്കിൽ 63,000 പേരും കൊച്ചി ഇൻഫോപാർക്കിൽ 45,000 പേരും കോഴിക്കോട് സൈബർ പാർക്കിൽ 600 പേരും ഉൾപ്പടെ 1,11,000 പേർ ആകെ ഉള്ളതിൽ 1.1 ലക്ഷം പേരും വീട്ടിൽ തന്നെ. ഐടി പാർക്കുകൾക്കു പുറത്തു പ്രവർത്തിക്കുന്ന കമ്പനികളിൽ ജോലി ചെയ്യുന്ന 20,000 പേരും വീട്ടിൽ.

ഐടി ബിസിനസിലെ മാറ്റം

നടപ്പു സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ ബിസിനസിലും വരുമാനത്തിലും കുറവുണ്ടാവില്ല. എന്നാൽ ലോകമാകെയുള്ള മാന്ദ്യം മൂലം അടുത്ത (2020–21) സാമ്പത്തിക വർഷം തകർച്ച സൃഷ്ടിച്ചേക്കാം. 

കേരളത്തിലെ ഉൾപ്പടെ ഇന്ത്യൻ ഐടി ആകെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസിനെ ആശ്രയിച്ചാണു നിലനിൽക്കുന്നത്. കോവിഡ് മൂലം വിദേശ ബാങ്കുകളും കമ്പനികളും നിർജീവാവസ്ഥയിലാണ്. അവർ ചെലവു പരമാവധി കുറയ്ക്കാനും പുതിയ പദ്ധതികൾ വേണ്ടെന്നു വയ്ക്കാനും ശ്രമിക്കും. നിലവിലുള്ള കരാറുകളിൽ തന്നെ പ്രതിഫലം നൽകുന്നതു നീട്ടിവച്ചേക്കും. ഇതാണ് ഐടിക്കാകെ പ്രതിസന്ധിയുണ്ടാക്കുക.

ഒരു വർഷം പിടിച്ചു നിൽക്കേണ്ടി വരുമെന്ന് ഐബിഎസ് ചെയർമാൻ വി.കെ.മാത്യൂസ് പറഞ്ഞു. ജീവനക്കാരെ കുറയ്ക്കാതിരിക്കാൻ കമ്പനികൾക്കു ചെലവു കുറയ്ക്കേണ്ടിവരും. ഐടി പാർക്കുകളിലെ വാടക കുറയ്ക്കുക, ജിഎസ്ടിയിൽ ഇളവു നൽകുക തുടങ്ങിയ നടപടികൾ കമ്പനികൾക്ക് അതിജീവനത്തിനായി വേണ്ടിവരും.

അതേസമയം കേരളത്തിലെ ഐടിക്ക് പ്രത്യേക വൈദഗ്ധ്യമുള്ള മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ ബിസിനസ് വർധിക്കുകയും ചെയ്യാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കാര്യമായ തളർച്ച നേരിടാവുന്നത് എയർലൈൻ, ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി (ഹോട്ടൽ, റിസോർട്ട്) മേഖലകൾക്കാണ്.

റിക്രൂട്മെന്റ്

ഓരോ വർഷവും ക്യാംപസ് ഇന്റർവ്യൂ നടക്കുന്നത് സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ്. അങ്ങനെ പ്ലെയ്സ്മെന്റ് ഉത്തരവു കിട്ടിയവർ അതതു കമ്പനികളിലേക്ക് എത്തേണ്ടത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും. അതനുസരിച്ച് കേരളത്തിൽ ഇന്റർവ്യൂ കഴിഞ്ഞ് പ്ലെയ്സ്മെന്റ് ലെറ്ററുകൾ ലഭിച്ചവർക്ക് ജൂലൈയിൽ ജോലിക്ക് ചേരേണ്ട സമയം ആവുമ്പോഴേക്കും ഇവിടെ കോവിഡ് പ്രതിസന്ധി അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതിനു മുന്നോടിയായി മിക്ക കമ്പനികളുടെയും ഓൺലൈൻ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

കേരള ഐടി @ 18,000 കോടി

ഇന്ത്യൻ ഐടിയുടെ വരുമാനം വർഷം 18100 കോടി ഡോളറാണ്. സുമാർ 15 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം 6.6% വളർച്ചാ നിരക്കുണ്ടായിരുന്നു. വരും വർഷം വളർച്ചയിൽ നേരിയ കുറവുണ്ടാകാം. ആകെ 40 ലക്ഷം പേരാണ് ഇന്ത്യയിലാകെ ഐടി രംഗത്തുള്ളത്. കേരളത്തിൽനിന്ന് സുമാർ 1.3 ലക്ഷം പേരും വരുമാനം സുമാർ 18,000 കോടി രൂപയും.