എഴുത്താണോ സ്വപ്നം?; ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ക്രിയേറ്റിവ് റൈറ്റിങ് പഠിക്കാം
എഴുത്തിൽ താൽപര്യമുണ്ടോ? എഴുത്തിന്റെ ലോകത്തേക്കിറങ്ങുകയെന്നതാണോ നിങ്ങളുടെ സ്വപ്നം? ക്രിയേറ്റിവ് റൈറ്റിങ്ങിൽ താൽപര്യം ഉള്ള ഒരു കൂട്ടം ആളുകൾക്ക് എഴുത്തിന്റെ ക്രിയാത്മകമായ പാതകൾ തുറന്നുകൊടുത്ത് ഈ ലോക്ഡൗൺ കാലത്തെ തീർത്തും ഉപകാരപ്രദമാക്കുകയുമാണ് അധ്യാപികയായ ബബിതാ മറീന ജസ്റ്റിൻ. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷിതത്വം പരിഗണിച്ച് ഓൺലൈനായാണ് ഇപ്പോൾ ക്ലാസുകൾ. 20 മുതൽ 25 വരെ കുട്ടികൾ അടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായാണ് ഇവർ വാട്സാപ് ക്ലാസുകൾ നടത്തുന്നത്.
പ്രായഭേദമെന്യേ ഓരോ കുട്ടിയെയും പ്രത്യേകം പരിഗണിച്ചാണ് ക്ലാസുകൾ. 15 മുതൽ 50 വയസ്സുവരെ പ്രായമുള്ള വിദ്യാർഥികൾക്ക് എല്ലാ ദിവസവും ഓരോ ചെറിയ പഠനപ്രവർത്തനങ്ങളും ഇതോടൊപ്പം നൽകുന്നു. പ്രത്യേകം തയാറാക്കിയ പഠന വിഷയങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ കൂടി നൽകിയും വിഡിയോ കോൺഫറൻസിലൂടെയുമാണ് ക്ലാസുകൾ നടത്തുന്നത്.
ക്രിയേറ്റിവ് റൈറ്റിങ് കോഴ്‌സുകൾക്ക് വിദേശരാജ്യങ്ങളിൽ വൻ സ്വീകാര്യതയാണുള്ളത്. എന്നാൽ കേരളത്തിലെ കോളജുകളിൽ ഇത്തരം കോഴ്‌സുകൾ കുറവാണ്. ഇത്തരം വാട്സാപ് കൂട്ടായ്മയിലൂടെ എഴുത്തിൽ താൽപര്യമുള്ള ഒരു പുതുതലമുറയെ പരിപോഷിപ്പിക്കുകയാണ് ബബിത. തന്റെ ഒരു വിദ്യാർഥിനിയുടെ ആവശ്യപ്രകാരമാണ് ലോക്ഡൗൺ കാലത്ത് ഇത്തരം ആശയം നടപ്പിലാക്കിയതെന്നും ബബിത പറയുന്നു.
ഇംഗ്ലിഷ് അധ്യാപികയും ചിത്രകാരിയും സാഹിത്യകാരിയുമായ ബബിത ഇംഗ്ലിഷ് സാഹിത്യമാണ് തന്റെ ക്ലാസുകളിലൂടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. അഞ്ചു പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ബബിത കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നതിനു വേണ്ടി ക്രിയേറ്റിവ് റൈറ്റിങ്ങിൽ ഒട്ടേറെ ഓൺലൈൻ ബിരുദങ്ങളും നേടിയിട്ടുണ്ട്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് യാത്രാ വിവരണത്തിൽ പിഎച്ച്ഡി നേടിയിട്ടുള്ള ബബിത എഴുത്തിനെ ഒരു ജീവിതചര്യയാക്കി മാറ്റി തനിക്കു കിട്ടിയ ഈ അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ്. ക്രിയേറ്റിവ് റൈറ്റിങ് ക്ലാസിനെക്കുറിച്ച് കൂടുതലറിയാൻ ഇ–മെയിൽ: babithajustin@gmail.com
English Summary : Creative Writing online classes by Babitha