‘സിലബസിന്പുറത്തു നിന്നുള്ള ചോദ്യവും ഒഴിവാക്കണം’: കെഎഎസ് ഉദ്യോഗാർഥികൾ
കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പിഎസ്‌സി പുനരാരംഭിച്ചില്ല. അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ച ശേഷം മൂല്യനിർണയ നടപടികൾ തുടങ്ങിയിരുന്നെങ്കിലും കോവിഡ്–19 പശ്ചാത്തലത്തിൽ നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഇതു പുനരാരംഭിക്കാൻ ആലോചിച്ചെങ്കിലും ജീവനക്കാർക്ക് എത്താൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിനെ തുടർന്നു മാറ്റി. ഇനി ലോക്ക് ഡൗൺ അവസാനിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. കെഎഎസ് മെയിൻ പരീക്ഷ ജൂലൈയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
‘സിലബസിന്പുറത്തു നിന്നുള്ള ചോദ്യവും ഒഴിവാക്കണം’
കെഎഎസ് പ്രാഥമിക പരീക്ഷയിൽ സിലബസിനു പുറത്തു നിന്നുൾപ്പെടുത്തിയ ചോദ്യങ്ങളും ഒഴിവാക്കണമെന്ന് ഉദ്യോഗാർഥികൾ. പ്രാഥമിക പരീക്ഷയിൽ പേപ്പർ ഒന്നിലെ (ചോദ്യ കോഡ്–എ) 34, 37 എന്നീ ചോദ്യങ്ങൾ സിലബസിനു പുറത്തു നിന്നു ചോദിച്ചവയാണ്. സിലബസിലെ കേരള ചരിത്രം എന്നതിൽ 18–ാം നൂറ്റാണ്ട് മുതലുള്ളവയാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനു വിരുദ്ധമായ ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയത്.
തെറ്റായ ചോദ്യങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും ഒഴിവാക്കിയതുപോലെ സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും ഒഴിവാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
English Summary : Kerala Administrative Service Exam