കോവിഡ്– 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ അതിവേഗം നടക്കുന്ന നിയമനങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സ്റ്റാഫ് നഴ്സ് ലിസ്റ്റിലുള്ള  17000 പേർ. ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി പിഎസ്‌സി പ്രസിദ്ധീകരിച്ച സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽ നിന്ന് ഇനിയും കൂടുതൽ നിയമനങ്ങളുണ്ടാകുമെന്ന കണക്കുക്കൂട്ടലിനാണ് ഉദ്യോഗാർഥികൾ.   കോവിഡ്– 19  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിച്ചു നിയമനം നടത്താൻ സർക്കാർ തയാറായാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കൂടുതൽ ഉദ്യോഗാർഥികൾക്കു നിയമനം ലഭിക്കും. ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം വിവിധ ജില്ലകളിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ റിപ്പോർട്ട് ചെയ്ത 273 ഒഴിവിൽ നിയമന ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല. 

ആരോഗ്യ വകുപ്പിൽ സ്റ്റാഫ്  നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്– 2018 ജൂലൈ 16

കാലാവധി– 2021 ജൂലൈ 15 വരെ

∙14 ജില്ലകളിലുമായി നിലവിലുള്ള റാങ്ക്  ലിസ്റ്റിൽ ഉൾപ്പെട്ടവർ–10,814 

∙മെയിൻ ലിസ്റ്റിൽ– 4905 പേർ

∙ സപ്ലിമെന്ററി ലിസ്റ്റുകളിൽ– 5877 പേർ

∙ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള പ്രത്യേക ലിസ്റ്റിൽ– 32 പേർ 

∙ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ– 1538 

∙ഏറ്റവും കുറച്ച് ഉദ്യോഗാർഥികൾ വയനാട് ജില്ലയിൽ– 214. 

∙തിരുവനന്തപുരത്തിനൊപ്പം കോഴിക്കോട് ജില്ലയിലും ആയിരത്തിലധികം പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

1177 നിയമന ശുപാർശ മാത്രം

പിഎസ്‌സി വെബ്സൈറ്റിൽ നൽകിയിട്ടുള്ള കണക്കു പ്രകാരം ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ്റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 1177 നിയമന ശുപാർശ മാത്രം. ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ നൽകിയത് എറണാകുളം ജില്ലയിലാണ്– 171. ഏറ്റവും കുറവ് നിയമനങ്ങൾ കാസർകോട്ടും– 30. 

മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 2701 നിയമനം

ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 14 ജില്ലകളിലുമായി 2701 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. പകുതി കാലാവധി പിന്നിട്ടു കഴിഞ്ഞെങ്കിലും നിലവിലുള്ള ലിസ്റ്റിൽ നിന്നു കാര്യമായ തോതിൽ നിയമനം നടന്നിട്ടില്ല. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കുറച്ച് ഉദ്യോഗാർഥികൾ നൽകിയ കേസിനെ തുടർന്ന് പുതിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ മാസങ്ങളോളം മുടങ്ങിയിരുന്നു. 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2

റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്– 2018 ഒക്ടോബർ 31

കാലാവധി– 2021 ഒക്ടോബര്‍ 30 വരെ.

∙റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്– 8568 പേർ

∙മെയിൻ ലിസ്റ്റിൽ– 3862 പേർ

∙സപ്ലിമെന്ററി ലിസ്റ്റുകളിൽ– 4671 പേർ

∙ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ –35 പേർ

നിയമന ശുപാർശ 978 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ്  റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 978 പേർക്ക് നിയമന ശുപാർശ ലഭിച്ചു. ഇതിൽ 99 പേർക്ക് ഏപ്രിൽ എട്ടിനാണ് നിയമന ശുപാർശ നൽകിയത്. കാസർകോട് മെഡിക്കൽ കോളജിൽ 75 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇത്രയും പേർക്കുകൂടി നിയമനമാകുന്നതോടെ നിയമന ശുപാർശ 1053 ആയി ഉയരും. 

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റ് സംബന്ധിച്ച വിശദാശംങ്ങൾ. 

നിയമനം (പിഎസ്‌സി വെബ്സൈറ്റ് പ്രകാരം)