ബാങ്കിങ് മേഖലയിൽ വേണ്ടത് മാനുഷിക പരിഗണന; ഉയർന്ന ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടായേ തീരൂ
പതിറ്റാണ്ടുകൾക്കു മുൻപു ഞാൻ പ്രൊബേഷനറി ഓഫിസറായി ബാങ്കിങ് മേഖലയിൽ കയറുന്ന കാലത്ത് ഇപ്പോഴുള്ളത്ര ജോലി സമ്മർദം ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് ബാങ്കിങ് മേഖല യന്ത്രവൽക്കരിക്കപ്പെട്ടിരുന്നില്ല. എല്ലാ ജോലികളും സ്വയം കൈകൊണ്ടു ചെയ്യണം; ലെഡ്ജർ ബുക്കുകൾ, അക്കൗണ്ട് കണക്കുകൾ, സ്റ്റേറ്റ്മെന്റുകൾ, റിപ്പോർട്ടുകൾ
പതിറ്റാണ്ടുകൾക്കു മുൻപു ഞാൻ പ്രൊബേഷനറി ഓഫിസറായി ബാങ്കിങ് മേഖലയിൽ കയറുന്ന കാലത്ത് ഇപ്പോഴുള്ളത്ര ജോലി സമ്മർദം ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് ബാങ്കിങ് മേഖല യന്ത്രവൽക്കരിക്കപ്പെട്ടിരുന്നില്ല. എല്ലാ ജോലികളും സ്വയം കൈകൊണ്ടു ചെയ്യണം; ലെഡ്ജർ ബുക്കുകൾ, അക്കൗണ്ട് കണക്കുകൾ, സ്റ്റേറ്റ്മെന്റുകൾ, റിപ്പോർട്ടുകൾ
പതിറ്റാണ്ടുകൾക്കു മുൻപു ഞാൻ പ്രൊബേഷനറി ഓഫിസറായി ബാങ്കിങ് മേഖലയിൽ കയറുന്ന കാലത്ത് ഇപ്പോഴുള്ളത്ര ജോലി സമ്മർദം ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് ബാങ്കിങ് മേഖല യന്ത്രവൽക്കരിക്കപ്പെട്ടിരുന്നില്ല. എല്ലാ ജോലികളും സ്വയം കൈകൊണ്ടു ചെയ്യണം; ലെഡ്ജർ ബുക്കുകൾ, അക്കൗണ്ട് കണക്കുകൾ, സ്റ്റേറ്റ്മെന്റുകൾ, റിപ്പോർട്ടുകൾ
പതിറ്റാണ്ടുകൾക്കു മുൻപു ഞാൻ പ്രൊബേഷനറി ഓഫിസറായി ബാങ്കിങ് മേഖലയിൽ കയറുന്ന കാലത്ത് ഇപ്പോഴുള്ളത്ര ജോലി സമ്മർദം ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് ബാങ്കിങ് മേഖല യന്ത്രവൽക്കരിക്കപ്പെട്ടിരുന്നില്ല. എല്ലാ ജോലികളും സ്വയം കൈകൊണ്ടു ചെയ്യണം; ലെഡ്ജർ ബുക്കുകൾ, അക്കൗണ്ട് കണക്കുകൾ, സ്റ്റേറ്റ്മെന്റുകൾ, റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം. അക്കാലത്തു ശാരീരിക അധ്വാനം വളരെ കൂടുതലായിരുന്നു. പലപ്പോഴും ബാങ്കിൽ നിന്നു വളരെ വൈകിയാണു വീട്ടിൽ എത്തിയിരുന്നത്. സാമ്പത്തിക വർഷം അവസാനിച്ചിരുന്നതു ഡിസംബറിലായിരുന്നു. ആ ദിവസങ്ങളിൽ പലപ്പോഴും രാത്രി 12 നും ഒന്നിനുമൊക്കെയാണ് ഓഫിസ് വിട്ടിറങ്ങിയിരുന്നത്. കൃത്യസമയത്ത് ഇറങ്ങാൻ കഴിയാറില്ലെങ്കിലും ഇത്രത്തോളം മാനസിക സമ്മർദം ഉണ്ടായിരുന്നില്ല. ഇപ്പോൾ, സ്ഥിതി വളരെ വ്യത്യസ്തമാണ്. പല സുഹൃത്തുക്കളും അക്കാര്യം പറയാറുമുണ്ട്. സാങ്കേതികവിദ്യയുടെ സഹായം ഉണ്ടെങ്കിലും കടുത്ത മത്സരം കാരണം 'ബിസിനസ് പ്രഷർ’ വല്ലാതെ കൂടി. ബിസിനസ് വർധിപ്പിക്കാനുള്ള ഭയങ്കരമായ സമ്മർദമാണു പല തലങ്ങളിലുള്ള ഉയർന്ന ഉദ്യോഗസ്ഥർ താഴേക്കു കൈമാറുന്നത്.
‘ബിസിനസ് ഗ്രോത്ത്’ എന്നതാണു പ്രധാന മന്ത്രം. പുതുതലമുറ ബാങ്കുകളിൽ കൂടുതൽ ജോലി സമ്മർദമുണ്ടെന്നു പലരും പറയാറുണ്ട്. പക്ഷേ, പൊതുമേഖലാ ബാങ്കുകളിൽ അത് അത്രത്തോളം കാണുമെന്നു കരുതുന്നില്ല. പണ്ടത്തെപ്പോലെയല്ല, നമ്മുടെ സമ്പദ്ഘടന വലിയ ഭീഷണി നേരിടുന്ന കാലമാണ്. കോവിഡ് പ്രതിസന്ധി കൂടിയായപ്പോൾ അത് ഒന്നുകൂടി രൂക്ഷമായി. രാജ്യത്തിന്റെ സമ്പദ്ഘടന പ്രശ്നത്തിലായാൽ ബാങ്കിങ് എന്നല്ല, ഏത് അനുബന്ധ മേഖലയാണെങ്കിലും സമ്മർദത്തിലാകും. ടാർഗറ്റ് എത്തിയില്ലെങ്കിൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ജോലി ചെയ്യുന്നവർക്കു മേൽ സമ്മർദം മുറുകും. കടുത്ത മത്സരയോട്ടങ്ങളുടെ കാലത്തു റിസൽറ്റ് ഉണ്ടാക്കുക എന്നതു വലിയൊരു വെല്ലുവിളിയാണ്. ബാങ്കിങ്ങിലാകുമ്പോൾ നിക്ഷേപം വർധിപ്പിക്കൽ, വായ്പ അനുവദിക്കൽ, കിട്ടാക്കടം തിരിച്ചുപിടിക്കൽ... ഒന്നും പഴയ പോലെ എളുപ്പമല്ല. ഇന്നത്തെ ചുറ്റുപാടിൽ വായ്പ തിരിച്ചുപിടിക്കലാണ് എറ്റവും വിഷമകരം. റിക്കവറി പലപ്പോഴും മാനേജർമാരെയാണു വലിയ സമ്മർദത്തിലാക്കുന്നത്. പലപ്പോഴും ആ സമ്മർദങ്ങളെ മാനേജർമാർക്കു തനിച്ചു നേരിടേണ്ടിവരും. ഞാൻ എസ്ബിഐയിൽ പ്രൊബേഷനറി ഓഫിസറായി ചേരുന്ന കാലത്തു ബാങ്ക് ജോലിക്ക് നല്ല ആകർഷണീയത ഉണ്ടായിരുന്നു.
സിവിൽ സർവീസ് കിട്ടാത്ത പലരും ബാങ്ക് ഓഫിസർ ജോലി ഇഷ്ടപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ, ആ ആകർഷണം ഇന്നില്ല. തൊഴിൽ സമ്മർദം വളരെ കൂടുകയും ചെയ്തു. അതേസമയം, ആനുപാതികമായി പ്രതിഫലം ഉയരുന്നുമില്ല. കൂടാതെ, മെച്ചപ്പെട്ട വരുമാനം കിട്ടുന്ന മറ്റു മേഖലകൾ ഒട്ടേറെയുണ്ട്. തൊഴിൽപരമായ പിരിമുറുക്കങ്ങൾ ഇനി കുറയുമെന്നു കരുതാനാവില്ല. അതു കൂടിക്കൊണ്ടിരിക്കും. ആ സമ്മർദങ്ങളെ എങ്ങനെ സ്വയം കൈകാര്യം ചെയ്യുമെന്നതാണു പ്രധാനം. ഉയർന്ന ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടായേ തീരൂ. താഴെയുള്ള ഉദ്യോഗസ്ഥരുടെ ചുറ്റുപാടുകൾ മനസ്സിലാക്കി മാനുഷിക പരിഗണനയോടെ വേണം പെരുമാറേണ്ടത്. വനിതകളാണെങ്കിൽ കുടുംബത്തിന്റെ, പ്രത്യേകിച്ചു കുട്ടികളുടെ കാര്യങ്ങൾ കൂടി നോക്കേണ്ട ഉത്തരവാദിത്തമുണ്ട്. അക്കാര്യങ്ങളെല്ലാം പരിഗണിച്ച്, ഉയർന്ന ഉദ്യോഗസ്ഥർ അൽപം അലിവോടെ വേണം പെരുമാറേണ്ടത്. മറ്റൊന്ന്, കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും പിന്തുണയാണ്.
എനിക്കു സാഹിത്യ പ്രവർത്തനവും അതോടൊപ്പം തിരക്കേറിയ തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും നിർവഹിക്കാൻ ഏറ്റവും വലിയ പിന്തുണ നൽകിയതു ഭാര്യയാണ്. മറിച്ചാണെങ്കിൽ അതു കൈകാര്യം ചെയ്യുന്നതു പ്രയാസമാകുമായിരുന്നു. എല്ലാറ്റിനും കുടുംബത്തിന്റെ പിന്തുണ ഏറെ പ്രധാനമാണ്. തൊഴിൽ സമ്മർദം ആവുന്നത്ര സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കുക എന്നതാണു മറ്റൊരു കാര്യം. മതപരമായ വിശ്വാസങ്ങളുള്ളവർക്കു പ്രാർഥനയും ധ്യാനവുമൊക്കെ ശീലിക്കാം. യോഗ പരിശീലിക്കുന്നത് ഏകാഗ്രതയും മനസ്സിനു ലാഘവത്വവും നൽകുമെന്നു പലരും പറയുന്നു. ജോലിക്കിടെ അൽപം നേരം കണ്ണടച്ചിരിക്കുന്നതും ദീർഘനിശ്വാസം ചെയ്യുന്നതും ഉൾപ്പെടെ സമ്മർദങ്ങൾ അകറ്റാൻ പല മാർഗങ്ങളും പരീക്ഷിക്കുന്നവരുണ്ട്; അങ്ങനെ പലതും. ഇതൊക്കെ പറയാൻ എളുപ്പമാണെങ്കിലും സ്വന്തം മനസ്സിനെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല.
(സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാനും സാഹിത്യകാരനുമാണു ലേഖകൻ)
English Summary : Work related stress in banking sector : A note by Writer Sethumadhavan