അർഹതപ്പെടാത്ത ഒന്നും വാങ്ങരുത്, അമ്മയുടെ ഉപദേശം ഇന്നും അണുവിട തെറ്റാതെ പിന്തുടരുന്നു : പന്ന്യൻ
Mail This Article
കണ്ണൂർ കക്കാട് കോർജാൻ യുപി സ്കൂളിലായിരുന്നു എന്റെ പഠനം. (കോരന്റെയും ജാനുവിന്റെയും പേരിൽ തുടങ്ങിയ സ്കൂളാണു കോർജാൻ!). സ്കൂളിൽ സർക്കാർ വക ഉച്ചഭക്ഷണം അന്നു തുടങ്ങിയിട്ടില്ല. ഒരു ഉണ്ടൻപൊരി (ഞങ്ങളുടെ നാട്ടിൽ ഉണ്ടക്കായ് എന്നു പറയും) വാങ്ങിക്കഴിച്ചു വെള്ളവും കുടിച്ചാണു വിശപ്പടക്കൽ. ചെരിപ്പിട്ടു നടക്കാൻ പറ്റിയിട്ടില്ല, പുതിയ പുസ്തകങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടില്ല, നന്നാക്കിയെടുക്കാതെ ഒരു കുടപോലും ഉപയോഗിച്ചിട്ടില്ല.
അച്ഛൻ ചേനോളിപ്പറമ്പത്ത് രാമൻ നെയ്ത്തുകമ്പനി മേസ്തിരിയായിരുന്നു. അമ്മ യശോദ ആടിനെ കറന്നു പാലു വിറ്റും അവിൽ ഇടിച്ചു വിറ്റും പണമുണ്ടാക്കിയിരുന്നു. (അമ്മയുടെ തറവാട്ടുപേരാണ്, എന്റെ പേരുതന്നെയാണെന്നു പലരും ധരിക്കുന്ന ‘പന്ന്യൻ’). മൂന്നു മക്കളും അമ്മയുടെ അമ്മയും അമ്മമ്മയുടെ ഇളയമ്മയും വീട്ടിലുണ്ട്. അഞ്ചുവരെ മാത്രം പഠിച്ച അമ്മയ്ക്കു സംസ്കൃതം നന്നായി അറിയാം. മൂന്നര വയസ്സിൽത്തന്നെ എന്നെ ഒന്നാം ക്ലാസിൽ ചേർത്തു.
എനിക്കു 12 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. വീട് വലിയ വിഷമത്തിലായി. അമ്മ അടുത്ത വീടുകളിൽ സഹായിക്കാൻ പോയിത്തുടങ്ങി. അധികദിവസവും രാത്രി കഞ്ഞിയോ ചോറോ ഉണ്ടാവില്ല. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന മധുരക്കിഴങ്ങു വേവിച്ചു കഴിക്കും. ഒരു ദിവസം ഞങ്ങളൊക്കെ കഴിച്ചുതീർന്നപ്പോൾ അമ്മയ്ക്ക് ഒരു കഷണംപോലും ബാക്കിയില്ല. ഞാൻ അന്ന് ഒരുപാടു കരഞ്ഞു.
അമ്മയെ ബുദ്ധിമുട്ടിക്കരുതെന്ന് അന്നു രാത്രി ഞാൻ തീരുമാനിച്ചു. ഞാനന്നു ബാലസംഘം അംഗമാണ്. പാർട്ടി ബന്ധം വച്ച് പിറ്റേന്നുതന്നെ സാധു ബീഡി കമ്പനിയിൽ സഹായിയായി. പന്ത്രണ്ടാം വയസ്സിൽ എന്റെ ആദ്യ ജോലി! രാവിലെ 8 മണിക്കു കമ്പനിയിൽ പോയി ബിഡിക്കുള്ള ഇലയൊക്കെ മുറിച്ചു റെഡിയാക്കും. സ്കൂൾ വിട്ട് വൈകുന്നേരം 4 മുതൽ 6 വരെ വീണ്ടും ജോലി. ആദ്യ ആഴ്ചയിലെ വരുമാനമായ എട്ടണ (50 പൈസ) കൊണ്ടുപോയി കൊടുത്തപ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു കരഞ്ഞു.
പ്രാരാബ്ധങ്ങൾ എന്റെ വിദ്യാഭ്യാസം ആറാം ക്ലാസിൽ അവസാനിപ്പിച്ചു. പിന്നെ മുഴുവൻ സമയവും ബീഡിക്കമ്പനി ജോലി. ഇടക്കാലത്തു വൈകുന്നേരങ്ങളിൽ ഹിന്ദി ട്യൂഷനു പോയി. കമ്പനിയിൽ പത്രവും പുസ്തകങ്ങളും വായിച്ചുതരാൻ ആളുണ്ട്. രാവിലെ 2 മണിക്കൂർ പത്രങ്ങൾ ഉറക്കെ വായിക്കും; ഉച്ചകഴിഞ്ഞു 2 മണിക്കൂർ പുസ്തകങ്ങളും. ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, അന്നകരിനീന, ഉറൂബിന്റെ സുന്ദരികളും സുന്ദരൻമാരും, എംടിയുടെ നാലുകെട്ട്... വായനയുടെ ബാലപാഠങ്ങളൊക്കെ ഈ വലിയ പുസ്തകങ്ങൾ കേട്ടുകൊണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ആഴത്തിൽ അറിവും താൽപര്യവുമുണ്ടാക്കിയതും ഈ കേട്ടുവായനകളാണ്. വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ ലേലത്തിനു വയ്ക്കും. അതിൽ പലതും ഞാൻ പിന്നീടു വാങ്ങാൻ തുടങ്ങി.
ഏഴു കൊല്ലം ബീഡിതെറുപ്പു ചെയ്തെങ്കിലും, രാഷ്ട്രീയത്തിരക്കായതോടെ പലപ്പോഴും ജോലിക്കു പോകാൻ സമയമില്ലാതായി. ചെയ്യുന്ന ജോലിക്കാണു കൂലി. അങ്ങനെ നോക്കിയാൽ ആ 7 കൊല്ലം അവിടെ ഏറ്റവും കുറച്ചു കൂലി വാങ്ങിയതു ഞാനായിരിക്കും. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. ’65 ൽത്തന്നെ ബ്രാഞ്ച് സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് എഐവൈഎഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.
കണ്ണൂരിലെ ഫുട്ബോൾ ടൂർണമെന്റുകളുടെ കാലത്തു കമ്പനിയിൽനിന്ന് അവധിയെടുക്കും. അനൗൺസറായി എനിക്കു മോശമില്ലാത്ത വരുമാനം അക്കാലത്തു ലഭിക്കും. അത് ആകാശവാണിയിലേക്കു വഴിതുറന്നു. അവിടെവച്ച് പ്രശസ്ത നാടകകൃത്ത് തിക്കോടിയനാണ്, ഫുട്ബോൾ കമന്റേറ്ററാകാൻ പറഞ്ഞത്. വരുമാനത്തേക്കാൾ, ഫുട്ബോളിനോടുള്ള ഇഷ്ടംകൊണ്ടും കുറേക്കാലം കമന്ററി ബോക്സിലും നിറഞ്ഞുനിന്നു. പിൽക്കാലത്തു പ്രശസ്ത സിനിമാ തിരക്കഥാകൃത്തായ ടി.ദാമോദരൻ അക്കാലത്തു കമന്ററിക്ക് എന്റെ സ്ഥിരം കൂട്ടാളിയായിരുന്നു.
രാഷ്ട്രീയത്തിൽ സജീവമായതോടെ തൊഴിൽവഴികൾ ഓരോന്നായി വഴിമാറിപ്പോയി. അര നൂറ്റാണ്ടിലേറെയായി രാഷ്ട്രീയത്തിന്റെ കൈപിടിച്ച്, ജനങ്ങൾക്കിടയിലൂടെ ഞാൻ നടക്കുന്നു.
തൊഴിൽ എന്നെ പഠിപ്പിച്ചത്
അർഹതപ്പെടാത്ത ഒന്നും വാങ്ങരുത് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. കഷ്ടപ്പാടിന്റെ ദിനങ്ങളിലും പിൽക്കാലത്തു രാഷ്ട്രീയത്തിൽ സജീവമായപ്പോഴും അണുവിട തെറ്റാതെ തുടരുന്നത് അമ്മയുടെ ഈ ഉപദേശമാണ്. ജോലിക്കും കൂലിക്കും മൂല്യമുണ്ടാകുന്നത്, നമ്മൾ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. മോശം ജോലിയെന്നു പറഞ്ഞു പലരും മാറിനിൽക്കുന്നതു ചെയ്യാനും ധാരാളം പേർ മുന്നോട്ടുവരാറില്ലേ? അതിനർഥം അവരൊക്കെ മോശക്കാരാണെന്നാണോ? ജോലിയുടെ മാറ്റു കൂട്ടുന്നതിലും കുറയ്ക്കുന്നതിലും നമ്മുടെ സമീപനം സുപ്രധാനമാണ്.
Content Summary : Ente Adya Joli Column - Pannian Raveendran's first job experience