ഓഫിസ് സമ്മർദ്ദം സ്വൈര്യം കെടുത്തുന്നോ?; പ്രതിരോധിക്കാൻ 10 മാർഗങ്ങൾ
ക്രൂരമായ വാക്കുകളും പ്രവൃത്തികളും കൊണ്ടു മനസ്സിനു മുറിവേൽപിക്കാൻ മടിക്കാത്ത ആളുകൾ പുറത്തുണ്ട് എന്ന തിരിച്ചറിവോടെ വേണം സമൂഹത്തിലേക്കിറങ്ങാൻ. ശരിയായ കാഴ്ചപ്പാടുണ്ടാക്കിയെടുത്താൽ ഇച്ഛാഭംഗം, നിരാശ, എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിച്ചു എന്നിങ്ങനെയുള്ള ചിന്തകളിൽനിന്നു പുറത്തു കടക്കാം.
ക്രൂരമായ വാക്കുകളും പ്രവൃത്തികളും കൊണ്ടു മനസ്സിനു മുറിവേൽപിക്കാൻ മടിക്കാത്ത ആളുകൾ പുറത്തുണ്ട് എന്ന തിരിച്ചറിവോടെ വേണം സമൂഹത്തിലേക്കിറങ്ങാൻ. ശരിയായ കാഴ്ചപ്പാടുണ്ടാക്കിയെടുത്താൽ ഇച്ഛാഭംഗം, നിരാശ, എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിച്ചു എന്നിങ്ങനെയുള്ള ചിന്തകളിൽനിന്നു പുറത്തു കടക്കാം.
ക്രൂരമായ വാക്കുകളും പ്രവൃത്തികളും കൊണ്ടു മനസ്സിനു മുറിവേൽപിക്കാൻ മടിക്കാത്ത ആളുകൾ പുറത്തുണ്ട് എന്ന തിരിച്ചറിവോടെ വേണം സമൂഹത്തിലേക്കിറങ്ങാൻ. ശരിയായ കാഴ്ചപ്പാടുണ്ടാക്കിയെടുത്താൽ ഇച്ഛാഭംഗം, നിരാശ, എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിച്ചു എന്നിങ്ങനെയുള്ള ചിന്തകളിൽനിന്നു പുറത്തു കടക്കാം.
മാനന്തവാടി സബ് ആർടി ഓഫിസിലെ സീനിയർ ക്ലാർക്ക് പി.എ.സിന്ധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഏപ്രിൽ ആറിനായിരുന്നു. കൈക്കൂലി വാങ്ങാൻ തയാറാകാതിരുന്നതിനാൽ ചില മുതിർന്ന ഉദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കത്തെഴുതിവച്ചാണ് സിന്ധു ജീവിതമവസാനിപ്പിച്ചത്. നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും സഹപ്രവർത്തകരുമടക്കം പ്രതിഷേധിച്ചതോടെ ഗതാഗതമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂനിയർ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന്, ആർടി ഓഫിസുകളിലെ അഴിമതി അവസാനിപ്പിക്കാൻ അടിയന്തരനടപടികൾ വേണമെന്ന് ആവശ്യവുമുയർന്നു.
അഴിമതിക്കും ഉന്നതരുടെ സമ്മർദങ്ങൾക്കും വഴങ്ങാത്തതിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്ത ആദ്യത്തെയാളല്ല പി.എ.സിന്ധു. പീഡകരിൽ മേലുദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമൊക്കെ ഉൾപ്പെടുന്നു. എത്രയോ സർക്കാർ ജീവനക്കാരും സ്വകാര്യമേഖലാ ജീവനക്കാരുമൊക്കെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ദ്വയാർഥപ്രയോഗങ്ങളും ബോഡിഷെയ്മിങ്ങും ബുദ്ധിമുട്ടുള്ള ഡ്യൂട്ടി ചേഞ്ചും വളരെ ദൂരേക്കുള്ള സ്ഥലംമാറ്റവും സർവീസ് ബുക്കിലെ പ്രതികൂല പരാമർശങ്ങളും ഗോസിപ്പുകളും സ്ഥാനക്കയറ്റം വൈകിപ്പിക്കലുമൊക്കെ അവർക്കു നേരേയുണ്ടാകുന്നുണ്ട്. പലരും അതൊക്കെ അവഗണിച്ച് തുടരും, ചിലർ ജോലി മതിയാക്കും, അപൂർവം ചിലരാകട്ടെ, സമ്മർദം സഹിക്കാനാവാതെ ജീവനൊടുക്കും. ജോലിസ്ഥലങ്ങളിലും തൊഴിൽസാഹചര്യങ്ങളിലും ഇത്തരം സമ്മർദങ്ങളെ പ്രതിരോധിക്കാനും സ്വന്തം വ്യക്തിത്വം പണയം വയ്ക്കാതെ അതിജീവിക്കാനും മനസ്സിനെ എങ്ങനെ ഒരുക്കണമെന്നു പറയുകയാണ് മനോരമ ഓൺലൈൻ പരമ്പരയായ ‘ഓൺ ആകാം ഓഫിസിൽ’ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജി സൈലേഷ്യ.
പഴ്സ് സൂക്ഷിക്കാൻ കാണിക്കുന്ന മിടുക്ക് മനസ്സിന്റെ കാര്യത്തിലും വേണം
വിലപിടിപ്പുള്ളതെന്തും നഷ്ടപ്പെടാതിരിക്കാനും മോഷണം പോകാതിരിക്കാനുമായി നമ്മൾ വളരെയേറെ മുൻകരുതലുകളെടുക്കാറുണ്ട്. വീടിനും കാറിനുമൊക്കെ ലോക്ക് വീണോയെന്ന് പലവട്ടം പരിശോധിക്കും. നമ്മുടെ ജീവനും സ്വത്തിനും സുരക്ഷിതത്വത്തിനും എതിരെ പ്രവർത്തിക്കാൻ കഴിവുള്ളവർ ഉൾപ്പെട്ട ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് നമ്മൾ അത്തരം മുൻകരുതലെടുക്കുന്നത്. പക്ഷേ ഭൗതിക കാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളായ പലരും മനസ്സിന്റെ കാര്യം വരുമ്പോൾ അത്തരം കരുതലും ശ്രദ്ധയും കാട്ടാറില്ല.
വസ്തുക്കൾ സൂക്ഷിക്കുന്നത് ശീലത്തിന്റെ ഭാഗമായി സംഭവിച്ചു പോകുന്നതാണ്. മനസ്സിനെ ബാധിക്കുന്ന പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കാനും അതിനെ പ്രതിരോധിക്കാനും കഴിയാത്തത് മുൻകരുതലുകളെടുക്കാത്തതുകൊണ്ടാണ്. ക്രൂരമായ വാക്കുകളും പ്രവൃത്തികളഉം കൊണ്ടു മനസ്സിനു മുറിവേൽപിക്കാൻ മടിക്കാത്ത ആളുകൾ പുറത്തുണ്ട് എന്ന തിരിച്ചറിവോടെ വേണം സമൂഹത്തിലേക്കിറങ്ങാൻ.
ശരിയായ കാഴ്ചപ്പാടുണ്ടാക്കിയെടുത്താൽ ഇച്ഛാഭംഗം, നിരാശ, എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിച്ചു എന്നിങ്ങനെയുള്ള ചിന്തകളിൽനിന്നു പുറത്തു കടക്കാം. ശാരീരികമായും മാനസികമായും വൈകാരികമായും തളർത്താൻ കഴിവുള്ള, ഒരുപക്ഷേ വ്യക്തിത്വ, പെരുമാറ്റ വൈകല്യങ്ങൾ ഉള്ളവർ പോലുമുൾപ്പെട്ട ഒരു സമൂഹത്തോടാണ് നമ്മൾ ഇടപഴകിക്കൊണ്ടിരിക്കുന്നത് എന്ന ബോധ്യമുണ്ടാകണം. അത് നിരാശരാകാനുള്ള സാധ്യത (chance to get disappointed) കുറയ്ക്കും. നമ്മുടെ ശീലത്തിന്റെ ഭാഗമായ മുൻകരുതലുകൾ വൈകാരിക തലത്തിൽക്കൂടി നടപ്പിലാക്കിയ ശേഷമേ മറ്റുള്ളവരോട് ഇടപെടാൻ പാടുള്ളൂ.
∙ ജോലിമികവിന്റെയോ അംഗീകാരങ്ങളുടെയോ സ്മാർട്നെസിന്റെയോ ഒക്കെ പേരിൽ ചിലർക്ക് സഹപ്രവർത്തകരോട് ഈഗോ തോന്നാം. ഒരിക്കലും നമ്മുടെ പ്രശ്നങ്ങളെ മറ്റുള്ളവരുടെ ഗുണങ്ങളുമായി താരതമ്യം ചെയ്യരുത്. ഒരേ ഓഫിസിൽ ജോലി ചെയ്യുന്ന ആളുകളുടെ സ്ഥാനമാനങ്ങളും കഴിവുകളും സ്മാർട്ട്നെസുമൊക്കെ ഒരിക്കലും ഒരുപോലെയാകില്ല. ഓരോരുത്തർക്കും അവരവരുടേതായ മികവുകളുമുണ്ടാകും. ഒന്നും എല്ലാക്കാലത്തും ഒരുപോലെയല്ലെന്നും മാറ്റം പ്രകൃതി നിയമമാണെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. സഹപ്രവർത്തകരോട് സഹാനുഭൂതിയോടെ പെരുമാറാൻ പരമാവധി ശ്രമിക്കുക. ഇതുവഴി ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കാൻ സാധിക്കും.
∙ സമ്മർദങ്ങളുടെ മറുവശമാണ് അമിതവിധേയത്വം. സ്ഥാനക്കയറ്റത്തിനു വേണ്ടിയും മറ്റും ചിലർ മേലധികാരികളെ പ്രീണിപ്പിക്കാനും വിധേയത്വം പ്രകടിപ്പിക്കാനും ശ്രമിക്കാറുണ്ട്. ക്രമേണ ജോലിസ്ഥലത്തിനു പുറത്ത് പൊതുവിടങ്ങളിൽപ്പോലും അവർ അങ്ങനെ പെരുമാറിയേക്കാം. ഒരു ഘട്ടം കഴിഞ്ഞാൽ അത് മേലധികാരികൾക്കും അവർക്കും ദോഷം ചെയ്യും. അതുകൊണ്ട് ജോലിസ്ഥലത്തും പുറത്തും മേലുദ്യോസ്ഥർക്കും സഹപ്രവർത്തകർക്കും അവർ അർഹിക്കുന്ന ബഹുമാനം നൽകുകയും അതേസമയം ആത്മാഭിമാനം പണയപ്പെടുത്താതെ ബന്ധം വളർത്താൻ ശ്രദ്ധിക്കുകയും വേണം.
∙ അയാം നോട്ട് മൈ ജോബ് എന്ന ബോധം വളർത്തണം. ഓഫിസിനകത്തും പുറത്തുമുള്ള കാര്യങ്ങളെ രണ്ടായി കാണാൻ മനസ്സിനെ പ്രാപ്തമാക്കുക എന്നതാണ് പ്രധാനം. ഒരേ യോഗ്യതയുള്ളവരാണെങ്കിലും ജോലിയുടെ സ്വഭാവവും പദവിയും വ്യത്യസ്തമായിരിക്കാം. സ്ഥാപനത്തിനകത്തു ലഭിക്കുന്ന ബഹുമാനം പുറത്തു ലഭിക്കണമെന്നുമില്ല. ഒരു വ്യക്തിയെ നിർവചിക്കുന്നത് അയാളുടെ ജോലിയല്ല. ഒരാളുടെ ജീവിതത്തിൽ 40 ശതമാനം മാത്രമേ ജോലിക്കു പ്രസക്തിയുള്ളൂ എന്നത് ഓർമവയ്ക്കുക. എന്നാൽ മാത്രമേ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ നയപരമായി കൈകാര്യം ചെയ്യാനാവൂ.
∙ പരദൂഷണങ്ങളെ കാര്യമാക്കാതിരിക്കാം. ‘നിങ്ങൾ തമ്മിലെന്തോ ഒരു ചുറ്റിക്കളിയുണ്ടെന്ന് സംസാരമുണ്ട്’ എന്നു കേട്ടാൽ പൊട്ടിത്തെറിക്കാതെ, ആണോ! എന്ന് കൗതുകത്തോടെ, കാര്യമാക്കാത്ത മട്ടിൽ ചോദിക്കാം. ശേഷം ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ സംസാരിക്കാം. ആ പറഞ്ഞയാളെ ചായകുടിക്കാനോ നടക്കാനോ ക്ഷണിക്കാം. ഇത്തരം പെരുമാറ്റത്തിലൂടെ, അവരുടെ ആ പ്രസ്താവന നമ്മളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊടുക്കാം. അപ്പോൾ അവർ സ്വയം പിന്മാറിക്കോളും. ആ ടെക്നിക്കിനെ അസേർട്ടീവ്നെസ്സ് എന്നാണ് പറയുക.
∙ സഹപ്രവർത്തകരോട് ദ്വയാർഥപ്രയോഗമോ മോശമായ രീതിയിൽ സംഭാഷണങ്ങളോ നടത്തുകയും പ്രതികരിച്ചാൽ പ്രതികാരബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്നവരുണ്ട്. തങ്ങളുടെ സ്വാധീനമുപയോഗിച്ച്, ദൂരസ്ഥലങ്ങളിലേക്കു സ്ഥലം മാറ്റുക, സ്ഥാനക്കയറ്റം തടയാൻ ശ്രമിക്കുക, സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മോശം പ്രസ്താവനകൾ നടത്തി മാനസികമായി ദ്രോഹിക്കുക തുടങ്ങിയ ഉപദ്രവങ്ങളുമുണ്ടാകാം. അത്രയും ക്രൂരമായി പെരുമാറുന്നവർ മാനസിക പ്രശ്നമുള്ളവരാണ്. അവരുടെ ഉള്ളിൽ വളർച്ചയെത്താത്ത ഒരു മനസ്സുണ്ട്. അത്തരക്കാരെ സഹിച്ചു മുന്നോട്ടു പോകണോയെന്ന് സ്വന്തം മനസ്സിനോടു തന്നെ ചോദിക്കാം. ഭയം കൊണ്ട് പ്രതികരിക്കാതിരിക്കുന്നവരുണ്ട്. പക്ഷേ ആത്മാഭിമാനത്തോടെ മുന്നോട്ടു പോകണമെങ്കിൽ ഭയത്തെ മറികടന്നേ പറ്റൂ.
നിങ്ങളോടു സംസാരിക്കുമ്പോൾ ഒരാൾ ദ്വയാർഥപ്രയോഗം നടത്തിയെന്നു തോന്നിയാൽ, അവരുടെ കണ്ണിൽത്തന്നെ നോക്കി ‘നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്’ എന്നു വ്യക്തമായി, അൽപം കടുപ്പത്തിൽത്തന്നെ ചോദിക്കാം. അവർ ഒഴിഞ്ഞു മാറാൻ നോക്കിയാലും ചോദ്യം ആവർത്തിക്കണം. അങ്ങനെ ഇത്തരം സംസാരങ്ങൾക്ക് ഫുൾസ്റ്റോപ്പിടാം. സാധാരണ ഇത്തരം സംഭാഷണങ്ങൾ കേട്ടാൽ പലരും ചൂളിപ്പോവുകയോ കേട്ടില്ലെന്നു നടിക്കുകയോ ചെയ്യും. ചിലരാകട്ടെ, അതിഷ്ടപ്പെട്ടില്ലെന്നു മുഖഭാവത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കും. പക്ഷേ അതുകൊണ്ടൊന്നും ശല്യക്കാർ അടങ്ങണമെന്നില്ല. അവരെ നിശ്ശബ്ദരാക്കാൻ പ്രതികരിക്കുകതന്നെ വേണം.
∙ ആശയവിനിമയം കൃത്യമായിരിക്കണം, വ്യക്തത വേണം. നമുക്ക് മറ്റൊരാളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിന് മറ്റൊരാളെ ആശ്രയിക്കരുത്. മേലധികാരിയെയും മറ്റും അങ്ങനെ കാര്യങ്ങൾ അറിയിക്കാൻ ശ്രമിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്നതാവില്ല അദ്ദേഹത്തിന്റെ അടുത്തെത്തുന്നത്. ഔദ്യോഗിക കാര്യങ്ങളും മറ്റും വ്യക്തമായി എഴുതി മെസേജോ മെയിലോ ആയി നൽകിയാൽ അദ്ദേഹത്തിനു കാര്യങ്ങൾ വ്യക്തമാകും. ഔദ്യോഗിക നിർദേശങ്ങളും അങ്ങനെ ലഭിക്കണമെന്നാണ് താൽപര്യമെന്നും അറിയിക്കാം.
വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ വഴിവിട്ട നടപടികൾക്ക് ചില മേലുദ്യോഗസ്ഥർ വാക്കാൽ നിർദേശങ്ങൾ നൽകാറുണ്ട്. കീഴുദ്യോഗസ്ഥർ അതു നടപ്പാക്കുകയും ചെയ്യും. അതിന്റെ പേരിൽ പിന്നീടു കുഴപ്പമുണ്ടായാൽ പലപ്പോഴും നിർദേശം നൽകിയതിനു തെളിവില്ലാതാകുകയും നടപ്പാക്കിയ ആൾ കുടുങ്ങുകയും ചെയ്യും. അങ്ങനെ വന്നാൽ അത്തരം നിർദേശത്തെക്കുറിച്ചുള്ള സംശയം മെസേജോ മെയിലോ വഴി ചോദിക്കാം. അപ്പോൾ അപ്പുറത്തു നിൽക്കുന്നയാൾ വിശദീകരണത്തിന് ബാധ്യസ്ഥനാവും.
ഏതു ജോലി ചെയ്യുന്നവരും തൊഴിൽ നിയമങ്ങളെപ്പറ്റി അറിഞ്ഞിരിക്കണം. അജ്ഞതയുള്ളവർ ചൂഷണം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾത്തന്നെ സ്ഥാപനത്തിലെ നിയമ പരിരക്ഷയെക്കുറിച്ചൊക്കെ വ്യക്തമായി വായിച്ചു മനസ്സിലാക്കണം. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അത് സഹായിക്കും. നമ്മുടെ കഴിവും സുരക്ഷയും വർധിപ്പിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യണം.
∙ ജോലിസ്ഥലത്ത് സഹപ്രവർത്തകരോ മറ്റോ പ്രകോപനപരമായി എന്തെങ്കിലും പറഞ്ഞാൽ ഉടനടി പ്രതികരിക്കാതെ അതിനെക്കുറിച്ചുള്ള സത്യാവസ്ഥ പരിശോധിക്കാൻ മനസ്സു കാട്ടണം. അത്തരം പ്രതികരണങ്ങൾ പോലും മുതലെടുക്കാൻ ആളുകളുണ്ടായേക്കാം എന്ന തിരിച്ചറിവുണ്ടാകണം. എടുത്തു ചാടി ഒരു നിഗമനത്തിലെത്തരുത്. കേട്ടതിൽ എത്രത്തോളം സത്യമുണ്ടെന്ന് ക്ഷമയോടെ അന്വേഷിക്കുക. ശേഷം ഉചിതമായി പ്രതികരിക്കുക.
∙ ഒരാളെ ഇഷ്ടമല്ല എന്നതുകൊണ്ടുമാത്രം, അയാൾ പറയുന്ന ആശയങ്ങളെ തള്ളിക്കളയരുത് എന്നൊരു ചൊല്ലുണ്ട്. നമുക്കിഷ്ടമില്ലാത്ത ഒരാൾ പറയുന്ന അഭിപ്രായം പൊതുവേ നമ്മൾ സ്വീകരിക്കാറില്ല. പക്ഷേ അഭിപ്രായം നല്ലതായിരിക്കും, ഇഷ്ടമില്ലാത്ത ആൾ പറഞ്ഞു എന്നതു മാത്രമാകും പ്രശ്നം. അവരുടെ തലയിൽ അങ്ങനെ ഒരാശയം തോന്നിയല്ലോ, എനിക്ക് തോന്നിയില്ലല്ലോ എന്ന അസൂയ കാരണം അത്തരം അഭിപ്രായങ്ങൾ ഒഴിവാക്കുന്നവരുമുണ്ട്. നമ്മൾ നിലനിൽക്കുന്നത് പരസ്പരം സഹകരിക്കാനാണ് എന്നൊരു ബോധം മനസ്സിലുണ്ടാക്കണം. അപ്പോൾ അവിടെ ഈഗോ അപ്രസക്തമാകും.
∙ പുതിയ ആളുകൾ ജോലിയിൽ പ്രവേശിക്കുമ്പോൾത്തന്നെ ജോലിയുടെ സ്വഭാവത്തെപ്പറ്റിയും തൊഴിൽ സംസ്കാരത്തിൽ സ്ഥാപനം പിന്തുടരുന്ന നയങ്ങളെപ്പറ്റിയും വിശദമായി പരിചയപ്പെടുത്തുന്ന ഇൻഡക്‌ഷൻ പ്രോഗ്രാമുകൾ പല സ്ഥാപനങ്ങളിലും ഉണ്ട്. അതിൽ വൈകാരികമായും മനഃശാസ്ത്രപരമായും സാമൂഹികമായും പ്രശ്നങ്ങളെ എങ്ങനെ നയപരമായി കൈകാര്യം ചെയ്യണം എന്ന വിഷയങ്ങളുൾപ്പെടുത്തി പരിശീലനം നൽകുന്നത് ജോലിസ്ഥലത്തെ പ്രശ്നങ്ങളെ മനഃസാന്നിധ്യത്തോടെ നേരിടാൻ വ്യക്തികളെ പ്രാപ്തരാക്കും.
Content Summary : Clinical Psychologist Dr. G Zaileshia Talks About 10 Ways To Eliminate Stress At Work Place - Column- On Akam Office il - Part One