സ്കൂളിൽ പലരുടെയും യഥാർഥ ജന്മദിനം നഷ്ടപ്പെട്ട കൂട്ടത്തിൽ എന്റെയും ജന്മദിനം നഷ്ടപ്പെട്ടു; സ്കൂൾ ഓർമകളിങ്ങനെ....
എത്ര മുതിർന്നാലും അത്രത്തോളം മനസ്സിൽ താലോലിക്കാനിഷ്ടപ്പെടുന്ന ഒരു കാലമുണ്ട് പലർക്കും അതാണ് ബാല്യകാലം. ദീർഘകാലത്തിനു ശേഷം സ്കൂളുകൾ വീണ്ടും സജീവമായപ്പോൾ കുട്ടിക്കാലത്തെ കുറുമ്പുകളും സ്കൂൾ ഓർമകളും പങ്കുവയ്ക്കുകയാണ് ജില്ലയിലെ പ്രമുഖർ. അന്ന് അപ്പച്ചന്റെ കൈപിടിച്ച് ചക്കാമ്പുഴ ഗവൺമെന്റ് യുപി
എത്ര മുതിർന്നാലും അത്രത്തോളം മനസ്സിൽ താലോലിക്കാനിഷ്ടപ്പെടുന്ന ഒരു കാലമുണ്ട് പലർക്കും അതാണ് ബാല്യകാലം. ദീർഘകാലത്തിനു ശേഷം സ്കൂളുകൾ വീണ്ടും സജീവമായപ്പോൾ കുട്ടിക്കാലത്തെ കുറുമ്പുകളും സ്കൂൾ ഓർമകളും പങ്കുവയ്ക്കുകയാണ് ജില്ലയിലെ പ്രമുഖർ. അന്ന് അപ്പച്ചന്റെ കൈപിടിച്ച് ചക്കാമ്പുഴ ഗവൺമെന്റ് യുപി
എത്ര മുതിർന്നാലും അത്രത്തോളം മനസ്സിൽ താലോലിക്കാനിഷ്ടപ്പെടുന്ന ഒരു കാലമുണ്ട് പലർക്കും അതാണ് ബാല്യകാലം. ദീർഘകാലത്തിനു ശേഷം സ്കൂളുകൾ വീണ്ടും സജീവമായപ്പോൾ കുട്ടിക്കാലത്തെ കുറുമ്പുകളും സ്കൂൾ ഓർമകളും പങ്കുവയ്ക്കുകയാണ് ജില്ലയിലെ പ്രമുഖർ. അന്ന് അപ്പച്ചന്റെ കൈപിടിച്ച് ചക്കാമ്പുഴ ഗവൺമെന്റ് യുപി
എത്ര മുതിർന്നാലും അത്രത്തോളം മനസ്സിൽ താലോലിക്കാനിഷ്ടപ്പെടുന്ന ഒരു കാലമുണ്ട് പലർക്കും അതാണ് ബാല്യകാലം. ദീർഘകാലത്തിനു ശേഷം സ്കൂളുകൾ വീണ്ടും സജീവമായപ്പോൾ കുട്ടിക്കാലത്തെ കുറുമ്പുകളും സ്കൂൾ ഓർമകളും പങ്കുവയ്ക്കുകയാണ് ജില്ലയിലെ പ്രമുഖർ.
അന്ന് അപ്പച്ചന്റെ കൈപിടിച്ച് ചക്കാമ്പുഴ ഗവൺമെന്റ് യുപി സ്കൂളിലേക്ക് പോയ ദിവസം ഇന്നത്തെ പോലെ മനസ്സിലുണ്ട്. വീടിനു ഒരു കിലോമീറ്ററോളം അകലെയാണ് സ്കൂൾ. ആശാൻ കളരിയിൽ ഒപ്പമുണ്ടായിരുന്ന സിബി, സജി, വിൻസെന്റ്, രാജൻ, ലാലു എന്നിവരൊക്കെ സ്കൂളിലും കൂടെ ഉണ്ടായിരുന്നു. പാണ്ടിയാലയ്ക്കൽ ആശാന്റെ അടുത്തുനിന്ന് അക്ഷരമൊക്കെ അഭ്യസിച്ചിട്ടായിരുന്നു ഒന്നാം ക്ലാസിൽ ചേർന്നത്. അന്ന് നാരായംകൊണ്ട് ഓലയിലാണ് അക്ഷരം എഴുതുന്നത്. അന്നത്തെ ഓലക്കെട്ട് ഏറെക്കാലം എന്റെ സ്വകാര്യ ശേഖരത്തിൽ ഉണ്ടായിരുന്നു.
∙ മന്ത്രി റോഷി അഗസ്റ്റിൻ
പുറപ്പുഴ ഗവ. എൽപി സ്കൂളിലാണ് ഒന്നാം ക്ലാസിൽ ചേർന്നത്. നിലത്തെഴുത്ത് ആശാന്റെ കീഴിൽ മലയാള അക്ഷരങ്ങൾ പഠിച്ച ശേഷമായിരുന്നു സ്കൂളിലേക്ക് പോയത്. സ്കൂൾ പ്രവേശന ദിവസം വളരെ സന്തോഷകര മായിരുന്നു. ഞാൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് ഇപ്പോഴത്തെ സ്കൂൾ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്. കുട്ടികളെ സ്കൂളിലേക്ക് നിർബന്ധിച്ച് കൊണ്ടു വരുന്നതിനു പകരം അവരെ സമ്മാനങ്ങളും മധുരവും നൽകി ക്ലാസിലേക്ക് സ്വീകരിക്കണം. പഠനം കൂടുതൽ രസകരമായി മാറ്റണം.
∙ പി.ജെ.ജോസഫ് , എംഎൽഎ
അച്ഛന്റെ കൈപിടിച്ച് ഒന്നാം ക്ലാസിൽ ചേരാനെത്തിയതാണ് അന്ന് ഞാൻ. വാഴൂർ പതിനെട്ടാം മൈൽ സെന്റ് ജോർജ് എൽപി സ്കൂളിൽ (ഇപ്പോൾ യുപി സ്കൂൾ) ഒരു കൊച്ചു പള്ളിക്കൂടം. വിശാലമായ മുറ്റത്തുനിന്ന് ഇടതുവശത്തുള്ള കെട്ടിടത്തിലേക്ക് അച്ഛൻ കൈപിടിച്ച് നടന്നു. ക്ലാസിനു മുന്നിലെത്തിയപ്പോൾ അച്ഛൻ ഒരു കുഞ്ഞ് ബാഗ് കയ്യിൽ പിടിപ്പിച്ചു. നെറ്റിയിൽ ഉമ്മവച്ചു പറഞ്ഞു, മോൻ ക്ലാസിൽ പോയി കുട്ടികളുടെ കൂടെ ഇരുന്നോളൂ. അച്ഛൻ ഉച്ചയ്ക്ക് വരാം. അച്ഛൻ സ്‌കൂളിൽ ചേരുന്നില്ല എന്ന മഹാസത്യം വെളിവായ നിമിഷത്തിൽ സ്‌കൂൾ മുഴുവൻ കേൾക്കുന്ന ശബ്ദത്തിൽ ഞാൻ നിലവിളിക്കാൻ തുടങ്ങി. കർക്കശക്കാരിയായ, കറുത്ത ചില്ലുള്ള കണ്ണട വച്ച ടീച്ചർ പുറത്തേക്കുവന്ന് അച്ഛനോടാജ്ഞാപിച്ചു: ‘പോയിട്ട് ഉച്ചയ്ക്ക് വന്നാൽ മതി. ഞാൻ ഒതുക്കിക്കോളാം.’ ഒതുക്കുന്നത് ടീച്ചർമാരുടെ കലയാണെന്ന് തിരിച്ചറിഞ്ഞത് അപ്പോൾ മുതലാവണം.
∙ വാഴൂർ സോമൻ, പീരുമേട് എംഎൽഎ
കുണ്ടള ഈസ്റ്റ് ഡിവിഷനിൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എൽപി സ്കൂൾ. അവിടെയായിരുന്നു ഒന്നാം ക്ലാസിൽ ചേർന്നത്. വീടിന്റെ തൊട്ടടുത്തായിരുന്നു സ്കൂൾ. അച്ഛൻ സ്കൂളിലേക്ക് കൊണ്ടുവിടുമായിരുന്നു. മൂന്നാം തീയതി പ്രവേശനോത്സവത്തിനായി വീണ്ടും എന്റെ സ്കൂളിലെത്തുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.
∙ എ.രാജ , ദേവികുളം എംഎൽഎ
കരച്ചിലിന്റെ ദിവസമായിരുന്നു ആദ്യ സ്കൂൾദിനം. ഉത്തർപ്രദേശിൽ ഗൊരഖ്പൂരിലെ ഗ്രാമത്തിലായിരുന്നു ജനനം. അഞ്ചാം വയസ്സിൽ 12 കിലോമീറ്റർ ദൂരെ പട്ടണത്തിലെ സരസ്വതി ശിശുമന്ദിർ സർക്കാർ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒന്നാം ക്ലാസിലെ ആദ്യദിനം മാതാപിതാക്കളുടെ കൈ പിടിച്ചാണ് സ്കൂളിൽ എത്തിയത്. അധ്യാപകരെയും മറ്റ് കുട്ടികളെയുമൊക്കെ കണ്ടപ്പോൾ ആദ്യം പരിഭ്രമവും കരച്ചിലുമൊക്കെയായിരുന്നെങ്കിലും വളരെ പെട്ടെന്ന് അവരുമായി ഇഴുകിച്ചേരാൻ കഴിഞ്ഞു. പിന്നെ സ്കൂളിൽ പോകാൻ ആവേശമായിരുന്നു. കേരളത്തിലെപ്പോലെ പ്രവേശനോത്സവമൊന്നും അവിടെ ഉണ്ടായിരുന്നില്ല.
∙ രാഹുൽ കൃഷ്ണ ശർമ, ദേവികുളം സബ് കലക്ടർ
എഴുത്താശാന്റെ പരിശീലനവും അങ്കണവാടിയും കഴിഞ്ഞ് ഒന്നാം ക്ലാസിലേക്കു പോയവരാണ് ഞങ്ങൾ. അതുകൊണ്ടു സ്കൂളിലെത്തുമ്പോൾ കരച്ചിലും ബഹളങ്ങളുമൊന്നും അന്നുണ്ടായിരുന്നില്ല. വല്യമ്മയുടെ കൈപിടിച്ചാണ് ആദ്യമായി സ്കൂളിൽ പോയത്. മേലുകാവ് എള്ളുമ്പ്രത്തെ സിഎംഎസ് എൽപി സ്കൂളിലായിരുന്നു ചേർന്നത്. ഒന്നാം ക്ലാസിലെ പ്രവേശിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അറിവിന്റെ ലോകത്തിലേക്ക് സ്വാഗതം. സ്നേഹവും കരുതലും പങ്കുവയ്ക്കലുമൊക്കെ ജീവിതത്തിനൊപ്പം കൂട്ടാൻ നിങ്ങൾക്കു സാധിക്കട്ടെ
∙ ഷീബ ജോർജ്, ഇടുക്കി കലക്ടർ
ചുട്ടിത്തോർത്തായിരുന്നു അന്നത്തെ സ്കൂളിൽ പോകാനുള്ള വേഷം. ചുട്ടിത്തോർത്ത് ഉടുത്ത് രാവിലെ ഇറങ്ങും. സ്കൂളിലെത്തും. വൈകുന്നേരം തിരിച്ചുവരുന്ന സമയത്ത് സമീപത്തെ കണ്ടത്തിലിറങ്ങി ഉടുത്തിരിക്കുന്ന ചുട്ടിത്തോർത്തെടുത്ത് മീൻ പിടിക്കും. ഒരു ദിവസം വരുന്ന വഴിക്കാണ് ഒരു മുദ്രവാക്യം കേട്ടത്. ഇൻക്വിലാബ് സിന്ദാബാദ്. മുദ്രാവാക്യം കേട്ടതോടെ ഉച്ചത്തിൽ വിളിച്ച് വീട്ടിലേക്കുപോയി. പിറ്റേന്ന് സ്കൂളിൽ അധ്യാപകർ മുദ്രാവാക്യം വിളിച്ചോന്ന് ചോദിച്ച് ബഞ്ചിൽ കയറ്റി നിർത്തി അടിച്ചു. അന്ന് കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലമാണെന്നും മുദ്രാവാക്യം വിളിച്ചാൽ വീട്ടിലുള്ളവർ കമ്യൂണിസ്റ്റാണെന്ന് കരുതുമെന്നും വീട്ടുകാരെ അറസ്റ്റ് ചെയ്യുമെന്നും അടി കിട്ടിയ ശേഷമാണ് മനസ്സിലായത്.
∙ എം.എം.മണി, ഉടുമ്പൻചോല എംഎൽഎ
അണക്കര ഗവ. ഹൈസ്കൂളിലായിരുന്നു ഒന്നാം ക്ലാസിൽ ചേർന്നത്. പുല്ലുമേഞ്ഞ സ്കൂളായിരുന്നു അന്ന്. മൂന്നു ഷിഫ്റ്റുകളിലായിട്ടായിരുന്നു ക്ലാസ്. നനഞ്ഞോടിയായിരുന്നു കുട്ടികൾ സ്കൂളിലെത്തിയിരുന്നത്. തമിഴ്– മലയാളം വിദ്യാർഥികൾ അന്നു അവിടെ പഠിക്കുന്നുണ്ടായിരുന്നു. സ്കൂളിൽ ചേർക്കുമ്പോൾ എല്ലാവരുടെയും ജന്മദിനം മേയ് ആയിരിക്കും. പലരുടെയും യഥാർഥ ജന്മദിനം നഷ്ടപ്പെട്ട കൂട്ടത്തിൽ എന്റെയും ജന്മദിനം നഷ്ടപ്പെട്ടു. ഒന്നാം ക്ലാസിലെത്തിയതിന്റെ വലിയൊരു ഓർമയായി ഇന്നും അത് അവശേഷിക്കുന്നു. കല്ലു പെൻസിലുമെത്തായിരുന്നു സ്കൂളിലേക്കു പോയിരുന്നത്. പേനയൊക്കെ കയ്യിലെത്തിയത് അഞ്ചാം ക്ലാസിനു ശേഷം മാത്രമായിരുന്നു.
∙ ജിജി കെ.ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കുട്ടിക്കാനത്തായിരുന്നു ഞാൻ ഒന്നാം ക്ലാസിൽ ചേർന്നത്. രാവിലെ വീട്ടിൽ ഭക്ഷണമൊക്കെ ഉണ്ടാക്കിത്തന്ന് ചെറിയൊരു ട്യൂഷൻ ക്ലാസും കഴിഞ്ഞായിരുന്നു അമ്മ എന്നെ സ്കൂളിലേക്കു വിട്ടിരുന്നത്. വീട്ടിൽനിന്ന് ആദ്യത്തെ ദിവസം മാത്രമാണ് സ്കൂളിൽ കൊണ്ടുപോയി വിട്ടത്. വരും ദിവസങ്ങളിൽ പ്രൈവറ്റ് ബസിൽ കൂട്ടുകാർക്കൊപ്പമായിരുന്നു യാത്ര. ഒന്നാം ക്ലാസിൽ ബീന ടീച്ചറായിരുന്നു പഠിപ്പിച്ചത്. കുട്ടികളെ നന്നായി മനസ്സിലാക്കുന്ന അധ്യാപിക. പുതുതായി സ്കൂളിലെത്തുന്ന കൂട്ടുകാർ നല്ല സൗഹൃദങ്ങളുണ്ടാക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ശ്രദ്ധിക്കുക. നന്നായി പഠിച്ചു മുന്നേറണം.
∙അർജുൻ പാണ്ഡ്യൻ , ജില്ലാ വികസന കമ്മിഷണർ
പുത്തൻ ഉടുപ്പും നിക്കറും ധരിച്ച് 2 ചേച്ചിമാർക്കും ചേട്ടനുമൊപ്പമുള്ള ഒന്നാം ക്ലാസിലേക്കുള്ള യാത്ര അന്നത്തെ പോലെ തന്നെ ഇപ്പോഴും ഓർമയിലുണ്ട്. ആദ്യ ദിനത്തിൽ ഉച്ചയോടെ പെയ്ത കനത്ത മഴ അടിമാലി ഗവ. സ്കൂളിൽനിന്ന് തിരികെ വീട്ടിലേക്കുള്ള കാൽ നട യാത്രയിൽ വേണ്ടുവോളം ആസ്വദിച്ചു. പുതുമണ്ണ് നിറഞ്ഞ റോഡ് ചെളിക്കണ്ടംപോലെയായിരുന്നു. ഇതിൽ ചവിട്ടിയും വെള്ളം തെറപ്പിച്ചുമുള്ള മടക്കയാത്ര. കാലിൽ ഇട്ടിരുന്ന വള്ളി ചെരുപ്പിൽനിന്ന് തല വരെ ചെളിവെള്ളം തെറിച്ചെത്തുന്നതും പുത്തൻ അനുഭവമായിരുന്നു.
∙ ബിനു അടിമാലി, സിനിമ താരം
Content Summary : School Memories