കാട്ടുപോത്തിന്റെ ഇടി, കാട്ടുകൊള്ളക്കാർ, ആന..; പക്ഷേ ഈ ജോലി നിങ്ങൾക്ക് ഇഷ്ടപ്പെടും; കാരണം?
24 മണിക്കൂറും ജാഗ്രത വേണ്ട ജോലി. പകലിന്റെ ജോലിഭാരം തീർക്കാൻ മറ്റു മനുഷ്യരെല്ലാം ക്ഷീണിച്ചു കിടന്നുറങ്ങുമ്പോൾപോലും ജാഗരൂകരായി പ്രകൃതിക്കും മനുഷ്യർക്കും കാവലാകുന്ന ഒരു കൂട്ടരുണ്ട്. കാടിനെയും മനുഷ്യരെയും ഒരു പോലെ പരിപാലിക്കാനുള്ള ചുമതല നിയോഗം പോലെ സ്വീകരിച്ചവർ. വനപാലകരെന്നു നമ്മൾ വിളിക്കുന്ന, കാടിന്റെ
24 മണിക്കൂറും ജാഗ്രത വേണ്ട ജോലി. പകലിന്റെ ജോലിഭാരം തീർക്കാൻ മറ്റു മനുഷ്യരെല്ലാം ക്ഷീണിച്ചു കിടന്നുറങ്ങുമ്പോൾപോലും ജാഗരൂകരായി പ്രകൃതിക്കും മനുഷ്യർക്കും കാവലാകുന്ന ഒരു കൂട്ടരുണ്ട്. കാടിനെയും മനുഷ്യരെയും ഒരു പോലെ പരിപാലിക്കാനുള്ള ചുമതല നിയോഗം പോലെ സ്വീകരിച്ചവർ. വനപാലകരെന്നു നമ്മൾ വിളിക്കുന്ന, കാടിന്റെ
24 മണിക്കൂറും ജാഗ്രത വേണ്ട ജോലി. പകലിന്റെ ജോലിഭാരം തീർക്കാൻ മറ്റു മനുഷ്യരെല്ലാം ക്ഷീണിച്ചു കിടന്നുറങ്ങുമ്പോൾപോലും ജാഗരൂകരായി പ്രകൃതിക്കും മനുഷ്യർക്കും കാവലാകുന്ന ഒരു കൂട്ടരുണ്ട്. കാടിനെയും മനുഷ്യരെയും ഒരു പോലെ പരിപാലിക്കാനുള്ള ചുമതല നിയോഗം പോലെ സ്വീകരിച്ചവർ. വനപാലകരെന്നു നമ്മൾ വിളിക്കുന്ന, കാടിന്റെ
24 മണിക്കൂറും ജാഗ്രത വേണ്ട ജോലി. പകലിന്റെ ജോലിഭാരം തീർക്കാൻ മറ്റു മനുഷ്യരെല്ലാം ക്ഷീണിച്ചു കിടന്നുറങ്ങുമ്പോൾപോലും ജാഗരൂകരായി പ്രകൃതിക്കും മനുഷ്യർക്കും കാവലാകുന്ന ഒരു കൂട്ടരുണ്ട്. കാടിനെയും മനുഷ്യരെയും ഒരു പോലെ പരിപാലിക്കാനുള്ള ചുമതല നിയോഗം പോലെ സ്വീകരിച്ചവർ. വനപാലകരെന്നു നമ്മൾ വിളിക്കുന്ന, കാടിന്റെ രക്ഷകർ.
Watch Also : ലോകത്തെ ഏറ്റവും ഭാഗ്യവാന്മാർക്കു കിട്ടുന്ന ജോലി
കാട്ടുകൊള്ളക്കാരെ കീഴ്പെടുത്തിയും കാടിറങ്ങുന്ന മൃഗങ്ങളെ തിരികെ കാട്ടിലേക്കയച്ചും കാടിനെ വിഴുങ്ങുന്ന കാട്ടുതീയണച്ചും രാപകലില്ലാതെ ജോലി ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ നിറയുമ്പോൾ എപ്പോഴെങ്കിലും ആഗ്രഹം തോന്നിയിട്ടില്ലേ വനംവകുപ്പിൽ ജോലി ലഭിച്ചെങ്കിലെന്ന്. കാടകങ്ങളുടെ കൗതുകങ്ങൾ കണ്ട്, കാട്ടുചോലകളുടെ പാട്ടു കേട്ട് ജോലി ചെയ്യണമെന്ന്. കാടിനോടുള്ള പ്രണയമോ സാഹസികതയോടുള്ള താൽപര്യമോ കൊണ്ടു മാത്രം വനംവകുപ്പിലെ ജോലി ആഗ്രഹിക്കരുതെന്ന് ജീവിതാനുഭവങ്ങളിലൂടെ പറയുകയാണ് വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ചില വനംവകുപ്പ് ഉദ്യോഗസ്ഥർ. അവരുടെ അനുഭവങ്ങളിലൂടെ ഈ ജോലിയെ അടുത്തറിയാം. അതിനുശേഷവും, ഇതാണെന്റെ വഴി എന്നു മനസ്സു പറയുന്നവർക്ക് ഈ ജോലി തിരഞ്ഞെടുക്കാം.
കോടിക്കണക്കിനു രൂപ വിലയുള്ള ചന്ദനമരങ്ങളാണ് മറയൂരുള്ളത്. ഒരു ചന്ദനമരക്കഷ്ണം പോലും ആരും മോഷ്ടിക്കാതിരിക്കാൻ ഊണും ഉറക്കവുമുപേക്ഷിച്ച് കാവൽ നിൽക്കുന്ന ഒട്ടേറെ ഉദ്യോഗസ്ഥരുണ്ട് മറയൂർ സാൻഡൽ ഡിവിഷനിൽ. കാടിന്റെ കാവൽക്കാരായ ഉദ്യോഗസ്ഥരിൽ ചിലർ കരിയർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു:-
സമയം: വൈകുന്നേരം 6
സന്ധ്യമയങ്ങിത്തുടങ്ങി ചനന്ദനമരങ്ങളുടെ കാവൽച്ചുമതലയുള്ളവർ പല സംഘങ്ങളായി ജീപ്പിൽ കാട്ടിലേക്ക് പുറപ്പെട്ടു തുടങ്ങി. നെറ്റ് പട്രോളിങ്ങിന് പോകാനുള്ള തയാറെടുപ്പിനിടയിൽ മറയൂർ സാൻഡൽ ഡിവിഷനിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീകുമാർ വി. ആർ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലിയെക്കുറിച്ച് വിശദീകരിച്ചു.
സാഹസികതയാണ് ഈ ജോലിയുടെ അടിസ്ഥാന സ്വഭാവം. പ്രകൃതിയുടെ അനിശ്ചിതത്വം ഈ ജോലിയെ സാരമായി ബാധിക്കാറുണ്ട്. സാഹചര്യങ്ങളോടു പെട്ടെന്ന് പൊരുത്തപ്പെടാനും അതനുസരിച്ച് പ്രതികരിക്കാനും കഴിയുന്നവർക്ക് ഈ ജോലി നന്നായിണങ്ങും. വനംവകുപ്പിലെ യൂണിഫോം ജീവനക്കാരുടെ ജോലി 24 മണിക്കൂറാണ്. വനസംരക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട ജോലി. വനത്തിനകത്തേക്കുള്ള അനധികൃത പ്രവേശനം തടയുക, സ്വാഭാവിക വനപ്രകൃതിക്ക് വിഘാതമുണ്ടാക്കുന്ന നടപടികളെ പ്രതിരോധിക്കുക, നായാട്ട്, മരംമുറി മുതലായവ തടയുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങളാണ് പ്രധാനമായും നിറവേറ്റേണ്ടത്. വന്യമൃഗങ്ങളെയും അവരുടെ ആക്രമണത്തിന് വിധേയരാകുന്ന ജനങ്ങളെയും ഒരുപോലെ പരിപാലിക്കേണ്ട ഉത്തരവാദിത്തവും വനം വകുപ്പുദ്യോഗസ്ഥർക്കുണ്ട്. ഓരോ ദിവസവും വളരെ വ്യത്യസ്തങ്ങളായ ജോലികളായിരിക്കും വനപാലകരെ കാത്തിരിക്കുന്നതെന്നും ശ്രീകുമാർ ഓർമിപ്പിച്ചു.
കാടിന് ഓരോ സമയത്തും ഓരോ ഭാവമാണ്. പകൽ സമയത്തുള്ള കാടല്ല രാത്രിയിലേത്... അങ്ങനെയങ്ങനെ കഥകളേറെ കേട്ടപ്പോൾ രാത്രിയിലെ കാടു കാണാനും വനപാലകരുടെ രാത്രിജോലിയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതലറിയാനുമൊരു കൗതുകം. ആവശ്യമറിയിച്ചപ്പോൾ നൈറ്റ് പട്രോളിങ് സംഘത്തോടൊപ്പം പോകാൻ ഞങ്ങൾ 3 പേരടങ്ങിയ സംഘത്തിന് അനുവാദം ലഭിച്ചു. ആവേശത്തോടെ ഞങ്ങൾ ക്യാമറയും മറ്റു സാമഗ്രികളുമായി ജീപ്പിന് പുറകിലത്തെ സീറ്റിൽ ഇടം പിടിച്ചു. പാറക്കല്ലുകളും കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ അതിസാഹസികമായി ഡ്രൈവർ ജീപ്പോടിച്ചപ്പോൾ സ്വയം വീഴാതെ നോക്കണോ, ക്യാമറയടങ്ങുന്ന സ്ഥാവരജംഗമങ്ങൾ തെറിച്ചു പോകാതെ സൂക്ഷിക്കണോ എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു ഞങ്ങൾ. പണ്ടെങ്ങോ പോയ കുടജാദ്രി യാത്രയിലെ ട്രെക്കിങ്ങിനേക്കാൾ തകർപ്പൻ യാത്രയായിരുന്നല്ലോ എന്നു മനസ്സിലോർത്തപ്പോഴേക്കും ഇറങ്ങാനുള്ള സ്ഥലമെത്തി.
സമയം: രാത്രി 8
കാട്ടിലിരുന്ന് കാടിന്റെയും കാടിനെക്കാക്കുന്നവരുടെയും കഥകൾ കേൾക്കുമ്പോൾ ചുമ്മാതങ്ങു കേൾക്കാൻ പറ്റുമോ?. അതിനു പറ്റിയ ആംബിയൻസ് ഒരുക്കണ്ടേ... ക്യാമറമാൻ ജസ്റ്റിൻ ആശയത്തിന്റെ ആദ്യ അമിട്ടു പൊട്ടിച്ചു. അതുകേട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ശരത്തിനും ആവേശമായി. ഉത്സാഹം ഒട്ടും ചോരാത്ത ഫോറസ്റ്റ് വാച്ചർമാർ അവിടവിടെ കിടന്ന ചുള്ളിക്കമ്പുകളെല്ലാം പെറുക്കിക്കൂട്ടി പാറക്കൂട്ടത്തിനു മുകളിൽ തീയൊരുക്കി. അതിന്റെ പശ്ചാത്തലത്തിൽ മനസ്സു നിറയെ കഥകളും കൈയിൽ ആയുധവുമായി ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്രീകുമാർ. എസ് തന്റെ കരിയർ അനുഭവങ്ങൾ പങ്കുവച്ചു.
ഉത്തരവാദിത്തമേറെ, വെല്ലുവിളികളും
∙ ശ്രീകുമാർ എസ്., ബീറ്റ് ഫോറസ്റ്റ് ഓഫിസർ, മറയൂർ സാൻഡൽ ഡിവിഷൻ
അതീവ ജാഗ്രത വേണ്ട ജോലിയാണ് വനപാലകരുടേത്. അമൂല്യമായ ചന്ദനമരങ്ങളുടെ കാവൽ എന്നത് ഏറെ ഉത്തരവാദിത്തമുള്ള ജോലിയായതിനാൽ സ്റ്റാഫിന് അമിത സമ്മർദ്ദം വരാത്ത രീതിയിലാണ് ജോലി ക്രമീകരിക്കുന്നത്. ചന്ദനമരങ്ങൾ അധികമുള്ള സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ വിന്യസിച്ചും മോഷണസാധ്യത കൂടുതലുള്ള മേഖലകളെ ഘട്ടം ഘട്ടമായി തിരിച്ച് അതിന്റെ സംരക്ഷണച്ചുമതലക്കായി കൂടുതൽപേരെ ചുമതലപ്പെടുത്തിയുമൊക്കെ ജോലിയുടെ സമ്മർദ്ദം ലഘൂകരിച്ചാണ് മുന്നോട്ടു പോകുന്നത്. എങ്കിലും ഓരോ ജീവനക്കാരനും അതീവ ജാഗ്രത പുലർത്തിയേ മതിയാകൂ. വൈകിട്ട് 6 മണിക്ക് തുടങ്ങി രാവിലെ ആറുമണി വരെ തുടരുന്ന ഡ്യൂട്ടി ഷെഡ്യൂളുണ്ട്. ഈ സമയങ്ങളിലെല്ലാം ചുമതലപ്പെട്ട സ്ഥലങ്ങളിൽ ഓരോ സംഘങ്ങളായി പട്രോളിങ് നടത്തി ചന്ദനമരങ്ങളുടെ സുരക്ഷ ഉറപ്പാക്കും. എപ്പോൾ വേണമെങ്കിലും കാട്ടു കള്ളന്മാരാലും കാട്ടുമൃഗങ്ങളാലും ആക്രമിക്കപ്പെടാവുന്ന ജോലിയായതുകൊണ്ട് ആയുധം കൈവശം വയ്ക്കാനും ജീവന് ഭീഷണി വരുന്ന ഘട്ടത്തിൽ ആയുധങ്ങൾ പ്രയോഗിക്കാനും അനുവാദമുണ്ട്. പക്ഷേ കേരളത്തിലെ കാടുകളിൽ ഇതുവരെ അത്തരം ഭീകരാനുഭവങ്ങളൊന്നും ഉണ്ടാകാത്തതുകൊണ്ട് ആയുധങ്ങൾ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.
സമയം: രാത്രി 12
ജോലി തുടങ്ങിയിട്ട് 6 മണിക്കൂർ പിന്നിട്ടിട്ടും വനപാലകരുടെ കണ്ണുകളിൽ ക്ഷീണത്തിന്റെ ലാഞ്ചന പോലുമില്ല. ആവേശമൊട്ടും ചോരാതെ അവർ കാടിന്റെ വന്യതയുടെ കഥകളുടെ കെട്ടഴിച്ചു. ഇക്കുറി അനുഭവങ്ങൾ പങ്കുവച്ചത് നാച്ചിവയൽ ഫോറസ്റ്റ് ഡിവിഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരാണ്.
ഇടിച്ചുതെറിപ്പിച്ച കാട്ടുപോത്ത്
∙ അനീഷ് ജോസഫ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, നാച്ചിവയൽ
കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ സർക്കാർ സംരക്ഷിക്കുമ്പോൾ അതിലൊന്നു പോലും നഷ്ടപ്പെടാതെ കാക്കുക എന്ന ഉത്തരവാദിത്തം ഈ വകുപ്പിലെ ഉദ്യോഗസ്ഥർക്കുണ്ട്. പ്രവചനാതീതമായ പല സംഭവങ്ങളായിരിക്കും ഈ ജോലി ഓരോ ദിവസവും കാത്തുവയ്ക്കുന്നത്. ക്യാംപുകളിലൊക്കെ പോകുന്ന സമയത്ത് ആന, കാട്ടുപോത്ത് ഇവയൊക്കെ ആക്രമിച്ചിട്ടുണ്ട്. ഒരിക്കൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. വയ്യാതെ കിടക്കുന്ന ഒരു കാട്ടുപോത്തിനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ആ അപകടം. കാട്ടുപോത്ത് കിടക്കുന്നതിന് ഏകദേശം അടുത്തെത്തിയപ്പോൾ അത് എഴുന്നേറ്റു വന്ന് ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുപ്പതു മീറ്ററോളം തെറിച്ചു പോയി ഒരു മരക്കുറ്റിയിൽ കൊണ്ട് കഴുത്തു മുറിഞ്ഞു. അന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. ഇതുപോലെ ഒരുപാട് അപകടങ്ങളും വെല്ലുവിളികളും ഈ ജോലിയിലുണ്ട്. മരംമുറി കേസ്, നായാട്ട്, അനധികൃത കയ്യേറ്റം, കാട്ടു തീ അണയ്ക്കുക അങ്ങനെ വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് ഓരോ ദിവസവും വനംവകുപ്പ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ടത്.
‘കാടിന്റെ നിയമ’മറിയണം
∙ സന്തോഷ് പി., സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, നാച്ചിവയൽ
2002 ലാണ് സർവീസിൽ കയറുന്നത്. ജോലിയിൽ പ്രവേശിച്ച് ഏകദേശം ഒന്നരമാസം ആയപ്പോൾ ശബരിമല കാട്ടിൽ ജോലി ചെയ്യുന്ന സമയത്ത് ആന ഓടിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് അന്നു രക്ഷപ്പെട്ടത്. അടുത്തിടെ ഞങ്ങളുടെ ഒപ്പം ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ കാട്ടുപോത്ത് കുത്തിപ്പരുക്കേൽപിച്ചിരുന്നു. ഇങ്ങനെയുള്ള അപകടങ്ങളെ അതിജീവിക്കുന്നതുകൊണ്ടു തന്നെ ഈ ജോലിയിലെ അനുഭവ പരിചയം വച്ച് വന്യജീവികളുടെ സാന്നിധ്യം വേഗം തിരിച്ചറിയാൻ സാധിക്കും. കാറ്റിന്റെ ദിശ, ഗന്ധം ഇവയിലൂടെ ആനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യം തിരിച്ചറിയാം. അങ്ങനെ അറിഞ്ഞാൽ ആരാണോ ആദ്യം കാണുന്നത് അവർ വഴിമാറിപ്പോവുക എന്നതാണ് കാടിന്റെ നിയമം. ആദ്യം മനുഷ്യനാണ് കാണുന്നതെങ്കിൽ മൃഗങ്ങളുടെ വഴിയിൽനിന്ന് മാറിപ്പോകണം. മൃഗങ്ങളാണ് മനുഷ്യന്റെ സാന്നിധ്യം അറിയുന്നതെങ്കിൽ അവർ മാറിപ്പോകും. ഇത്തരം അനുഭവങ്ങളാണ് ഈ ജോലിയുടെ ഹരവും.
∙∙∙
പുലർച്ചെ 1 മണി
കാടിനുള്ളിലായിട്ട് ഒരു ദിനം പിന്നിട്ടു കഴിഞ്ഞു. ഒട്ടും മടുപ്പോ ക്ഷീണമോ ഇല്ലാതെ കഥകളങ്ങനെ ഒഴുകുകയാണ് കാട്ടരുവി പോലെ.
കുറ്റാക്കൂറ്റിരിട്ടിലും കാട്ടിൽ റോന്തു ചുറ്റുകയും ചന്ദനമരങ്ങൾ കടത്താനെത്തുന്ന കൊള്ളക്കാരെ കീഴ്പ്പെടുത്തുകയുമൊക്കെ ചെയ്യേണ്ട ജോലിയായതുകൊണ്ട് വനംവകുപ്പിലെ യൂണിഫോം ജോലികളിൽ പുരുഷന്മാർ മാത്രമേയുള്ളൂവെന്ന് കരുതരുത്. മനക്കരുത്തുകൊണ്ട് ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കരുത്തുള്ള വനിതകളും കാടിനു കാവലായുണ്ട്.
കാടിനെ കൈവള്ള പോലെ അറിയാവുന്നവരാണ് വനംവകുപ്പിലെ വാച്ചർമാർ. കാട്ടിലെ ആദിവാസി ഊരുകളിൽ താമസിക്കുന്നവരെയാണ് ഈ ജോലിക്കായി വനംവകുപ്പ് തിരഞ്ഞെടുക്കുന്നത്. കാടിന്റെ ഓരോ ഇലയനക്കവും കാട്ടുമൃഗങ്ങളുടെ ഓരോ ചുവടുവയ്പും അവർക്കറിയാം. കാട് അവരെയും അവർ കാടിനെയും അത്രയും സ്നേഹിക്കുന്നുണ്ട്. കാട്ടിൽ ജനിച്ചു വളർന്ന് കാട്ടിൽത്തന്നെ ജോലി ചെയ്യുന്ന ഫോറസ്റ്റ് വാച്ചർമാർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിങ്ങനെ :-
ചെറുപ്പം മുതലുള്ള സ്വപ്നം
∙ ശാന്തി, ഫോറസ്റ്റ് വാച്ചർ, നാച്ചിവയൽ
ചെറുപ്പം മുതലേ കാടുമായി ബന്ധപ്പെട്ട് ജോലി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ട് കാട്ടിലാണ് ജനിച്ചു വളർന്നത്. പൊതുവെ പുരുഷന്മാരാണ് ഈ മേഖലയിൽ കൂടുതൽ ജോലി ചെയ്യുന്നത്. പക്ഷേ പുരുഷന്മാർ ചെയ്യുന്ന എല്ലാ ജോലിയും സ്ത്രീകൾക്കും ചെയ്യാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഈ ജോലിയിലേക്ക് വന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ പലവട്ടം അതിജീവിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ മരണത്തെ മുഖാമുഖം കണ്ട ഒരു സന്ദർഭത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അത്തരം അനുഭവങ്ങളെ അതിജീവിക്കുമ്പോൾ മനോധൈര്യവും കൂടും.
ധൈര്യം വേണ്ട ജോലി
∙ വനിതാമണി, ഫോറസ്റ്റ് വാച്ചർ, നാച്ചിവയൽ
ചട്ടമൂന്നാറിലെ ചെക്ക് പോസ്റ്റിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. ഞങ്ങൾ 4 വനിതകളുണ്ടായിരുന്നു. ഇപ്പോൾ നൈറ്റ് ഫീൽഡിലാണ് ജോലി ചെയ്യുന്നത്. 20 വർഷമായി ജോലി ചെയ്യുന്നു. ധൈര്യം ഉണ്ടെങ്കിൽ മാത്രമേ ഈ ജോലി ചെയ്യാൻ പറ്റൂവെന്നാണ് അനുഭവത്തിൽനിന്ന് പറയാനുള്ളത്.
കാടിനെ നന്നായറിയാം, കാട്ടുകള്ളന്മാരെയും
∙ ചിന്നൻ, ഫോറസ്റ്റ് വാച്ചർ, മറയൂർ സാൻഡൽ ഡിവിഷൻ
ആദിവാസി ഊരിൽ നിന്നുള്ള ആളായതുകൊണ്ട് കള്ളന്മാർ വരുന്ന വഴിയും കാട്ടുതീ പടരുന്ന സ്ഥലങ്ങളും ഒക്കെ ഞങ്ങൾക്ക് നന്നായറിയാം. കാടിനെ നന്നായറിയാവുന്നതുകൊണ്ടും ഇവിടെ കുടിൽകെട്ടി താമസിക്കുന്നതു കൊണ്ടുമാണ് വനം വകുപ്പ് ഞങ്ങളെ ഫോറസ്റ്റ് വാച്ചർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. കള്ളന്മാരുടെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കണം. അതുപോലെ കാട്ടുമൃഗങ്ങളുടെ ആക്രമണവും. മനുഷ്യർ ഏതു സമയത്താണ് കൃഷിയിറക്കുന്നതെന്നും വിളവെടുക്കുന്നതെന്നുമൊക്കെ കാട്ടുമൃഗങ്ങൾക്ക് നന്നായറിയാം. അതൊക്കെ മനസ്സിലാക്കിയാണ് അവർ വിളകൾ തിന്നാനിറങ്ങുന്നത്. കൊടും മഞ്ഞിലും കൊടും മഴയിലും ഞങ്ങൾ കാട്ടിൽ റോന്തു ചുറ്റുന്ന ജോലി മുടക്കാറില്ല. കാടിനുള്ളിലെ ഷെഡിൽ വന്ന് വസ്ത്രങ്ങൾ ഉണക്കിയും കട്ടൻചായയിട്ട് കുടിച്ച് ഉറക്കത്തെ അകറ്റിയുമൊക്കെയാണ് വെളുക്കുവോളം ചന്ദനക്കാടിന് കാവൽ നിൽക്കുന്നത്.
∙∙∙
മറയൂർ ചന്ദനക്കാട്ടിൽ നിന്ന് പുലർച്ചെ തിരിച്ചെത്തി. ഒന്നു മയങ്ങിയുണർന്ന ശേഷമാണ് ആ കാര്യം ഓർമ വന്നത്. 24 മണിക്കൂർ ഡ്യൂട്ടിയിലെ പകുതി വിശേഷങ്ങളെ അറിഞ്ഞിട്ടുള്ളൂ. പകൽ എന്തൊക്കെ ജോലികളായിരിക്കും വനംവകുപ്പുദ്യോഗസ്ഥർക്ക് ചെയ്യാനുണ്ടാവുക. ആ കഥകളുടെ ബാക്കിയറിയാൻ നേരെ പീരുമേട്ടിലേക്ക് വിട്ടു. അവിടെ പെരിയാർ ടൈഗർ റിസർവിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ മുതൽ ബീറ്റ് ഫോറസ്റ്റ് വരെയുള്ളവർ വർഷങ്ങൾ നീണ്ട അവരുടെ കരിയർ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
വനം കയ്യേറ്റം മുതൽ കാട്ടുതീ വരെ നീളുന്ന പ്രശ്നങ്ങളെക്കുറിച്ചും കാടനുഭവങ്ങളെക്കുറിച്ചും പെരിയാർ കടുവാ സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ : -
പാരാമിലിട്ടറി വിങ്ങിലെ ജോലിക്ക് തുല്യം
∙ കെ.വി. ഹരികൃഷ്ണൻ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, പെരിയാർ ടൈഗർ റിസർവ്
പെരിയാർ കടുവാ സങ്കേതത്തിലും കേരള വനംവകുപ്പിലും ഹെഡ് ഓഫ് ഫോറസ്റ്റ് ഓഫിസർ മുതൽ വാച്ചർ വരെയുള്ള വിവിധ തസ്തികകളിലായി നിരവധിയാളുകൾ ജോലി ചെയ്യുന്നുണ്ട്. ഡിഎഫ്ഒ, റേഞ്ച് ഓഫിസർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ, സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ സ്ഥിരം തസ്തികകളുണ്ട്. പിഎസ്‌സി മുഖേനയാണ് നിയമനം. ഒരേ സമയം വെല്ലുവിളി നിറഞ്ഞതും രസകരവുമായ ജോലിയാണിത്. കേരള വനംവകുപ്പിലെ ജോലി ഒരു പാരാമിലിട്ടറി വിങ്ങിലെ ജോലിക്ക് തുല്യമാണ്.
അവിസ്മരണീയമായ സംഭവങ്ങൾ കൂടുതൽ ഉണ്ടായിട്ടുള്ളത് മറയൂർ ഡിവിഷനിലാണ്. ഏറ്റവും വിലയേറിയ ചന്ദനമരങ്ങൾ സ്ഥിതി െചയ്യുന്ന റിസർവ് ആണത്. മറയൂർ റേഞ്ചിൽ ജോലി ചെയ്യുന്ന സമയത്ത് ചന്ദനക്കൊള്ളക്കാരെ പിടിക്കാൻ ഡൽഹിയിലും കോയമ്പത്തൂരിലും സേലത്തും പോയി വളരെ വെല്ലുവിളി നിറഞ്ഞ ഓപ്പറേഷനുകൾ ചെയ്തിട്ടുണ്ട്. അതിൽ ഓർമയിൽ തങ്ങി നിൽക്കുന്നത് കോയമ്പത്തൂരിൽ പോയി നാമക്കൽ മസ്താൻ എന്ന പ്രസിദ്ധ ചന്ദനമോഷ്ടാവിനെ പിടികൂടിയതാണ്. ജീവൻ പണയം വച്ചുള്ള ആ ഓപ്പറേഷനിൽ ഞങ്ങളുടെ ടീം 2008 ൽ നാമക്കൽ മസ്താനെ പിടികൂടി ദേവികുളം കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചു. നാമക്കൽ മസ്താൻ പിടിയിലായതോടെ മറയൂരിലെ ചന്ദനക്കൊള്ള ഏറിയ പങ്കും കുറഞ്ഞു.
Watch Also : കാട്ടിലേക്ക് ഉല്ലാസയാത്ര പോകുന്ന മൂഡിൽ ഈ ജോലിയിലേക്ക് വരരുത്!
പ്രകൃതിയോടുള്ള ഇഷ്ടം മാത്രം പോരാ
∙ ജ്യോതിഷ് ജെ. ഒഴാക്കൽ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ, പെരിയാർ ടൈഗർ റിസർവ്
ഈ ജോലിയിൽ ഓരോ ദിവസവും പുതിയ പുതിയ വെല്ലുവിളികളും പുതിയ അനുഭവ ങ്ങളുമായിരിക്കും വനംവകുപ്പുദ്യോഗസ്ഥ രെ കാത്തിരിക്കുന്നത്. പുറമേനിന്ന് നോക്കുമ്പോൾ വളരെ രസകരമായ ജോലിയായി തോന്നും. കാട്ടിലേക്കു യാത്ര പോകാനിഷ്ടമാണ്, സാഹസികത ഇഷ്ടമാണ് അതുകൊണ്ട് ഈ ജോലി രസകരമായി ആസ്വദിക്കാം എന്ന മിഥ്യാധാരണയോടെ ആരും വനംവകുപ്പിലേക്ക് വരരുത്. കാരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതും അപകടകരങ്ങളുമായ നിരവധി സാഹചര്യങ്ങളിലൂടെ കടന്നു പോകണ്ടുന്ന ഒരു ജോലിയാണിത്. പ്രകൃതിയോടുള്ള ഇഷ്ടംകൊണ്ടു മാത്രം വന്നാൽ കുറച്ചു കഴിയുമ്പോൾ ജോലിയിൽ വിരസത അനുഭവപ്പെടാം. കൂടുതൽ പഠിക്കാനും ജോലി ചെയ്യാനും ഒരു പോലെ ആഗ്രഹമുള്ളവർക്ക് തീർച്ചയായും തിളങ്ങാൻ കഴിയുന്ന ഒരു ജോലിയാണിത്.
സമയം: വൈകിട്ട് 4
രാവിലെ മറയൂരിൽ നിന്ന് പുറപ്പെട്ട് വെകുന്നേരം 4 മണികഴിഞ്ഞപ്പോൾ പെരിയാർ ടൈഗർ റിസർവിലെത്തി. ഡിഎഫ്ഒയുടെ ത്രില്ലിങ് കരിയർ അനുഭവങ്ങൾ കേട്ട ശേഷം നേരെ കുട്ടിക്കാനം വയർലെസ് സ്റ്റേഷനിലേക്ക്. നാലുണിക്കും പൊള്ളുന്ന വെയിലാണ്. വെയിലും മഴയും മഞ്ഞും എത്രകൊണ്ടതാണെന്നും ഇനിയെത്ര കൊള്ളാനുണ്ടെന്നും പറഞ്ഞുകൊണ്ട് ജീവിതത്തിന്റെ ചൂടുള്ള ജോലി അനുഭവങ്ങളെക്കുറിച്ച് അവർ മനസ്സു തുറന്നു.
വെല്ലുവിളികളുണ്ട്, എങ്കിലും കാട്ടിലെ ജോലിയും ജീവിതവും സുഖകരം
∙ സെൽവരാജ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, റാപിഡ് റെസ്പോൺസ് ടീം പീരുമേട്
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടേതിനു സമാനമായ ജോലിയാണ് റാപിഡ് റെസ്പോൺസ് ടീമിന് ചെയ്യാനുള്ളത്. വനമേഖലയോട് ചേർന്നുള്ള പ്രദേശമായതുകൊണ്ട് ഇവിടെ വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലാണ്. ആനയുടെ വരവാണ് കൂടുതൽ അപകടകരം. ആനയിറങ്ങിക്കഴിഞ്ഞാൽ രാത്രി ഒരു മണി, രണ്ടു മണി സമയത്തൊക്കെ ആളുകൾ ഞങ്ങളെ വിളിക്കും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ വളരെ പെട്ടെന്നു തന്നെ സ്ഥലത്തെത്തി വന്യജീവികളെ ഉപദ്രവിക്കാതെ സുരക്ഷിതമായി കാട്ടിലേക്കു കയറ്റി വിടാറുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കാറുണ്ട്.
കാടിനെന്നും വ്യത്യസ്തമായ സൗന്ദര്യമാണ്. ഒരു തവണ പോകുമ്പോൾ മരങ്ങളെല്ലാം തളിരിട്ടു നിൽക്കുന്നു. പിന്നെ ഇലകൊഴിഞ്ഞു നിൽക്കുന്നു. പിന്നെ പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു. മഴയാണെങ്കിൽ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും കട്ടി കൂടിയ മഴയാണ് പെയ്യുന്നത്. കൊടും തണുപ്പുകാലത്ത് മൂന്നാറിൽ ജോലിചെയ്യുമ്പോൾ വൈകുന്നേരങ്ങളിൽ തകര ഷീറ്റിനുള്ളില്‍ തീക്കനൽ കൂട്ടി ഇരുന്നാണ് തണുപ്പിനെ അതിജീവിച്ചത്. തിരിഞ്ഞു നോക്കുമ്പോൾ ജോലി കഷ്ടപ്പാടായൊന്നും തോന്നിയിട്ടില്ല. വ്യത്യസ്തവും രസകരവുമായ അനുഭവമായാണ് തോന്നുന്നത്. സൗകര്യങ്ങൾ കുറവാണെങ്കിലും നാട്ടിലേക്കാളും വനത്തിനുള്ളിലെ ജോലിയും ജീവിതം സുഖകരമാണ്.
ജോലിയിൽ ഓരോ ദിവസവും വ്യത്യസ്തം
∙ അനിൽ കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, റാപിഡ് റെസ്പോൺസ് ടീം പീരുമേട്
ഇഷ്ടപ്പെട്ടു തന്നെയാണ് ഈ ജോലി തിരഞ്ഞെടുത്തത്. വനമേഖലയിലുള്ളവർക്ക് ജോലി ചെയ്യാൻ പോലും പേടിയുള്ള കാലത്താണ് ഞങ്ങൾ സർവീസിൽ കയറിയത്. അന്ന് ഭയത്തോടെയാണ് കാട്ടിലേക്ക് പോയിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിൽ ഇടുക്കി ജില്ലയിലുള്ള ഏതു വനമേഖലയിലും കഞ്ചാവു കൃഷിക്കാരെയോ വേട്ടക്കാരയോ കള്ളവാറ്റുകാരെയോ പേടിക്കാതെ സുഖമായി സഞ്ചരിക്കാം. ജനങ്ങൾ വനസംരക്ഷണത്തെക്കുറിച്ചും തെറ്റുകൾ ചെയ്താൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും ബോധവാന്മാരാണ്. സാമൂഹിക പശ്ചാത്തലം വളരെയധികം മാറിയതിനാൽ വനമേഖലയിൽ ജോലി ചെയ്യുമ്പോൾ മനുഷ്യരെ പേടിക്കണ്ട ആവശ്യമില്ലാതായിട്ടുണ്ട്.
വനംവകുപ്പിന് പല വിഭാഗങ്ങളുണ്ട്. ഞങ്ങൾ ഇപ്പോൾ ജോലി ചെയ്യുന്നത് പെരിയാർ ടൈഗർ റിസർവിലെ വെസ്റ്റ് ഡിവിഷനിലാണ്. ഇത് വൈൽഡ് ലൈഫ് വിഭാഗമാണ്. ഇവിടെ ദിവസവും ഫീൽഡ് പരാംബുലേഷനുണ്ട്, ക്യാംപുകളുണ്ട്. ക്യാംപുകളുള്ളപ്പോൾ നാലോ അഞ്ചോ ദിവസം ഉൾക്കാട്ടിൽ താമസിക്കണം. ചില സ്ഥലങ്ങളിൽ ക്യാംപിങ് സ്റ്റേഷനുകളുണ്ട്. സ്ഥിരമായ ക്യാംപിങ് സ്റ്റേഷനുകൾ ഇല്ലാത്ത ഇടങ്ങളിൽ ടെന്റിലായിരിക്കും താമസം.
ആ സമയത്ത് പകലും രാത്രിയും വന്യജീവികൾ ക്യാംപിലേക്ക് വരാം. തീ കൂട്ടിയും ഒച്ചയുണ്ടാക്കിയും കാട്ടാനയെ അകറ്റാറുണ്ട്. അതൊക്കെ പ്രത്യേക അനുഭവമാണ്. ക്യാംപിന്റെ സമയത്തൊന്നും കൃത്യമായി ഉറങ്ങാൻ സാധിച്ചെന്നു വരില്ല. വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളായതിനാൽ നടന്നു തന്നെ പോകണം. മഴയുള്ള സമയത്ത് കുളയട്ടകളുടെ ശല്യമുണ്ടാകും. േവനൽക്കാലത്ത് മ്ലാവട്ടൻ എന്ന പ്രാണിയുടെ ശല്യമാണ് കൂടുതൽ. ഇതു കടിച്ചാൽ ശരീരത്തിൽ പാടുകളും അലർജിയുമുണ്ടാകും. ഇപ്പോൾ ഇത്തരം ബുദ്ധിമുട്ടുകളൊക്കെ ജീവിതത്തിന്റെ ഭാഗമാണ്.
വനംവകുപ്പിൽ വൈൽഡ് ലൈഫ്, ടെറിറ്റോറിയൽ, വിജിലൻസ്, സോഷ്യൽ ഫോറസ്ട്രി അങ്ങനെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യാൻ അവസരമുണ്ട്. പുതിയതായി ജോലിക്കു വരുന്നവർ ഒരിക്കലും ജോലി മടുപ്പിക്കുന്നതാണെന്ന് വിചാരിക്കരുത്. അങ്ങനെ ചിന്തിച്ചാൽ ഈ ജോലിയുമായി മുന്നോട്ടു പോകാൻ കഴിയില്ല. ഈ ജോലിയിലെ ഓരോ ദിവസത്തെയും അനുഭവം വ്യത്യസ്തമായിരിക്കും. കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ഇന്നു കാണുന്ന മൃഗത്തെ ആയിരിക്കില്ല നാളെ കാണുന്നത്. മൃഗങ്ങളെ വഴിമാറ്റി വിട്ടിട്ട് നമുക്ക് മുന്നോട്ടു സഞ്ചരിക്കാൻ കഴിയില്ല. പരമാവധി ശ്രമിച്ചു നോക്കുക. ശബ്ദമുണ്ടാക്കി നോക്കുക. വഴിമാറുന്ന ജീവിയാണെങ്കിൽ വഴി മാറിപ്പോകും. നമ്മൾ അവരെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവർ നമ്മളെ ആക്രമിക്കും. ഈ ജോലിയിലെ വെല്ലുവിളി എന്നു പറയുന്നത് ഈ 5 ജി കാലഘട്ടത്തിലും ക്യാംപിന് പോകുമ്പോൾ മൊബൈൽ േറഞ്ച് കിട്ടാറില്ല. വീടുമായി കമ്യൂണിക്കേഷൻ ബുദ്ധിമുട്ടായിരിക്കും. ഒരു അത്യാവശ്യം ഉണ്ടായാൽ എത്തിപ്പെടാൻ പ്രയാസമാണ് എന്നതൊക്കെയാണ്.
ആദ്യം ബുദ്ധിമുട്ടായിരുന്നു, പിന്നെ വേറേ ജോലി കിട്ടിയിട്ടും പോയില്ല
∙ ക്ലിന്റ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, റാപിഡ് റെസ്പോൺസ് ടീം പീരുമേട്
തേക്കടിയിലാണ് ജോലി തുടങ്ങുന്നത്. അവിടെ ഭയങ്കര അട്ടശല്യം ആയിരുന്നു. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയിരുന്നു. പിന്നീട് വേറെ ജോലി കിട്ടിയെങ്കിലും ഈ ജോലി കളയാൻ തോന്നിയില്ല. വനംവകുപ്പിലെ ജോലി വ്യത്യസ്തമാണ്. ടെറിട്ടോറിയൽ, വൈൽഡ് ലൈഫ് അങ്ങനെ ഓരോ വിഭാഗത്തിലും വ്യത്യസ്ത ജോലികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്. 2008 ൽ ആണ് മറയൂർ സാൻഡൽ ഡിവിഷനിൽ ജോലി ചെയ്തത്. ആ സമയത്തൊക്കെ മോഷണം കൂടുതലായിരുന്നതുകൊണ്ട് 15 ദിവസമൊക്കെ അടുപ്പിച്ച് ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനാൽ ആരോഗ്യ പ്രശ്നങ്ങളും ആ സമയത്ത് ഉണ്ടായിട്ടുണ്ട്.
വന്യമൃഗങ്ങളുമായി മുഖാമുഖം
∙ രഞ്ചു സി.ആർ., ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പെരിയാർ ടൈഗർ റിസർവ്
14 വർഷമായി വനം വകുപ്പിൽ ജോലി ചെയ്യുന്നു. ആദ്യം പോസ്റ്റിങ് കിട്ടിയത് മറയൂരിലായിരുന്നു. പിന്നീട് 10 വർഷത്തോളം എരുമേലി റേഞ്ചിലാണ് ജോലി ചെയ്തത്. പിന്നീട് 3 വർഷം മുക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്തു. ആർആർടിയിൽ വന്നിട്ട് അഞ്ചാറു മാസമേ ആകുന്നുള്ളൂ. ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതലുള്ള സ്ഥലമാണിവിടെ. പ്ലാക്കുതടം, കരടിക്കുഴി പോലെയുള്ള സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും റിസോർട്ടുകളുടെ പരിസരങ്ങളിലും വന്യമൃഗങ്ങൾ കാടിറങ്ങിയെത്താറുണ്ട്. വന്യമൃഗങ്ങളിറങ്ങുമ്പോൾ ഉടൻ തന്നെ ആർ ആർടി ടീം സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. ഒരു രാത്രിയിൽത്തന്നെ പലവട്ടം മൃഗങ്ങൾ കാടിറങ്ങുകയും അവരെ സുരക്ഷിതരായി വനത്തിലേക്ക് തിരിച്ചയയ്ക്കുകയും ജനങ്ങൾക്ക് സംരക്ഷണമേകുകയും ചെയ്തിട്ടുണ്ട്.
മുന്നിൽ കാട്ടാനയും കാട്ടുകൊള്ളക്കാരും
∙ ലെബിൻ സി. ശേഖർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പെരിയാർ ടൈഗർ റിസർവ്
കോതമംഗലം, മറയൂർ, നേര്യമംഗംലം, സത്രം തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ജോലിക്കിടയിൽ പലവട്ടം കാട്ടാനയുടെ മുന്നിൽപ്പെടുകയും ഭാഗ്യം കൊണ്ട് രക്ഷപെടുകയും ചെയ്തിട്ടുണ്ട്. മറയൂരിൽ ചന്ദനക്കൊള്ളക്കാരെ പിന്തുടർന്ന് തമിഴ്നാട് അതിർത്തിവരെ പോവുകയും ഒന്നുരണ്ടു വട്ടം കാട്ടുകള്ളന്മാരെ കീഴടക്കുകയും ചെയ്തിട്ടുണ്ട്.
ജോലിയിൽ തീവ്രമായ അനുഭവങ്ങൾ; അഭിമാനം
∙ ജോൺ പോൾ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പെരിയാർ ടൈഗർ റിസർവ്
12 വർഷമായി വനംവകുപ്പിൽ ജോലി ചെയ്യുന്നു. ആദ്യത്തെ നാലു വർഷം കോട്ടയം ജില്ലയിലെ എരുമേലി റേഞ്ചിൽ ടെറിട്ടോറിയൽ വിങ്ങിലായിരുന്നു. ഇപ്പോൾ പെരിയാർ ടൈഗർ റിസർവിലെ വെസ്റ്റ് ഡിവിഷനിലാണ്. ടെറിറ്റോറിയൽ വിങ്ങിൽ പ്രധാനമായും പ്ലാന്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആനിമൽ റെസ്ക്യൂ, കാട്ടു തീ അണയ്ക്കുക, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്. പശ്ചിമഘട്ടത്തിന്റെ ഏറ്റവും മർമപ്രധാനമായ പെരിയാർ ടൈഗർ റിസർവിൽ വളരെ അഭിമാനത്തോടെയാണ് ജോലി ചെയ്യുന്നത്. ജൈവവൈവിധ്യം കൊണ്ടും വനസമ്പത്തു കൊണ്ടുമൊക്കെ സമ്പുഷ്ടമായ ഈ വൈൽഡ് ലൈഫ് വിങ്ങിൽ ആറു വർഷമായി വിവിധ മേഖലകളിൽ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ മുന്നിൽനിന്ന് ഓടി മാറിയിട്ടുണ്ട്, മരത്തിൽ കയറി രക്ഷപ്പെട്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. കൊടും കാടിനുള്ളിൽ തുടർച്ചയായി ക്യാംപ് ചെയ്യേണ്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. വനപാലകൻ എന്ന നിലയിൽ തീവ്രമായ അനുഭവങ്ങളാണ് ഈ രണ്ടു മേഖലയിലെയും ജോലികൾ സമ്മാനിച്ചത്.
കുഞ്ഞു പുഴുക്കൾ മുതൽ കാട്ടാന വരെ: വന്യജീവിതം മുന്നിൽ
∙ അരുൺ ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പെരിയാർ ടൈഗർ റിസർവ്
വനം വകുപ്പിൽ എട്ടു വർഷമായി ജോലി ചെയ്യുന്നു. പെരിയാർ ടൈഗർ റിസർവിൽ വരുന്നതിന് മുൻപ് എരുമേലി, കുമരകം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ പമ്പാ റേഞ്ചിലാണ്. നിലവിൽ വൈൽഡ് ലൈഫ് വിങ്ങിലാണ് കാടുമായി ഏറ്റവും അടുത്ത് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായത്. കുഞ്ഞു പുഴുക്കൾ മുതൽ കാട്ടാന വരെയുള്ളവയെ നേരിൽ കാണാൻ സാധിച്ചു. ക്യാംപുകളിൽ പോകുമ്പോൾ പല തരത്തിലുള്ള മൃഗങ്ങളെയും മരങ്ങളെയും ഒക്കെ കാണാൻ അവസരം ലഭിക്കും.
പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാത്ത ജോലി
∙ ബിസ്മി കെ.ബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പെരിയാർ ടൈഗർ റിസർവ്
ആറു വർഷമായി വനംവകുപ്പിൽ ജോലി ചെയ്യുന്നു. ആദ്യമായി ജോലിയിൽ പ്രവേശിച്ചത് പ്ലാച്ചേരി സ്റ്റേഷനിലെ ടെറിട്ടോറിയൽ വിങ്ങിലായിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്നത് വൈൽഡ് ലൈഫ് വിങ്ങിലാണ്. പഠിച്ചത് ബിഎസ്‌സി ബോട്ടണിയാണ്. ഡിഗ്രി പൂർത്തിയാക്കി ആറുമാസത്തിനു ശേഷമാണ് വനംവകുപ്പിൽ ജോലി ലഭിച്ചത്. വനംവകുപ്പിൽ പുരുഷന്മാർ, സ്ത്രീകൾ എന്ന വ്യത്യാസമൊന്നും ജോലിയിലില്ല. എല്ലാവരും ഒരേ ജോലി തന്നെയാണ് ചെയ്യുന്നത്. ജോലിയുടെ ഭാഗമായി ഉൾക്കാടുകളിൽ ക്യാംപ് ചെയ്യേണ്ടി വരാറുണ്ട്. ഫിസിക്കൽ ട്രെയിനിങ്ങും അക്കാദമിക് ട്രെയിനിങ്ങും ഉൾപ്പെടുത്തിയ പരിശീലനത്തിനു ശേഷമാണ് വനംവകുപ്പിൽ നിയമിക്കുന്നത്. തൃശൂർ പൊലീസ് അക്കാദമിയിലാണ് 3 മാസത്തെ പൊലീസ് ട്രെയ്നിങ്. പിന്നീട് 6 മാസത്തെ ഫോറസ്റ്റ് ട്രെയ്നിങ് അരിപ്പയിലെ ഫോറസ്റ്റ് സ്കൂളിലാണ്. കാട്ടുതീയാണ് ഏറ്റവും വെല്ലുവിളിയുയർത്തുന്ന പ്രശ്നമായി തോന്നിയിട്ടുള്ളത്.
കൗതുകങ്ങളുടെ കാട്, ആസ്വദിക്കുന്ന ജോലി
∙ ആഷ്റ എം.യൂസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പെരിയാർ ടൈഗർ റിസർവ്
ഗണിത ശാസ്ത്രത്തിൽ എംഎസ്‌സിയും ബിഎഡ്ഡും നേടിയ ശേഷം പിഎസ്‌സി പരീക്ഷ എഴുതിയിരുന്നു. അങ്ങനെയാണ് 2019 ൽ വനംവകുപ്പിൽ ജോലി ലഭിച്ചത്. ഈ ജോലിയെക്കുറിച്ച് വലിയ ധാരണയില്ലാതെയാണ് വന്നത്. വനിതാ ഉദ്യോഗസ്ഥർക്ക് ഓഫിസ് ജോലിയായിരിക്കും, ഫീൽഡിൽ പോകേണ്ടി വരില്ല എന്ന ധാരണയോടെയാണ് ജോലിയിൽ പ്രവേശിച്ചത്. പക്ഷേ ആൺ–പെൺ വ്യത്യാസമില്ലാതെ എല്ലാവരും എല്ലാ ജോലിയും ചെയ്യണമെന്ന് സർവീസിൽ കയറിയപ്പോഴാണ് മനസ്സിലായത്. പുറത്തുള്ളവർക്ക് കാട് കൗതുകക്കാഴ്ചകൾ നിറഞ്ഞയിടമാണ്. കാടുകാണാനും ട്രക്കിങ് നടത്താനുമൊക്കെ ഒരുപാടാളുകൾക്കിഷ്ടമാണ്. നമുക്ക് ഈ ജോലിയുടെ ഭാഗമായി ഇതെല്ലാം ചെയ്യാൻ പറ്റുന്നുണ്ട്. നന്നായി ആസ്വദിച്ചു ചെയ്യാവുന്ന ജോലിയാണ്. അതേസമയം ജോലിയിൽ ബുദ്ധിമുട്ടുകളും വെല്ലുവിളികളുമുണ്ട്. ഉൾക്കാടുകളിൽ ക്യാംപിനൊക്കെ പോകുമ്പോൾ മൊബൈൽ റേഞ്ച് കിട്ടാത്ത സ്ഥലങ്ങളുണ്ട് ആ സന്ദർഭങ്ങളിലൊക്കെ ബുദ്ധിമുട്ടു തോന്നാറുണ്ട്. 24 മണിക്കൂർ ജോലിയായതിനാൽ കുടുംബവുമായുള്ള കമ്യൂണിക്കേഷൻ കുറച്ചു ബുദ്ധിമുട്ടാണ്. ഇതൊക്കെയാണെങ്കിലും പ്രകൃതിയോട് ഇത്രമേൽ ഇണങ്ങിയുള്ള മറ്റൊരു ജോലിയുണ്ടെന്നു തോന്നുന്നില്ല. അതുതന്നെയാണ് ഇതിന്റെ മനോഹാരിത. പ്ലസ്ടു ലെവലിലുള്ള ക്വാളിഫിക്കേഷൻ വച്ചാണ് പിഎസ്‌സി പരീക്ഷ നടത്തുന്നത്. കായിക ക്ഷമതയും ധൈര്യവുമാണ് ഈ ജോലിക്കു വേണ്ട മികവുകൾ.
രാത്രിയും പകലും ജാഗ്രതയോടെയിരിക്കേണ്ട ജോലിയാണ് വനപാലനം. മറ്റൊരു ജോലിയിലും ലഭിക്കാത്തത്ര വൈവിധ്യമുള്ള അനുഭവങ്ങളാണ് ആ ജോലി സമ്മാനിക്കുന്നത്. വനംവകുപ്പിലെ വിവിധ തസ്തികകളേവ, ഏതൊക്കെ തസ്തികയിലേക്കാണ് നേരിട്ടുള്ള നിയമനം, വനംവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് എന്തൊക്കെ മികവുകളാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി അടുത്ത ഭാഗത്തിൽ...
Content Summary : Forest officers from Marayoor and Periyar Tiger Reserves share their adventurous career experiences