ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരുടെയൊക്കെ ജോലി തെറിപ്പിക്കും?
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടിക്കണക്കിനാളുകളുടെ ജോലി നഷ്ടപ്പെടാൻ എഐ സംവിധാനങ്ങളുടെ വളർച്ച വഴിയൊരുക്കും. അത് ആർക്കും തടയാനുമാകില്ല.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടിക്കണക്കിനാളുകളുടെ ജോലി നഷ്ടപ്പെടാൻ എഐ സംവിധാനങ്ങളുടെ വളർച്ച വഴിയൊരുക്കും. അത് ആർക്കും തടയാനുമാകില്ല.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടിക്കണക്കിനാളുകളുടെ ജോലി നഷ്ടപ്പെടാൻ എഐ സംവിധാനങ്ങളുടെ വളർച്ച വഴിയൊരുക്കും. അത് ആർക്കും തടയാനുമാകില്ല.
ചാറ്റ്ജിപിടിയും സ്റ്റേബിൾ ഡിഫ്യൂഷനുമാണ് ഇന്നു ലോകത്ത് ഏറ്റവും മികച്ചുനിൽക്കുന്ന രണ്ട് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനങ്ങൾ. ചാറ്റ്ജിപിടി നിർമിതബുദ്ധിയുടെ സഹായത്തോടെ സ്വതന്ത്ര രചനകൾ നടത്തുമ്പോൾ സ്റ്റേബിൾ ഡിഫ്യൂഷൻ വാക്കാലുള്ള നിർദേശങ്ങളിൽനിന്ന് അവിശ്വസനീയ സ്വാഭാവികതയോടെ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
ചാറ്റ്ജിപിടിയുടെ മാതൃസ്ഥാപനമായ ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാനും സ്റ്റേബിൾ ഡിഫ്യൂഷന്റെ മാതൃസ്ഥാപനമായ സ്റ്റെബിലിറ്റി എഐയുടെ സിഇഒ ഇമാദ് മൊസ്താക്കും ഈയിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ തെല്ല് ആശങ്ക സൃഷ്ടിച്ചുകൊണ്ടാണെങ്കിലും ഉറപ്പിച്ചുപറഞ്ഞത് ഒരേ കാര്യമാണ്. എഐയുടെ വിശ്വരൂപം ലോകം കാണാനിരിക്കുന്നതേയുള്ളൂ. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടിക്കണക്കിനാളുകളുടെ ജോലി നഷ്ടപ്പെടാൻ എഐ സംവിധാനങ്ങളുടെ വളർച്ച വഴിയൊരുക്കും. അത് ആർക്കും തടയാനുമാകില്ല.
ആരാണ് എഐയെ പേടിക്കേണ്ടത് ?
എല്ലാ മേഖലകളിലും ഏതെങ്കിലുമൊക്കെ തരത്തിൽ എഐ സംവിധാനങ്ങൾ ഇതിനകം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ചില മേഖലകളിൽ അതു മനുഷ്യരെ ജോലിയിൽ സഹായിക്കുമ്പോൾ മറ്റുചിലയിടങ്ങളിൽ മനുഷ്യരെ തീർത്തും അപ്രസക്തരാക്കുന്നു. ഇമാദ് മൊസ്താക്കിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഏറ്റവും തൊഴിൽനഷ്ടമുണ്ടാവുക ഐടി ഔട്ട്സോഴ്സിങ് കമ്പനികളിലാകും. അതേസമയം, ചില തൊഴിലുകൾ ഇല്ലാതാകുമ്പോൾ പുതിയവ സൃഷ്ടിക്കപ്പെടുമെന്ന് സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടുന്നു. ചാറ്റ്ജിപിടിയുടെ നിലവിലുള്ള ശേഷി പോലും ഡേറ്റാ അനാലിസിസും കോഡിങ്ങും പോലുള്ള തൊഴിൽമേഖലകളുടെ നിലനിൽപിനെ അപകടത്തിലാക്കുന്നു. കസ്റ്റമർ സർവീസ്, കോൾ സെന്റർ ജോലികളും എഐ ഏറ്റെടുത്തുതുടങ്ങിയിട്ടുണ്ട്. എഐ വ്യാപകമായാലും സുരക്ഷിതമായി തുടരാനിടയുള്ള തൊഴിൽമേഖലകൾ ഏതൊക്കെയെന്നും സാധ്യത വർധിക്കുക ആർക്കൊക്കെയെന്നും ഇപ്പോഴേ ശ്രദ്ധിച്ചാൽ ഭാവി മുന്നിൽക്കണ്ടുള്ള കരിയർ തീരുമാനങ്ങൾ രൂപപ്പെടുത്താൻ കഴിയും.
കലാപ്രവർത്തകർ പേടിക്കേണ്ടതില്ല
കഥയെഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന എഐ സംവിധാനങ്ങൾ കഴിഞ്ഞവർഷം അവസാനത്തോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ കലാപ്രവർത്തകരുടെ കഥ കഴിഞ്ഞെന്നു പലരും വിധിയെഴുതി. എന്നാൽ, എഐയുടെ സൃഷ്ടികൾ മൗലികതയില്ലാത്ത വിഭ്രമങ്ങൾ മാത്രമാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. അവ വരയ്ക്കുന്ന ചിത്രങ്ങളും ചമയ്ക്കുന്ന സംഗീതവും യഥാർഥ പ്രതിഭകളുടെ ശൈലി നോക്കിയുള്ള അനുകരണം മാത്രമാണ്. അവ വേഗം അപ്രസക്തമാകുന്നു. കലയിൽ യഥാർഥ പ്രതിഭയുള്ളവർ കൂടുതൽ തിളക്കത്തോടെ മുന്നേറും. ഇന്ത്യൻ സംഗീതത്തിൽ എ.ആർ.റഹ്മാൻ സൃഷ്ടിച്ച മായാജാലം ഒരു എഐ സംവിധാനത്തിന് ഒരിക്കലും കഴിയില്ല. ചിത്രകലയിൽ പിക്കാസോയും ദാലിയും കൊണ്ടുവന്ന വിപ്ലവം എഐയ്ക്കു സങ്കൽപിക്കാൻ പോലും കഴിയില്ല.
Read Also : ഒന്നാം റാങ്കോടെ ‘കണക്കു’കൂട്ടിയെടുത്തത് കേന്ദ്രസർക്കാർ ജോലി; വിജയരഹസ്യം പങ്കുവച്ച് ഫൗസിയ
ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, അഭിഭാഷകർ
രോഗനിർണയം മുതൽ ശസ്ത്രക്രിയ വരെയുള്ള മേഖലകളിൽ എഐയും റോബട്ടിക്സും രംഗപ്രവേശം ചെയ്യുമെങ്കിലും ഡോക്ടർക്ക് പകരമാകില്ല. രോഗിക്കു നഴ്സ് പകരുന്ന സാന്ത്വനവും വ്യക്തിപരമായ ശ്രദ്ധയും റോബട്ടിനു നൽകാനാകില്ല. നിയമവിശകലനം മുതൽ ഓരോ കേസിലെയും വിധി എന്തായിരിക്കുമെന്ന പ്രവചനം വരെ നടത്താൻ എഐയ്ക്കു കഴിയുമെങ്കിലും വൈഭവമുള്ള അഭിഭാഷകരെ മാറ്റി സ്വയം പ്രതിഷ്ഠിക്കാനാകില്ല. ഇതുവരെയുള്ള എല്ലാ നിയമഭേദഗതികളും കേസ് വിധികളും എഐയ്ക്ക് അറിയാമായിരിക്കുമെങ്കിലും അതിൽനിന്ന് ആ സവിശേഷ സന്ദർഭത്തിൽ സ്വന്തം വാദം സ്ഥാപിച്ചെടുക്കാനുള്ള പഴുത് കണ്ടെത്താൻ അഭിഭാഷകർക്കുള്ള കഴിവ് എഐയിൽനിന്നു പ്രതീക്ഷിക്കാനാകില്ല.
Read Also : ഒന്നിലധികം ഒന്നാംറാങ്കുകളോടെ 5 മെയിൻ ലിസ്റ്റുകളിൽ ഇടംപിടിച്ച് ജോയൽ
പാഠഭാഗങ്ങൾ ലളിതമാക്കാനും ഉദാഹരണങ്ങൾ നൽകാനുമൊക്കെ എഐയ്ക്കു സാധിക്കുമെങ്കിലും വിദ്യാർഥികളെ പ്രചോദിപ്പിക്കാനും അവരുടെ ജീവിതത്തിൽ വെളിച്ചം പകരാനും യഥാർഥ അധ്യാപകർ തന്നെ തുടർന്നും വേണ്ടിവരും. ഫലത്തിൽ ഈ മേഖലകളിലൊന്നും തൊഴിൽനഷ്ട ഭീഷണിയുണ്ടാകില്ല; എന്നാൽ എഐ സങ്കേതങ്ങളെ നന്നായി ഉപയോഗിക്കാൻ കൂടിയറിയുന്ന ഡോക്ടർമാർക്കും അഭിഭാഷകർക്കും അധ്യാപകർക്കുമൊക്കെയാകും ഭാവി.
ബ്ലൂകോളർ ജോലികൾ
എഐ ഏറ്റെടുക്കുന്നതിൽ ഏറെയും വൈറ്റ്കോളർ ജോലികളായിരിക്കുമെന്നത് കായികാധ്വാനം കൂടി ആവശ്യമുള്ള ബ്ലൂകോളർ ജോലികളെ കൂടുതൽ സുരക്ഷിതമാക്കുന്നുണ്ട്. വികസിത രാജ്യങ്ങളിൽ ബ്ലൂകോളർ ജീവനക്കാരുടെ ക്ഷാമം വർധിച്ചുവരുന്ന സാഹചര്യവും ഈ മേഖലകളിൽ തൊഴിൽസുരക്ഷ ഉറപ്പു നൽകുന്നു. ഇലക്ട്രിഷ്യൻ, പ്ലമർ, മെക്കാനിക് ജോലികളിൽ എഐ നിയന്ത്രിത റോബട്ടുകൾക്കു പോലും പരിമിതമായി മാത്രമേ ഇടപെടാൻ കഴിയൂ. എന്നാൽ, ജോലി ലളിതമാക്കാൻ ഭാവിയിൽ ഈ മേഖലകളിൽ ഇവ ഉപയോഗിക്കപ്പെടുകയും ചെയ്യും.
ഇംഗ്ലിഷ് പുതിയ പ്രോഗ്രാമിങ് ഭാഷ
ജാവയും പൈതണും സിപ്ലസ്പ്ലസുമൊക്കെ അറിയാമെങ്കിൽ ഇംഗ്ലിഷ് അറിയേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രോഗ്രാമർമാരുടെ ആത്മവിശ്വാസം. എന്നാൽ, കോഡിങ് എഐയുടെ കൈകളിലേക്കു മാറുന്നതോടെ പ്രോഗ്രാമർമാരുടെ സ്ഥാനം പ്രോംപ്റ്റ് എൻജിനീയർമാർ കയ്യടക്കുകയാണ്. എഐയെക്കൊണ്ട് കോഡ് എഴുതിക്കാൻ കഴിവുള്ള പ്രോംപ്റ്റ് എൻജിനീയർ അറിയേണ്ടത് നല്ല ഇംഗ്ലിഷാണ്. എഐ സംവിധാനങ്ങളെ രൂപപ്പെടുത്തുന്ന ലാർജ് ലാംഗ്വിജ് മോഡലുകളെ (എൽഎൽഎം) പരിശീലിപ്പിക്കാനുള്ള ദൗത്യമാണ് പ്രോംപ്റ്റ് എൻജിനീയർമാരുടേത്.
Content Summary : The jobs most likely to be lost and created because of AI