മോഷ്ടാവെന്ന മേൽവിലാസം വീഴാതെ സഹപാഠിയെ കാത്ത ജോസഫ് സർ; മറക്കില്ലൊരിക്കലും
ചില അധ്യാപകരുടെ അപക്വമായ പെരുമാറ്റം കൊണ്ട് ബാല്യം തന്നെ നഷ്ടപ്പെട്ടു പോയ ഒരുപാട് കുട്ടികൾ നമുക്കിടയിലുണ്ടാകും. അൽപം കൂടി കരുതൽ ലഭിച്ചിരുന്നെങ്കിൽ അവരിൽ ചിലരുടെയെങ്കിലും ജീവിതം പച്ച പിടിച്ചേനേ എന്നു നമുക്കു തോന്നിയിട്ടുമുണ്ടാകും. പക്ഷേ ഇക്കുറി ഗുരുസ്മൃതിയിലൂടെ പങ്കുവയ്ക്കുന്നത് പക്വതയുള്ള പെരുമാറ്റം
ചില അധ്യാപകരുടെ അപക്വമായ പെരുമാറ്റം കൊണ്ട് ബാല്യം തന്നെ നഷ്ടപ്പെട്ടു പോയ ഒരുപാട് കുട്ടികൾ നമുക്കിടയിലുണ്ടാകും. അൽപം കൂടി കരുതൽ ലഭിച്ചിരുന്നെങ്കിൽ അവരിൽ ചിലരുടെയെങ്കിലും ജീവിതം പച്ച പിടിച്ചേനേ എന്നു നമുക്കു തോന്നിയിട്ടുമുണ്ടാകും. പക്ഷേ ഇക്കുറി ഗുരുസ്മൃതിയിലൂടെ പങ്കുവയ്ക്കുന്നത് പക്വതയുള്ള പെരുമാറ്റം
ചില അധ്യാപകരുടെ അപക്വമായ പെരുമാറ്റം കൊണ്ട് ബാല്യം തന്നെ നഷ്ടപ്പെട്ടു പോയ ഒരുപാട് കുട്ടികൾ നമുക്കിടയിലുണ്ടാകും. അൽപം കൂടി കരുതൽ ലഭിച്ചിരുന്നെങ്കിൽ അവരിൽ ചിലരുടെയെങ്കിലും ജീവിതം പച്ച പിടിച്ചേനേ എന്നു നമുക്കു തോന്നിയിട്ടുമുണ്ടാകും. പക്ഷേ ഇക്കുറി ഗുരുസ്മൃതിയിലൂടെ പങ്കുവയ്ക്കുന്നത് പക്വതയുള്ള പെരുമാറ്റം
ചില അധ്യാപകരുടെ അപക്വമായ പെരുമാറ്റം കൊണ്ട് ബാല്യം തന്നെ നഷ്ടപ്പെട്ടു പോയ ഒരുപാട് കുട്ടികൾ നമുക്കിടയിലുണ്ടാകും. അൽപം കൂടി കരുതൽ ലഭിച്ചിരുന്നെങ്കിൽ അവരിൽ ചിലരുടെയെങ്കിലും ജീവിതം പച്ച പിടിച്ചേനേ എന്നു നമുക്കു തോന്നിയിട്ടുമുണ്ടാകും. പക്ഷേ ഇക്കുറി ഗുരുസ്മൃതിയിലൂടെ പങ്കുവയ്ക്കുന്നത് പക്വതയുള്ള പെരുമാറ്റം കൊണ്ട് കുട്ടികളുടെ മനസ്സു കീഴടക്കിയ ഒരു മാഷിന്റെ കഥയാണ്.
മോഷ്ടാവെന്ന മേൽവിലാസം വീഴാമായിരുന്ന ഏതോ ഒരു കുട്ടിയെ ബുദ്ധിപൂർവമായ ഇടപെടലിലൂടെ രക്ഷിച്ച് പ്രായശ്ചിത്തം ചെയ്യിപ്പിച്ച ജോസഫ് എന്ന മാതൃകാധ്യാപകനെക്കുറിച്ചുള്ള ഓർമകൾ ഗുരുസ്മൃതിയിലൂടെ പങ്കുവയ്ക്കുന്നത് ശൈലേഷ് പിള്ളയാണ്.
‘‘തോളത്തു ഘനം തൂങ്ങും
വണ്ടിതന്‍ തണ്ടും പേറി
ക്കാളകള്‍ മന്ദം മന്ദ
മിഴഞ്ഞു നീങ്ങീടുമ്പോള്‍.
മറ്റൊരു വണ്ടിക്കാള
മാനുഷാകാരം പൂണ്ടി
ട്ടറ്റത്തു വണ്ടിക്കയ്യി
ലിരിപ്പൂ കൂനിക്കൂടി.’’
ഒൻപത് എയുടെ അകത്തളത്തിൽനിന്ന് ജോസഫ് സാറിന്റെ ഭാവസാന്ദ്രമായ ശബ്ദത്തിൽ കവിത പുറത്തേക്കൊഴുകുമ്പോൾ മറ്റു ക്ലാസുകളൊക്കെ നിശബ്ദമാകും. കേകയും കാകളിയുമൊക്കെയായി ആരോഹണാവരോഹണങ്ങളിലൂടെ വരികൾ ആർദ്രതയിൽ അലിഞ്ഞ് അവസാനിക്കുമ്പോഴേക്കും അടുത്ത ക്ലാസുകളിലെ കുട്ടികളുടെ പോലും കണ്ണുകൾ നനഞ്ഞിരിക്കും.
ജോസഫ് സാർ; ഞാൻപഠിച്ച ഊട്ടുപാറ സെയിന്റ് ജോർജസ് ഹൈസ്കൂളിലെ മലയാളം അധ്യാപകൻ. ആ മലയോര ഗ്രാമത്തിലെ കുന്നിൻ നെറുകയിൽ തേയിലത്തോട്ടങ്ങൾ അതിർവയ്ക്കുന്ന നാട്ടുപാതയ്ക്കു മുൻപ് സ്കൂളിന്റെ കരിങ്കൽ ഭിത്തികൾ അവസാനിക്കുന്നു. പുണ്യാളന്റെ വലിയ എണ്ണച്ചായചിത്രവും വഹിച്ചു നിൽക്കുന്ന കുരിശടി. അതിനുമിപ്പുറം മതിൽക്കെട്ടിൽ തലചായ്ച്ചു നിൽക്കുന്ന കടലാസു പൂക്കളും കോളാമ്പി ചെടികളും പിന്നെ നിത്യവും മഞ്ഞപ്പൂക്കളുമായി നില കൊള്ളുന്ന പേരറിയാത്ത ചെടികളും ഒക്കെച്ചേർന്ന് വലിയ ഇടനാഴികളുള്ള, കരിങ്കല്ലിന്റെ ഭിത്തികളും ഓടിന്റെ മേൽക്കൂരയിലും തീർത്ത കെട്ടിട സമുച്ചയത്തിനാകെ ഒരു കാൽപനിക പരിവേഷം നൽകുന്നു. കെട്ടിടങ്ങൾക്കപ്പുറം വിശാലമായ കളിസ്ഥലം. അതിനോട് ചേർന്ന് ഒരു കോണിൽ രണ്ടോ മൂന്നോ മുറികളുള്ള, തടിയഴികൾ പുറത്തെ കാഴ്ചകൾ പൂമുഖത്തെത്തിക്കുന്ന ചെറിയ ഭംഗിയുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ്.
വിശ്രമ വേളകളിൽ മിക്കപ്പോഴും ജോസഫ് സാർ ഉണ്ടാവുക പൂമുഖത്തെ ചാരുകസേരയിൽ ആവും. മണിമല സ്വദേശി ജോസഫ് സാറും കോട്ടയത്തുനിന്നുള്ള തോമസ് സാറും എരുമേലിയിൽ നിന്നുള്ള ജോൺ സാറുമൊക്കെ അവിടെയാണ് താമസം. കുട്ടികളുടെ പാഠ്യേതര കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധിക്കുന്ന അധ്യാപകരുടെ വാസസ്ഥലമായതിനാൽ അക്കാര്യങ്ങളിൽ താൽപര്യമുള്ള കുട്ടികളുടെ സംഗമ സ്ഥാനവും ചർച്ചാ കേന്ദ്രവും കൂടിയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ്. തോമസ് സാറും ജോൺ സാറുമൊക്കെ കായിക കാര്യങ്ങളിൽ കൂട്ടികൾക്കു മാർഗനിർദ്ദേശം നൽകുമ്പോൾ ജോസഫ് സാർ മലയാള ഭാഷയിലേക്കും സാഹിത്യത്തിലേക്കും അവർപോലുമറിയാതെ അനേകരെ ആകർഷിച്ചുകൊണ്ടേയിരുന്നു. ഭാഷാവിരോധികളും പൊതുവെ ഉഴപ്പന്മാരുമെന്നു പേരെടുത്ത വിദ്യാർഥികൾപോലും ജോസഫ്സാറിന്റെ ക്ലാസിനായി കാത്തിരിക്കുമായിരുന്നു. പുസ്തകത്താളിൽ പറഞ്ഞുവച്ചിരിക്കുന്നതിനപ്പുറം കഥകളും കവിതകളും സാഹിത്യചരിത്രവും ജീവിതാനുഭവങ്ങളും ഗീതാസാരവും ഒക്കെച്ചേർന്ന ഓരോ ക്ലാസ്സും പകർന്നു തന്നിരുന്നത് വലിയ ഉൾക്കാഴ്ചകളാണ്.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ ഉച്ചഭക്ഷണത്തിന് ശേഷമുള്ള പതിവ് കളികളും കഴിഞ്ഞു ക്ലാസ്സിൽ എത്തി പുസ്തക സഞ്ചി പരിശോധിക്കുമ്പോൾ ഞെട്ടലോടെ ഞാൻ മനസ്സിലാക്കി, അവിടെ ഭദ്രമായി സൂക്ഷിച്ചിരുന്ന 55 രൂപ നഷ്ടപ്പെട്ടിരിക്കുന്നു. സ്കൂളിൽ പുതിയ കർട്ടൻ വാങ്ങാൻ എല്ലാ ക്ലാസുകളിൽനിന്നും കഴിയുന്ന തുക സമാഹരിച്ചു നൽകണമെന്ന പ്രധാനാധ്യാപകനായ മത്തായി സാറിന്റെ നിർദേശമനുസരിച്ച് ഏതാനും ആഴ്ചകളിൽ ക്ലാസ്സിൽ നടത്തിയ പുതുമയാർന്ന ലേലത്തിലൂടെ സംഭരിച്ച തുകയാണ് ക്ലാസ് ലീഡർ ആയ എന്റെ കയ്യിൽ സൂക്ഷിച്ചിരുന്നത്.
അന്ന് എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ തുകയാണ്. 50 പൈസ ഐസ് സ്റ്റിക് കഴിക്കാൻ അപൂർവമായി തന്നാൽ അതിന്റെ കണക്കുപോലും കൃത്യമായി ബോധിപ്പിക്കണമെന്നു നിർബന്ധമുള്ള അധ്യാപികയായ അമ്മയോട്, നഷ്ടപ്പെട്ട പണം ചോദിക്കാൻ പോയിട്ട് വിവരം പറയാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല.
ആശങ്കകൾ കൂട്ടുകാരുമായി പങ്കിട്ട് ആകെ വിഷണ്ണനായി ഇരിക്കുമ്പോൾ ഉച്ചയ്ക്കു ശേഷമുള്ള ആദ്യ ക്ലാസിനായി ജോസഫ് സാർ കടന്നുവന്നു. കുട്ടികളിലാരോ സാറിനോട് വിഷയം അവതരിപ്പിച്ചു. കയ്യിലുള്ള പുസ്തകവും ചോക്കുകഷണങ്ങളും മേശമേൽ വെച്ച് ആ കൃശഗാത്രൻ മെല്ലെ എഴുന്നേറ്റ് ക്ലാസ്സിന്റെ മധ്യത്തിൽ വന്നു നിന്നു. ഓരോരുത്തരുടെയും കണ്ണുകളിലേക്കു മാറിമാറി നോക്കി.
എന്നിട്ട് ശാന്തമായ സ്വരത്തിൽ പറഞ്ഞു തുടങ്ങി. ‘‘നിങ്ങളിൽ ഒരാൾ ഒരു തെറ്റ് ചെയ്തിരിയ്ക്കുന്നു. ആരാണ് അതു ചെയ്‌തതെന്ന് ആ കണ്ണുകളിൽനിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ ഞാനതു പറയില്ല. കാരണം അത് ആ വ്യക്തിക്ക് ഉണ്ടാക്കാൻ പോകുന്ന അപമാനം വളരെ വലുതാണ്. ജീവിതത്തിൽ എത്ര വലിയ നിലയിൽ എത്തിയാലും ആ പാപഭാരം അയാളെ ഒരു കരിനിഴൽ പോലെ പിന്തുടരും. തെറ്റുകൾ മനുഷ്യ സഹജമാണ്. അതു മനസിലാക്കി തിരുത്താൻ കഴിഞ്ഞാൽ അത് മുന്നോട്ടുള്ള യാത്ര സുഗമമാക്കും. എനിക്കറിയാം നിങ്ങൾ 36 പേരിൽ ഒരാളുടെ ഹൃദയം ഇപ്പോൾ കുറ്റബോധത്താൽ വിങ്ങുന്നുണ്ട്. തെറ്റ് തിരുത്താനുള്ള വലിയ ഒരു അവസരം മുന്നിലുണ്ടെന്നു വിചാരിക്കൂ. എടുത്ത പണം മറ്റാരും അറിയാതെ തിരിച്ചേൽപ്പിക്കാൻ കഴിയും. അതിനുള്ള വഴി കണ്ടെത്തൂ.’’ അന്ന് പിന്നെ അധ്യാപനത്തിലേക്ക് അദ്ദേഹം കടന്നില്ല. പരിപൂർണ്ണ നിശബ്ദതയിലമർന്ന ക്ലാസ്സിൽ കുറച്ചു സമയം കണ്ണുകളടച്ചു ധ്യാനത്തിലെന്ന വട്ടം ഇരുന്നിട്ട് പുറത്തുപോയി.
ഉറക്കം അകന്നു നിന്ന രാത്രിക്കു ശേഷം ആശങ്ക ബാക്കിനിൽക്കുന്ന മനസ്സുമായി അടുത്ത ദിവസം രാവിലെ വിദ്യാലയകവാടത്തിലേക്കുള്ള കയറ്റംകയറുമ്പോൾ എതിരെ നടന്നു വന്ന പരിചയമുള്ള സമീപവാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ‘‘പോയ പൈസ കിട്ടിയല്ലേ.’’ വിശ്വസിക്കാനാകാതെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിനിന്നപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു. ‘‘കിട്ടിയിട്ടുണ്ട് വേഗം ചെല്ലൂ.’’ വേഗം ഓടി ക്ലാസ്സിൽ എത്തുമ്പോൾ അവിടെ എന്റെ ഇരിപ്പിടത്തിനു ചുറ്റും കുറേ സഹപാഠികൾ. മേശക്കു മുകളിലെ വിടവിനിടയിലേക്ക് തിരുകിയ നിലയിൽ ഭദ്രമായി പൊതിഞ്ഞ ഒരു പൊതി. പെട്ടെന്ന് പൊതിയഴിച്ചു നോക്കുമ്പോൾ നഷ്ടപ്പെട്ടെന്നു കരുതിയ പണം അതേ നിലയിൽ. അതുമായി ആദ്യം ഓടുന്നത് ജോസഫ് സാറിന്റെ അടുത്തേക്ക്. ഭാവഭേദം ഒന്നുമില്ലാതെ അദ്ദേഹം പറഞ്ഞു. ‘‘ഈ വിഷയം ഇനിയൊരു ചർച്ചയാവരുത്. കൂടെയുള്ള ആരെയും സംശയത്തോടെ കാണരുത്.’’
ആ വർഷവും അടുത്തർഷവും ഞങ്ങൾ മുപ്പത്തിയാറു പേരിൽ ഒരാളായി അയാളുമുണ്ടായിരുന്നു. തെറ്റുതിരുത്തിയ ആശ്വാസം നൽകിയ ആത്മവിശ്വാസത്തിൽ, ആരാലും അറിയപ്പെടാതെ. വിദ്യാലയത്തിന്റെ പടികളിറങ്ങിയ ശേഷം പിന്നൊരിക്കലും ജോസഫ്‌സാറിനെ നേരിൽക്കാണാൻ കഴിഞ്ഞിട്ടില്ല. ഇനിയൊരിക്കലും കാലത്തിന് അതു സാധ്യമാക്കിത്തരുവാനാകില്ല എന്നത് വേദനയോടെ ഉൾക്കൊള്ളുന്ന യാഥാർഥ്യം.