എന്തിനാണ് 4 വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നത്?; വിദ്യാർഥികളുടെ ചോദ്യവും വിദഗ്ധരുടെ മറുപടിയും
സർവകലാശാലകളും കോളജുകളും നിർദേശിക്കുന്ന കോഴ്സുകൾക്കുപകരം സ്വന്തം ഇഷ്ടത്തിനും ഭാവിക്കും യോജിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞാലോ ? പഠനം ഇടയ്ക്കുനിർത്തി ജോലിക്കുകയറുന്നവർക്കു കുറച്ചുനാൾ കഴിഞ്ഞു വീണ്ടുമെത്തി പഠിക്കാൻ അവസരമുണ്ടെങ്കിലോ ? ബിരുദം കഴിഞ്ഞു നേരിട്ടു പിജി ഇല്ലാതെ തന്നെ ഗവേഷണത്തിന് പോകാൻ
സർവകലാശാലകളും കോളജുകളും നിർദേശിക്കുന്ന കോഴ്സുകൾക്കുപകരം സ്വന്തം ഇഷ്ടത്തിനും ഭാവിക്കും യോജിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞാലോ ? പഠനം ഇടയ്ക്കുനിർത്തി ജോലിക്കുകയറുന്നവർക്കു കുറച്ചുനാൾ കഴിഞ്ഞു വീണ്ടുമെത്തി പഠിക്കാൻ അവസരമുണ്ടെങ്കിലോ ? ബിരുദം കഴിഞ്ഞു നേരിട്ടു പിജി ഇല്ലാതെ തന്നെ ഗവേഷണത്തിന് പോകാൻ
സർവകലാശാലകളും കോളജുകളും നിർദേശിക്കുന്ന കോഴ്സുകൾക്കുപകരം സ്വന്തം ഇഷ്ടത്തിനും ഭാവിക്കും യോജിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞാലോ ? പഠനം ഇടയ്ക്കുനിർത്തി ജോലിക്കുകയറുന്നവർക്കു കുറച്ചുനാൾ കഴിഞ്ഞു വീണ്ടുമെത്തി പഠിക്കാൻ അവസരമുണ്ടെങ്കിലോ ? ബിരുദം കഴിഞ്ഞു നേരിട്ടു പിജി ഇല്ലാതെ തന്നെ ഗവേഷണത്തിന് പോകാൻ
സർവകലാശാലകളും കോളജുകളും നിർദേശിക്കുന്ന കോഴ്സുകൾക്കുപകരം സ്വന്തം ഇഷ്ടത്തിനും ഭാവിക്കും യോജിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞാലോ ? പഠനം ഇടയ്ക്കുനിർത്തി ജോലിക്കുകയറുന്നവർക്കു കുറച്ചുനാൾ കഴിഞ്ഞു വീണ്ടുമെത്തി പഠിക്കാൻ അവസരമുണ്ടെങ്കിലോ ? ബിരുദം കഴിഞ്ഞു നേരിട്ടു പിജി ഇല്ലാതെ തന്നെ ഗവേഷണത്തിന് പോകാൻ കഴിഞ്ഞാലോ? ഫിസിക്സ് പഠിക്കുന്നവർക്ക് ഹിസ്റ്ററിയും ഹിസ്റ്ററി പഠിക്കുന്നവർക്ക് ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റും കൂടി പഠിക്കാൻ അവസരം കിട്ടിയാലോ ? ഈ അധ്യയനവർഷം മുതൽ കേരളത്തിൽ നടപ്പാക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമുകളുടെ ചില സവിശേഷതകളാണിവ.
ബിരുദ പഠനത്തിന്റെ സ്വഭാവം അടിമുടി മാറുമ്പോൾ വിദ്യാർഥികൾക്കു മാത്രമല്ല, രക്ഷിതാക്കൾക്കും അധ്യാപകർക്കുമെല്ലാം ഒട്ടേറെ സംശയങ്ങളുണ്ട്. അവയ്ക്കെല്ലാം മറുപടി നൽകുന്നതായിരുന്നു മലയാള മനോരമ കോഴിക്കോട്ടു സംഘടിപ്പിച്ച 4 വർഷ ബിരുദ സെമിനാർ. ‘‘കോളജുകളോ അധ്യാപകരോ നിർബന്ധിക്കുന്നതിന് അനുസരിച്ചല്ല വിഷയങ്ങളും കോംബിനേഷനും തിരഞ്ഞെടുക്കേണ്ടത്; സ്വന്തം താൽപര്യവും ഭാവിയിലെ ഉപരിപഠന ലക്ഷ്യങ്ങളും അനുസരിച്ചാകണം വിദ്യാർഥികളുടെ തീരുമാനം’’– സംശയങ്ങൾക്കു മറുപടി നൽകിയ കോഴിക്കോട് മടപ്പള്ളി ഗവ. കോളജിലെ ഫിസിക്സ് വിഭാഗം അസോഷ്യേറ്റ് പ്രഫസറും കാലിക്കറ്റ് സർവകലാശാലയിലെ നാലു വർഷ ഡിഗ്രി പ്രോഗ്രാമുകളുടെ അക്കാദമിക്, സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ ഡോ.ജി.ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി.
സെമിനാറിൽ ഉയർന്നുവന്ന പ്രധാന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും
എന്തിനാണ് 4 വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നത് ?
രാജ്യാന്തര തലത്തിലുള്ള പഠന രീതിയാണി ത്. വിദ്യാർഥികളുടെ ജോബ് പ്രൊഫൈൽ ഉയർത്താൻ ഇതുസഹായിക്കും. അധിക സ്കിൽ നേടാനും മികച്ച ഗവേഷണ പാത ഒരുക്കാനും സഹായകരമാണ്. ഒരു വിഷയത്തിനു ചേർന്നശേഷം അതു യോജിച്ചതല്ലെങ്കിൽ മറ്റൊന്നിലേക്കു മാറാൻ കഴിയും. ഒരു വിഷയം ആഴത്തിൽ പഠിക്കേണ്ടവർക്ക് അങ്ങനെ പഠിക്കാം. വിവിധ വിഷയങ്ങൾ ഉൾപ്പെട്ട മൾട്ടിഡിസിപ്ലിനറി പഠനത്തിനും അവസരമുണ്ട്.
ഇവയുടെ പ്രത്യേകതകൾ എന്തെല്ലാമാണ് ?
∙ വിദ്യാർഥിയുടെ താൽപര്യത്തിന് അനുസരിച്ചുള്ള ബിരുദ പ്രോഗ്രാം ഡിസൈൻ ചെയ്യാം. കോംബിനേഷനും വിദ്യാർഥിക്കു തിരഞ്ഞെടുക്കാം.
∙ മേജർ വിഷയത്തോടൊപ്പം പഠിക്കേണ്ട മൈനർ വിഷയങ്ങൾ വിദ്യാർഥിക്കു തന്നെ തിരഞ്ഞെടുക്കാം.
∙ 3 വർഷം കഴിഞ്ഞാൽ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാം. അല്ലെങ്കിൽ നാലാം വർഷവും തുടർന്ന് ഓണേഴ്സ് ബിരുദം നേടാം.
∙ നിശ്ചയിച്ചിരിക്കുന്നതിലും കുറഞ്ഞ സമയം കൊണ്ടും പഠിച്ചുതീർക്കാം. 6 സെമസ്റ്റർ പ്രോഗ്രാം 5 സെമസ്റ്ററിൽ തീർക്കാനും വേണമെങ്കിൽ ഇടയ്ക്കു ബ്രേക്ക് എടുത്ത് 6 വർഷം വരെ നീട്ടാനും അവസരമുണ്ട്.
∙ എൻസിസി, എൻഎസ്എസ്, ആർട്സ്, സ്പോർട്സ്, കോളജ് യൂണിയൻ പ്രവർത്തനം എന്നിവയിലെ പങ്കാളിത്തത്തിനു ക്രെഡിറ്റുകൾ കിട്ടും. ഇവയിലെ മികച്ച അക്കാദമിക പ്രകടനത്തിന് ഗ്രേസ് മാർക്കും.
∙ തിരഞ്ഞെടുത്ത വിഷയവുമായി മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ ആദ്യ രണ്ടു സെമസ്റ്ററിനു ശേഷം വിഷയം മാറാം. നിലവിലെ കോളജിൽനിന്നു മറ്റൊരു കോളജിലേക്കോ മറ്റൊരു സർവകലാശാലയിലേക്കോ മാറാം.
∙ സയൻസ് വിഷയങ്ങൾക്കൊപ്പം കൊമേഴ്സോ ആർട്സോ ഹ്യുമാനിറ്റീസോ ഒക്കെ പഠിക്കാം.
4 വർഷ ബിരുദ പ്രോഗ്രാം ഏതെല്ലാം വിധത്തിലുണ്ട് ?
മൂന്നു തരത്തിലുണ്ട്.
1) മൂന്നു വർഷ അണ്ടർ ഗ്രാജ്വേഷൻ: ബിഎസ്‌സി, ബിഎ, ബികോം ബിരുദം. 3 വർഷം കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് പഠനം നിർത്താം. ഇവർക്കു പിന്നീട് പിജി ചെയ്യണമെങ്കിൽ 2 വർഷം തന്നെ വേണം.
2) നാലു വർഷ ബിരുദം (ഓണേഴ്സ്): ഇതു പൂർത്തിയാക്കിയാൽ പിന്നീട് പിജി ഒരു വർഷം മാത്രം. പിജി രണ്ടാം വർഷത്തിലേക്കു നേരിട്ടു ലാറ്ററൽ എൻട്രി ലഭിക്കും.
3) ഓണേഴ്സ് വിത് റിസർച്: 4 വർഷം. ഇതു കഴിയുന്നവർക്കു പിജി ചെയ്യാതെ തന്നെ ഗവേഷണപഠനം നടത്താം.
വിഷയങ്ങളെ മേജർ, മൈനർ എന്നിങ്ങനെ തിരിച്ചിരിക്കുന്നതായി കണ്ടു. അതിന്റെ അടിസ്ഥാനത്തിൽ പലതരം ബിരുദ പ്രോഗ്രാമുകളു ണ്ടെന്നും പറയുന്നു. ഇവയെക്കുറിച്ചു വിശദമാക്കാമോ ?
നിലവിലുള്ള ബിരുദത്തിന്റെ ഫോർമാറ്റ് (പാത്ത്‌വേ) ഒരു മെയിൻ, രണ്ടോ മൂന്നോ സബ്സിഡിയറി എന്നതാണ്. എന്നാൽ 4 വർഷ ബിരുദത്തിൽ പലതരം പഠന ഫോർമാറ്റുകൾ ലഭ്യമാണ്. ഫിസിക്സ് ഉദാഹരണമായെടുത്തുപറയാം.
1) സിംഗിൾ മേജർ: ഫിസിക്സ് ആണു മേജർ എങ്കിൽ അതിനൊപ്പം അതേ കോളജിലെ മറ്റ് 6 വകുപ്പുകളിൽനിന്ന് 6 കോഴ്സുകൾ വരെ മൈനറായി പഠിക്കാം. ഇവയിലെല്ലാം ആഴത്തിലല്ലാതെയുള്ള പഠനത്തിന് അവസരമുണ്ട്.
2) മേജർ വിത്ത് മൾട്ടിപ്പിൾ ഡിസിപ്ലിൻസ്: നിലവിലുള്ള ബിരുദപഠനത്തിന്റെ അതേ മാതൃക. ഉദാ: ഫിസിക്സിനൊപ്പം മറ്റു രണ്ടു വിഷയങ്ങളും കൂടി പഠിക്കാം. മാത്‌സും കെമിസ്ട്രിയും മാത്രമല്ല, മാത്‌സ്– കൊമേഴ്സ്, ഹിസ്റ്ററി– പൊളിറ്റിക്സ് തുടങ്ങിയ കോംബിനേഷനുകൾ വരെ സാധ്യമെന്നതാണു വ്യത്യാസം.
3) മേജർ വിത്ത് മൈനർ: ഇത്തരം പ്രോഗ്രാമിൽ പഠിക്കുന്ന മൈനർ വിഷയത്തിൽ പിജി പഠനം സാധ്യമാകും.
4) മേജർ വിത്ത് വൊക്കേഷനൽ മൈനർ: തൊഴിൽസാധ്യതയുള്ള വിഷയം മൈനറായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഫിസിക്സിനൊപ്പം ഡേറ്റാ അനലിറ്റിക്സ്.
5) ഡബിൾ മേജർ: രണ്ടു പ്രധാന വിഷയങ്ങൾ ആഴത്തിൽ പഠിക്കാം. ഉദാ: ഫിസിക്സും കെമിസ്ട്രിയും.
6) മൾട്ടിഡിസിപ്ലിനറി / ഇന്റർഡിസിപ്ലിനറി: 3 വ്യത്യസ്ത മേജർ വിഷയങ്ങൾ ചേരുന്ന കോംബിനേഷൻ. ഉദാഹരണത്തിന് ലൈഫ് സയൻസ്, മൈക്രോബയോളജി, ബയോടെക്നോളജി; അല്ലെങ്കിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് അടങ്ങുന്ന ഡേറ്റാ അനാലിസിസ് കോംബിനേഷൻ. ആദ്യ 3 പാത്ത്‌വേകൾ വ്യാപകമായി എല്ലാ കോളജുകളിലുമുണ്ടാകും. എന്നാൽ അവസാന 3 എണ്ണം കോളജുകളും യൂണിവേഴ്സിറ്റികളും പ്രത്യേകമായി ചെയ്യുന്നതാണ്. അവ വ്യാപകമായി ലഭ്യമാകണമെന്നില്ല.
മറ്റു കോളജുകളിലും പ്രോജക്ട് ചെയ്യാം
പുതിയ പഠനരീതിയിൽ പ്രോജക്ട്, ഇന്റേൺഷിപ് തുടങ്ങിയവ എങ്ങനെയാകും ?
പ്രോജക്ട് ചെയ്യാൻ കൂടുതൽ മെച്ചപ്പെട്ട കോളജോ സർവകലാശാലയോ ഒക്കെ തിരഞ്ഞെടുക്കാം. അവസാന സെമസ്റ്ററിലെ കോഴ്സ് തീർക്കാൻ പിന്നീട് കോളജിലേക്കു തിരിച്ചുവരണമെന്നില്ല. ഓൺലൈനായി പഠിച്ചാലും മതി. മേജർ വിഷയത്തിലോ അതോടനുബന്ധിച്ച വിഷയത്തിലോ ആയിരിക്കണം പ്രോജക്ട്. ഓണേഴ്സ് വിത് റിസർച് ബിരുദത്തിൽ കൂടുതൽ ആഴത്തിലുള്ള പ്രോജക്ട് പഠനമാണ്. ആദ്യ 6 സെമസ്റ്ററുകളിൽ ആകെ 75% മാർക്ക് വേണം. അപ്രൂവ്ഡ് റിസർച് സെന്ററിലായിരിക്കണം ഈ പ്രോജക്ട്. മാർഗനിർദേശം നൽകുന്നത് പിഎച്ച്ഡി യോഗ്യതയുള്ളവരായിരിക്കണം. സയൻസ് വിഷയങ്ങളിൽ മാത്രമല്ല, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ആർട്സ്, ഭാഷാ വിഷയങ്ങൾക്കെല്ലാം പ്രാക്ടിക്കലുണ്ട്.
4 വർഷ ബിഎഡ് പിന്നാലെ
4 വർഷ ബിഎഡ് ഇക്കൊല്ലം മുതൽ നടപ്പാക്കുമോ ?
ബിരുദവും ബിഎഡും ചേർന്നുള്ള 4 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇക്കൊല്ലമില്ലെ ങ്കിലും കേരളത്തിലും ഉടൻ വരും. നിലവിൽ കോഴിക്കോട് എൻഐടി, കാസർകോട് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ ഈ പ്രോഗ്രാമുണ്ട്. ബിഎഡ് കോളജുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ എജ്യുക്കേഷൻ വിഭാഗമാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നിർദേശമുണ്ട്. തുടർന്ന് ബിഎസ്‌സി.എഡ്, ബിഎ.എഡ് എന്നിങ്ങനെയാക്കണം. ഇത് അധികം വൈകാതെ കേരളത്തിലും നടപ്പാക്കും.
ഓണേഴ്സ് വിത് റിസർച് വിഭാഗത്തിൽ പിജി ചെയ്യുന്നില്ലല്ലോ. അതു പിന്നീട് തുടർപഠനത്തിനോ ജോലിക്കോ തടസ്സമാകുമോ?
ഒരിക്കലുമില്ല. ഇവർക്കു നേരിട്ടു ഗവേഷണത്തിനു ചേരാം. ഗവേഷണത്തിന്റെ കോഴ്സ് വർക്ക് കഴിഞ്ഞാൽ പിജിക്കു തുല്യമായ സർട്ടിഫിക്കറ്റ് ലഭിക്കും.
മൂല്യനിർണയം എങ്ങനെയായിരിക്കും?
100 മാർക്കുള്ള പേപ്പറിൽ ഇന്റേണൽ, എക്സ്റ്റേണൽ മാർക്കുകൾ ചേർത്ത് 35 മാർക്ക് നേടിയിരിക്കണം. ഇതിൽ എക്സ്റ്റേണലിനു മാത്രമായി 30% (21 മാർക്ക്) നേടണം. ഇതു നേടാൻ കഴിഞ്ഞില്ലെങ്കിലോ പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിലോ തൊട്ടടുത്ത ബാച്ചിനൊപ്പം പരീക്ഷ എഴുതാം.
വിവിധ മേഖലകളിലെ പ്രകടനത്തിനുള്ള ഗ്രേസ്മാർക്ക് എങ്ങനെയായിരിക്കും?
അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും എൻസിസി, എൻഎസ്എസ്, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ നിശ്ചിത കാലയളവിലെ പങ്കാളിത്തത്തിന് ക്രെഡിറ്റ് ലഭിക്കും. കോളജ് യൂണിയനിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കും ക്രെഡിറ്റ് ലഭിക്കും. മാനദണ്ഡങ്ങൾ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.
4 വർഷ ബിരുദത്തെക്കുറിച്ചു കൂടുതൽ അറിയാൻ എന്തുചെയ്യണം ?
സർവകലാ ശാലകളുടെ വെബ്സൈറ്റിൽ വിശദമായ കുറിപ്പുകളും വിഡിയോയുമുണ്ട്. സർവകലാശാലകളുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിലായി പ്ലസ്ടു വിദ്യാർഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാമുകളും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കോളജ് അധികൃതരിൽനിന്നും വിവരങ്ങൾ തേടാം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലും ക്ലാസുകളുണ്ടാകും.