ADVERTISEMENT

നല്ല തിരക്കുള്ള സമയം സർക്കാർ ആശുപത്രിയുടെ ഒപിയിൽ പോയി നോക്കിയിട്ടുണ്ടോ? ഡോക്ടറെ കാണാനുളള ഉൗഴം കാത്ത് അക്ഷമരായി ഒപി ടിക്കറ്റുമായി നിൽക്കുന്നവരുടെ നീണ്ട നിര. പരിശോധനാമുറിയിൽ ഡോക്ടർ പരിശോധിക്കാൻ താമസം നേരിട്ടാൽ മതി കാര്യങ്ങൾ കൈവിട്ടു പോകും. ചില നേരങ്ങളിൽ ഒപി മുറിയിൽ ഡോക്ടറോട് കയർക്കുന്നവരും അതേസമയം ചിരിമരുന്നു പൊട്ടിക്കുന്നവരും കുറവല്ല. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് മനോരമ ഒാൺലൈൻ വർക്എക്സ്പീരിയൻസ് പംക്തിയിൽ പാലാ മാർ സ്ലീവാ മെഡിസിറ്റി ഒാർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. പി.ബി. രാജീവ്.

പതിനെട്ടു വർഷം മുൻപ് കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സർജൻസി കാലം. ഒാർത്തോപീഡിക്സ് വിഭാഗം ഡോ. എം.എ. തോമസിന്റെ കീഴിലാണ് എന്റെ പരിശീലനം. ഡോ. തോമസ് സാറിന്റെ അടുത്ത അനുസരണയോടെ ഇരുന്ന് സർ പറയുന്നത് വള്ളിപുള്ളി തെറ്റാതെ ഒപി ടിക്കറ്റിൽ എഴുതുകയാണ് എന്റെ ജോലി. കോട്ടയത്തുനിന്നും മാത്രമല്ല സമീപ ജില്ലകളിൽ നിന്നും വരെ രോഗികൾ ഒപിയിൽ തോമസ് സാറിനെ കാണാൻ കാത്തിരിക്കുകയാണ്. നീണ്ട ക്യൂ വകഞ്ഞുമാറ്റി ബഷീർക്ക എന്നെ അന്വേഷിച്ച് വന്നത്. എന്റെ വീടിനടുത്തുള്ള കടയിൽ ജോലി ചെയ്യുന്ന ബഷീർക്കയെ വർഷങ്ങളായി എനിക്കറിയാം. സ്വതവേ ശാന്തനായ ബഷീർക്ക എന്നെ അന്വേഷിച്ച് വന്നതിൽ എനിക്കു സംശയം തോന്നി. ഡോ. തോമസ് സർ രോഗിയെ നോക്കുന്ന തിരക്കിലും ഞാൻ ക്യൂ തെറ്റിച്ചു കടന്നുവന്ന ബഷീർക്കയോട് മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തയിലും.

കണ്ടിട്ട് വലിയ പ്രശ്നമില്ലെന്ന് തോന്നിയപ്പോൾ ആദ്യ ചോദ്യം എറിഞ്ഞു.
‘‘എന്താ...ഇക്കാ... എന്തു പറ്റി?’’ – ബഷീർക്കയോട് ഞാൻ ചോദിച്ചു. 
‘‘പറ്റിയത് എനിക്കല്ലേ...’’ സസ്പെൻസ് കാത്തുസൂക്ഷിച്ചു ബഷീർക്കയുടെ മറുപടി വന്നു.
‘‘എന്താ ഇക്ക എന്തെങ്കിലും ആരോഗ്യപ്രശ്നം....?’’ കാര്യമറിയാൻ വീണ്ടും ബഷീർക്കയോട് ഞാൻ ചോദിച്ചു.

ഇതിനിടയിൽ ബഷീർക്കയുടെ പിന്നിൽ നിൽക്കുന്ന ചേച്ചിയെ നോക്കി. ക്യൂ തെറ്റിച്ച് വന്ന ബഷീർക്കയോടും ഒപ്പം എന്നോടും അവർക്കു ദേഷ്യമുണ്ടെന്ന് ആ മുഖത്തെ ‘നവരസങ്ങളിൽ’ നിന്നും വായിച്ചെടുക്കാം.

tablet-patient-medicine-sanjagrujic-istock-photo-com
Representative Image. Photo Credit : Sanjagrujic / iStockPhoto.com

‘മോൻ ഞമ്മളോട് ഇജ്ജാതി ശെയ്ത്തു ചെയ്യുമെന്ന് ഞമ്മള് വിചാരിച്ചില്ല......’’ എന്നെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇക്ക വീണ്ടും നിർത്തി. 
അടുത്ത നിമിഷം ബഷീർക്കാ പറഞ്ഞു – ‘‘കഴിഞ്ഞ ആഴ്ച തന്ന ഗുളിക തന്നെ പ്രശ്നം...’’
ഇത്രയും പറഞ്ഞ് തീർന്നപ്പോഴേയ്ക്കും ബഷീർക്കയുടെ ഭാര്യയും കൂടെ എത്തി.
‘‘ഗുളിക!’’ – ഇക്ക പറഞ്ഞതിൽ ‘ഗുളിക’ എന്ന വാക്കാണ് എന്റെ ചെവിയിൽ മുഴങ്ങിയത്. 

ദൈവമേ...കുറിച്ചു കൊടുത്ത ഗുളിക പ്രശ്നമായോ? അലർജി, മറ്റെന്തങ്കിലും പ്രശ്നം? കരിയറിന്റെ തുടക്കത്തിൽ തന്നെ പണിപാളിയോ?

എന്തായാലും ബഷീർക്കയുടെ മുഖഭാവം 'ശാന്തം' തന്നെ. ആ ധൈര്യത്തിൽ തന്നെ ചോദിച്ചു ‘‘എന്ത് പറ്റി മരുന്നിനു വല്ല അലർജിയും?’’

"ഏയ്, ഞമ്മക്ക് അലർജി പണ്ടേ ഇല്ല ".

എന്റെ ക്ഷമ നശിച്ചു തുടങ്ങി. ദേഷ്യത്തിന്റെ രസം എന്റെ മുഖത്തു വന്നോ എന്നൊരു സംശയം ഇല്ലാതില്ല.

‘‘ഗുളിക കഴിച്ചിട്ട്, ചൊറിച്ചിലോ, ശ്വാസമുട്ടോ എന്തെങ്കിലും ഉണ്ടോ?’’

‘‘ഏയില്ല...’’ ഒറ്റവാക്കിൽ ഇക്ക മറുപടി പറഞ്ഞു.

‘‘ഛർദി, വയറുവേദന അങ്ങനെയെന്തെങ്കിലും?...’’ – കാര്യം അറിയാനായി ബഷീർക്കയുടെ നേരെ ചോദ്യങ്ങൾ എറിഞ്ഞുകൊണ്ടിരുന്നു.

‘‘ഞമ്മൾ പണ്ടേ ഇംഗ്ലിഷ് മരുന്ന് കഴിക്കാറില്ല, ഇജ്ജ് എന്തെങ്കിലും അസൂഖം വന്നാൽ അന്റെ പെരേടെ അടുത്തുള്ള വൈദ്യന്റെ കഷായം ആണ് കുടിക്കാറ്’’ മൊത്തത്തിൽ ആലോപ്പതിയോട് പുച്ഛഭാവം ബഷീർക്കയുടെ മുഖത്തുണ്ട്.

അടുത്ത ചോദ്യം ചോദിക്കുന്നതിനു മുൻപ് തന്നെ മറുപടി വന്നു ‘‘ഗുളിക അല്ല പ്രശ്നം. ഗുളികേടെ കൂടെയുള്ള നിപ്പാണ്‌...’’

‘‘നിൽപ്പോ...’’ എനിക്കു ആകെ സംശയമായി. 

‘‘ അതേ, ഗുളിക കഴിച്ചിട്ടുള്ള ഒരു മണിക്കൂർ നിപ്പില്ലേ അതു പടച്ചോൻ പോലും പൊറുക്കൂല്ല....’’

ബഷീർക്കാ പറഞ്ഞു തീരുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ഭാര്യയുടെ മാസ് ഡയലോഗ് ഇടയ്ക്ക് കയറി വന്നു – ‘‘അനങ്ങാതെ വാഴത്തണ്ട് പോലെ ബഷീർക്ക നിക്കണ കണ്ടപ്പം ഞമ്മള് ശെരിക്കും പേടിച്ചിരിക്കണ്!’’ 

ബഷീർക്കയുടെ ഭാര്യ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എനിക്കും ചിരി പൊട്ടി !

പ്രശ്നം മറ്റൊന്നുമല്ല – ‘വൈദ്യൻ കല്പിച്ചതും രോഗി കേട്ടതും ഒന്നല്ല രണ്ടാണ്’

കഴിഞ്ഞ ആഴ്ച ബഷീർക്കയ്ക്ക് കുറിച്ചപ്പോൾ ഓസ്റ്റിയോപൊറോസിസിനുള്ള Alendronate എന്ന ഗുളികയുടെ കൂടെ കൊടുത്ത നിർദ്ദേശങ്ങളാണ് ബഷീർക്കയെ കുഴപ്പിച്ചത്. മേൽപറഞ്ഞ ഗുളിക കഴിച്ച ശേഷം ഉടനെ കിടക്കുകയോ കുനിയുകയോ ചെയ്താൽ മരുന്ന് തികട്ടി കയറി വന്നു നെഞ്ച് എരിയും. അതിനാൽ ബഷീർക്കയോട് ഗുളിക കഴിച്ചിട്ട് ഒരു മണിക്കൂർ കിടക്കുകയോ കുനിയുകയോ പാടില്ല എന്ന് നിർദ്ദേശിച്ചിരുന്നു. നിർഭാഗ്യവശാൽ ബഷീർക്ക കേട്ടത് ‘കിടക്കുകയോ, ഇരിക്കുകയോ പാടില്ല’ എന്നാണ്. ബഷീർക്ക എപ്പോൾ ഗുളിക കഴിച്ചാലും ഒരു മണിക്കൂർ അനങ്ങാതെ നിന്നുകളഞ്ഞു !

ബഷീർക്കയുടെ കഥ കേട്ടതും ഒപി മുറിയിൽ കൂട്ടച്ചിരിയായി. ക്യൂ തെറ്റിച്ചു വന്ന ബഷീർക്കയോടു തട്ടികയറാൻ കാത്തിരുന്നവർ പോലും ചിരിച്ചു ആഘോഷിക്കുകയാണ്. എല്ലാവരും ചിരിച്ചപ്പോഴും ബഷീർക്കയുടെ മുഖത്തു ഭാവം 'കരുണം' ആയിരുന്നു.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം +919846061027 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

English Summary:

Hilarious Hospital Incident: A Patient’s Misunderstanding That Had Everyone Laughing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com