‘ഇതെന്താ പത്ര റിപ്പോര്‍ട്ടാണോ? അതോ കവിതയോ?’; വഴിത്തിരിവായ ഉപദേശത്തെക്കുറിച്ച് ബി.കെ. ഹരിനാരായണൻ
Mail This Article
ബാലപംക്തിയിലൂടെയാണ് എന്റെ വായനയുടെ തുടക്കം. അച്ഛന്റെ കസിനായ സാവിയോപ്പോളാണ് എനിക്കു കഥകളും കവിതകളും വായിച്ചു തന്നിരുന്നത്. എനിക്കു നാല് ചെറിയച്ഛന്‍മാരാണ്. അഗ്നിത്രാത്തന്‍, പരമേശ്വരന്‍, നാരായണൻ, കൃഷ്ണന്‍. സാഹിത്യവും അക്ഷരവുമായി ബന്ധപ്പെട്ട് ഞാനിന്നെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം ഇവരാണ്. മൂന്നര വയസ്സുള്ളപ്പോൾതന്നെ ചെറിയച്ഛന്‍മാര്‍ എന്നെ ശ്ലോകങ്ങള്‍ പഠിപ്പിച്ചു. ജിയുടെ തിരഞ്ഞെടുത്ത കവിതകളാണ് ഞാന്‍ ആദ്യമായി വായിച്ച കവിതാ പുസ്തകം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘കിനുഗോയാലത്തെരുവ്’ എന്ന ബംഗാളി നോവലാണ് ഞാന്‍ ആദ്യം വായിച്ചത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചെറിയച്ഛന്‍ എനിക്ക് ബഷീറിന്റെ സമ്പൂര്‍ണകൃതികള്‍ കൊണ്ടുതന്നത്. പത്തായപ്പുരയില്‍നിന്നു ശര്‍ക്കരയും കഴിച്ചുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വായിച്ചു തീര്‍ത്തത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൃഷ്ണന്‍ ചെറിയച്ഛന്‍ എന്നെ കാളിദാസന്റെ ‘മേഘസന്ദേശം’ പഠിപ്പിച്ചത്. ചെറിയമ്മമാരില്‍ ഒരാളാണ് വള്ളത്തോളിന്റെ ‘ശിഷ്യനും മകനും’ പഠിപ്പിച്ചത്.
കവിത എഴുതണം എന്നുള്ള ആഗ്രഹം ഉള്ളില്‍ തോന്നിയത് അക്കാലത്താകും. എഴുതി ബാലപംക്തിയിലേക്ക് അയയ്ക്കും. പക്ഷേ പ്രസിദ്ധീകരിച്ചു വന്നില്ല. ആറാംക്ലാസ് മുതല്‍ ഞാന്‍ എരനെല്ലൂര്‍ നാരായണ പിഷാരടി മാഷിന്റെയടുത്ത് മൃദംഗം പഠിച്ചിരുന്നു. പാഠക്കൈ എഴുതുന്നപുസ്തകം ഒരിക്കല്‍ മാഷെടുത്ത് നോക്കിയപ്പോള്‍ അതില്‍ ഒരു കവിത കണ്ടു. മാഷ്ബുക്കുമെടുത്ത് തൊട്ടപ്പുറത്തെ വീട്ടിലേക്കു പോയി. അകത്തെതളത്തില്‍ ഒരാള്‍ പുസ്തകം വായിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ പുസ്തകം കൊടുത്തു. പിന്നീടാണ് ഞാന്‍മനസ്സിലാക്കിയത് അത് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ഇ.പി. ഭരത പിഷാരടി എന്നസംസ്‌കൃത പണ്ഡിതനാണെന്ന്. അദ്ദേഹം എന്നോടു ചോദിച്ചു, ‘ഇതെന്താ പത്ര റിപ്പോര്‍ട്ടാണോ? അതോ കവിതയോ?’ ഞാന്‍ മിണ്ടിയില്ല. ‘കേകവൃത്തം അറിയാമോ?’ ‘ഇല്ല,’ ഞാന്‍ പറഞ്ഞു. അവിടെവച്ച് എന്നെ കേക വൃത്തം പഠിപ്പിച്ചു. ആ വൃത്തത്തില്‍ എഴുതാന്‍ പറഞ്ഞു. ഞാന്‍ എഴുതിയത് അദ്ദേഹം തിരുത്തി. എന്റെ പേര് ചോദിച്ചു. പിന്നീട് ആ കവിത അയച്ചു കൊടുത്തു. ഞാന്‍ നോക്കുമ്പോള്‍ അതിൽ അദ്ദേഹത്തിന്റെ കുറെ വരികള്‍. എന്റെ വരികൾ അത്രമോശമായിരുന്നു.
എന്നാൽ ഞാന്‍ എഴുതിയ ആദ്യകവിത വന്നത് ഭാഷാപോഷിണിയിലാണ്. ‘വേഷം’ എന്നായിരുന്നു കവിതയുടെ പേര്. ഒരു നോട്ടുപുസ്തകത്തില്‍ എന്റെ കവിത കണ്ടിട്ട് വി.ടി. വാസുദേവന്‍മാഷാണ് കെ. സി. നാരായണന് കവിത അയച്ചു കൊടുത്തത്. എന്റെ പേര് നാരായണന്‍ എന്നാണ് വീട്ടിൽ ഹരി എന്നു വിളിക്കും. ഇതുരണ്ടുംചേർത്ത് ‘ഹരിനാരായണന്‍’ എന്നിട്ടതും വി.ടി. വാസുദേവൻ മാഷാണ്. ജയന്‍ എന്ന എന്റെ ആത്മ സുഹൃത്താണ് എന്നെ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്റെ അടുത്തെത്തിച്ചത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു ജയന്‍.അങ്ങനെ ഞാന്‍ ‘ത്രില്ലര്‍’ എന്ന സിനിമയില്‍ പാട്ടെഴുതി ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ചു. ജയൻ ഇപ്പോൾ എന്നോടൊപ്പം ഇല്ല...