Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

െഎടി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരും ഉൾക്കൊള്ളണം : വി. കെ. മാത്യൂസ്

ibs-chairman-v-k-mathews-it-sector

മനസു തളർന്നുപോകാതെ ഐടി മേഖലയിലെ മാറ്റങ്ങളെ പുണരാൻ ജീവനക്കാർ തയ്യാറെടുക്കണമെന്നു  ഇരുപതാം വാർഷികം ആഘോഷിക്കുന്ന ബഹുരാഷ്ട്ര ഐടി കമ്പനിയായ ഐബിഎസിന്റെ എക്സിക്യുട്ടീവ് ചെയർമാനും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സതേൺ റീജനൽ കൗൺസിൽ അംഗവുമായ വി.കെ.മാത്യൂസ്. 

രണ്ടു വർഷമായി ഐടി കമ്പനികളിലെ റിക്രൂട്മെന്റ് കുറഞ്ഞതോടെ ടെക്കികൾക്കിടയിൽ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നതു ശരിതന്നെ, പക്ഷേ കാലത്തെ അതിജീവിക്കുന്ന കമ്പനികൾക്കൊപ്പം മാറാൻ ജീവനക്കാരും അവരുടെ ഉത്പാദനശേഷിയെക്കുറിച്ചു ബോധവാന്മാരായിരിക്കണം. വലിയ പ്രതിസന്ധികളും അത്രത്തോളം തന്നെ അവസരങ്ങളുമുള്ള ഇടനാഴിയിലാണ് ഇന്ത്യയിലെ ഐടി രംഗം. പ്രതിസന്ധികളെല്ലാം തന്നെ പുത്തൻ അവസരങ്ങളുടെ തുടക്കമാണ്. ഇനിയുള്ളത് 'ഊബറൈസേഷന്റെ' കാലമാണ്. നിലവിലുള്ള കാറുകൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന ഊബർ മാതൃക ഐടി രംഗത്തേക്കു വ്യാപിക്കുകയാണ്. മനോഭാവത്തിലും തൊഴിൽസംസ്കാരത്തിലും പുതിയകാലത്തെ ഉൾക്കൊണ്ടില്ലെങ്കിൽ പിന്തള്ളപ്പെട്ടുപോകും. ഐടി ജോലികൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ ഏതുകോണിലേക്കും ഔട്ട്സോഴ്സ് ചെയ്യാവുന്ന കാലത്ത് മാറ്റങ്ങൾ സങ്കൽപ്പങ്ങൾക്കപ്പുറമാണ്.

ഡിജിറ്റൽ ലോകത്ത് എങ്ങനെ ജീവിക്കാനാകുമെന്നതായിരിക്കും അടുത്ത പത്തുവർഷത്തെ ഏറ്റവും വലിയ ചർച്ചാവിഷയം. രാജ്യാന്തര ഗവേഷണ സ്ഥാപനമായ മകിൻസേയുടെ റിപ്പോർട്ട് പ്രകാരം പരമ്പരാഗത ഐടി കമ്പനികൾ നൽകിയിരുന്ന സേവനങ്ങളിൽ 35 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പത്തുവർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ അനാലിസിസ്, ബ്ലോക്ചെയിൻ, ഡ്രൈവർ രഹിത വാഹനങ്ങൾ, ഇലക്ട്രിക വാഹനങ്ങൾ, മനുഷ്യരും യന്ത്രങ്ങളും തമ്മിൽ ആശയവിനിമയം എളുപ്പമാക്കുന്ന സാങ്കേതികവിദ്യ, മെഷീൻ ലേണിങ് തുടങ്ങിയവയിൽ വലിയ കുതിപ്പുണ്ടാകും. യന്ത്രങ്ങൾ അവർ കണ്ടെത്തുന്ന പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്ന സ്ഥിതിയെത്തിയിരിക്കുന്നു. 

വിവരാവകാശം പോലെ ഇന്റർനെറ്റ് പൗരന്മാരുടെ മൗലികാവകാശമാകണം. ജോലിയിൽ ഓട്ടോമേഷൻ വരുമെന്ന യാഥാർഥ്യത്തെ അംഗീകരിച്ചേ പറ്റൂ. തൊഴിലവസരങ്ങൾ കുറയുകയല്ല, പകരം പുതിയ മേഖലകൾ ഉയർന്നുവരികയാണ്. 98 ശതമാനം പേർ കൃഷി ചെയ്തിരുന്ന കാലത്ത് ആധുനികവൽക്കണം വന്നപ്പോൾ നൂറുകണക്കിനു തൊഴിലവസരങ്ങൾ ജനിക്കുകയായിരുന്നു. തൊഴിലിടങ്ങൾ അതിവേഗ മാറ്റങ്ങൾക്കു വിധേയമാകുമ്പോൾ ഡിജിറ്റൽ കാലത്ത് എങ്ങനെ ജീവിക്കാമെന്നുള്ള വഴികാട്ടികളായി സർവകലാശാലകൾ മാറണം.  പരമ്പരാഗത മേഖലയിൽ നിന്നു പുറംതള്ളപ്പെട്ടുപോകുന്നവരെ പുനരധിവസിപ്പിക്കുന്നതിനേടൊപ്പം അവരെ പുതിയ മേഖലകൾ കീഴടക്കാനും സർക്കാർ പ്രാപ്തരാക്കണം. 

സ്വന്തം ഡേറ്റ സെന്ററുകൾ ഉപേക്ഷിച്ച് ക്ലൗഡ് വഴി സിസ്റ്റം നിയന്ത്രിക്കാൻ കഴിയുന്ന രീതിക്കു പ്രചാരമേറുകയാണ്. ആമസോണിന്റേതു പോലെയുള്ള പബ്ലിക് ക്ലൗഡ് സേവനങ്ങളുണ്ടെങ്കിലും പല രാജ്യങ്ങളിലെയും വിവരസുരക്ഷാ നിയമങ്ങൾ ശക്തമായതിനാൽ അതതു രാജ്യങ്ങളിൽ തന്നെ ഡേറ്റ സെന്ററുകൾ നിർബന്ധമാണ്. നിയമങ്ങളിൽ മാറ്റം വന്നാൽ സ്വന്തം ഡേറ്റ സെന്റർ എന്ന സങ്കൽപ്പത്തിനും ഇടിവു സംഭവിക്കാം. ലോകത്തിലെ ഒന്നാം നമ്പർ എന്റർപ്രൈസ് കമ്പനിയായി മാറാനുള്ള ജൈത്രയാത്രയിലാണ് ഐബിഎസ്. റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് മേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നുമെന്നും കൂടുതൽ കമ്പനികളെ ഏറ്റെടുക്കുന്ന കാര്യം ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.