അപ്ലൈഡ് സയന്‍സില്‍ ബിരുദം നേടിയ യുവാവ് തിരിച്ചു നാട്ടിലെത്തിയത് വാഴക്കൃഷി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്. പക്ഷേ, പഠിച്ച കോളജിലെ പ്രിന്‍സിപ്പല്‍ ആ യുവാവിനോടു കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദാനന്തരബിരുദം ചെയ്യാന്‍ ആവശ്യപ്പെട്ടു. അതോടെ വാഴക്കൃഷി വിട്ട് പയ്യന്‍സ് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന് (എംസിഎ) പഠനത്തിനു ചേര്‍ന്നു. 30 വര്‍ഷം പിന്നിടുമ്പോള്‍ നാട്ടിലെ വാഴക്കൃഷിക്കു വലിയ മാറ്റമൊന്നും ഉണ്ടായില്ല. പക്ഷേ, വാഴക്കൃഷി വേണ്ടെന്നു വച്ച് എംസിഎ പഠിക്കാന്‍ പോയ പഴയ ആ യുവാവ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റാ സണ്‍സിന്റെ ചെയര്‍മാനാണ്. വ്യവസായ ലോകത്ത് ചന്ദ്ര എന്ന പേരില്‍ അറിയപ്പെടുന്ന എന്‍. ചന്ദ്രശേഖരന്‍.
നടരാജന്‍ ചന്ദ്രശേഖരന്‍ എന്ന അൻപത്തിനാലുകാരന്‍ ഇന്ത്യയിലെ ഓരോ വിദ്യാര്‍ഥിക്കും പാഠപുസ്തകമാണ്. ഒരു മധ്യവര്‍ഗ കുടുംബത്തില്‍നിന്ന് പഠനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും എങ്ങനെ ജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കാം എന്ന ജീവിതപാഠം. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലുള്ള മോഹനൂര്‍ ഗ്രാമത്തിലെ അഗ്രഹാരത്തെരുവിലെ ചെറിയ വീട്ടിലായിരുന്നു ചന്ദ്രശേഖരന്റെ ജനനം. അച്ഛന്‍ എസ്. നടരാജന്‍ മദ്രാസ് ഹൈക്കോടതിയില്‍ വക്കീലായിരുന്നു. അമ്മ മീനാക്ഷി വീട്ടമ്മ. ഗ്രാമത്തിലെ തമിഴ് മീഡിയം ഗവണ്‍മെന്റ് സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠനം. പഠിക്കുന്ന കാലത്തേ കണക്കില്‍ മിടുക്കനായിരുന്നു. അക്കാദമികമായി ശരാശരി വിദ്യാര്‍ഥിയായിരുന്നെങ്കിലും ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ പരിപൂര്‍ണമായി മനസ്സര്‍പ്പിക്കുമായിരുന്നു.
ദിവസവും നാലു കിലോമീറ്ററോളം സഹോദരന്മാര്‍ക്കൊപ്പം നടന്നായിരുന്നു സ്‌കൂളിലേക്കുള്ള ചന്ദ്രയുടെ പോക്ക്. ഒരു ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ ശേഷം ചന്ദ്രശേഖരന്‍ കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അപ്ലൈഡ് സയന്‍സസ് ബിരുദപഠനത്തിന് ചേര്‍ന്നു. തുടര്‍ന്ന് വീട്ടിലെത്തി ആറു മാസത്തോളം കൃഷിയും കാര്യങ്ങളുമൊക്കെയായി നടക്കുമ്പോഴാണ് കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രിന്‍സിപ്പല്‍ എം. ഗുരുസ്വാമിയുടെ നിര്‍ദേശ പ്രകാരം എംസിഎ പഠിക്കാന്‍ തീരുമാനിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെ റീജനല്‍ എന്‍ജിനീയറിങ് കോളജിലായിരുന്നു പഠനം.
എംസിഎ അവസാന വര്‍ഷം പഠിക്കുമ്പോള്‍ തന്നെ ഒരു പ്രോജക്ട് സംബന്ധമായി ടിസിഎസുമായി ബന്ധപ്പെട്ടു. പഠിച്ചിറങ്ങിയ ശേഷം 1987ല്‍ ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍ ഇന്റേണായി ജോലിക്കു ചേര്‍ന്നു. 1993 ല്‍ പുതിയ ടീമിന്റെ ചുമതല നല്‍കി ടിസിഎസ് ചന്ദ്രയെ അമേരിക്കയില്‍ അയച്ചു. 1997ല്‍ മടങ്ങിയെത്തിയ ചന്ദ്ര അപ്പോഴത്തെ സിഇഒയും ചന്ദ്രയുടെ പില്‍ക്കാല മാര്‍ഗ്ഗദര്‍ശിയുമായ എസ്. രാമദൊരൈയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി. 2002ല്‍ ടിസിഎസിന്റെ ഗ്ലോബല്‍ സെയില്‍സ് ഹെഡും 2007ല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി. 2009 ലാണ് ടിസിഎസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി നിയമിതനാകുന്നത്. എട്ടു വര്‍ഷത്തിനു ശേഷം ടാറ്റാ വ്യവസായ കുടുംബത്തിന്റെ ഹോള്‍ഡിങ് ഗ്രൂപ്പായ ടാറ്റാ സണ്‍സില്‍ ചെയര്‍മാനായി സ്ഥാനാരോഹണം.
കുടുംബത്തില്‍നിന്നും ഗ്രാമത്തില്‍നിന്നും ലഭിച്ച മൂല്യങ്ങളാണ് ചന്ദ്രശേഖരന്റെ ജീവിതത്തിന്റെ അടിത്തറ. ഒരിക്കല്‍ പരിചയപ്പെട്ട ഒരാളെയും പിന്നീടു മറക്കാതിരിക്കുന്ന സ്വഭാവസവിശേഷത, ചന്ദ്രശേഖരനുമായിട്ടുള്ള കൂടിക്കാഴ്ചകളില്‍ ഒരു വ്യക്തിഗത സ്പര്‍ശം നല്‍കുന്നതായി വ്യവസായമേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷേ ഈ ഗുണങ്ങൾ കൊണ്ടാകാം മാനേജ്‌മെന്റ് ബിരുദധാരി അല്ലാതിരുന്നിട്ടും ഇന്ത്യന്‍ വ്യവസായ ലോകത്തെ സമര്‍ഥമായി മാനേജ് ചെയ്യാന്‍ ചന്ദ്രശേഖരനു സാധിക്കുന്നത്. മൂത്ത ജ്യേഷ്ഠന്‍ എന്‍. ശ്രീനിവാസന്‍ മുരുഗപ്പ ഗ്രൂപ്പിന്റെ ഫിനാന്‍സ് ഡയറക്ടറും രണ്ടാമത്തെ ജ്യേഷ്ഠന്‍ എന്‍. ഗണപതി സുബ്രഹ്മണ്യം ടിസിഎസിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ്. ചന്ദ്രശേഖരന്റെ പത്‌നി ലളിത ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറാണ്. 20 വയസ്സുകാരന്‍ പ്രണവ് ഏകമകനാണ്.