Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാകണം? ഇന്ത്യയിലെ കൗമാരക്കാര്‍ പറഞ്ഞത്

student

"വലുതാകുമ്പോള്‍ നിനക്ക് ആരായി തീരണം?." കുട്ടിക്കാലം മുതല്‍ പലരും നേരിട്ട ചോദ്യമാണിത്. ചെറിയ ക്ലാസുകളിലൊക്കെ ഇതിനുത്തരം ഡ്രൈവര്‍, പോലീസ്, ക്രിക്കറ്റ് കളിക്കാരന്‍, സിനിമ നടി, പാട്ടുകാരി എന്നൊക്കെയായിരിക്കും പലപ്പോഴും. എന്നാല്‍ ഒരു ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കു ചെല്ലുന്നതോടെ സ്വപ്‌നങ്ങള്‍ ഒന്നു കൂടി യാഥാർഥ്യ ബോധം കൈവരിക്കുന്നു. അങ്ങനെയെങ്കില്‍ ഗ്രാമീണ ഇന്ത്യയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും എന്തായി തീരാനാണ് ആഗ്രഹിക്കുന്നത്?

പ്രഥം ഫൗണ്ടേന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പുറത്തുവിട്ട ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട്(അസര്‍) അനുസരിച്ചു ഗ്രാമീണ ഇന്ത്യയിലെ 14നും 18നും ഇടയില്‍ പ്രായമായ കൗമാരക്കാരുടെ ഇഷ്ട ജോലി ഡോക്ടറും നഴ്‌സുമാണ്. ഈ പ്രായത്തിലുള്ള 18.1 ശതമാനം കുട്ടികളാണു ഡോക്ടര്‍ അല്ലെങ്കില്‍ നഴ്‌സായാല്‍ മതിയെന്ന് അഭിപ്രായപ്പെട്ടത്. എന്‍ജിനീയര്‍ ആയി തീരണമെന്നു പറഞ്ഞവര്‍ 11.6 ശതമാനമാണ്. 

കുട്ടികളുടെ പ്രഫഷണല്‍ സങ്കല്‍പങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസവും പ്രകടമാണ്. 17.6 ശതമാനം ആണ്‍കുട്ടികളും പട്ടാളം, പോലീസ് ജോലികള്‍ ആഗ്രഹിക്കുമ്പോള്‍ 25.1 ശതമാനം പെണ്‍കുട്ടികളും അധ്യാപക ജോലി ലക്ഷ്യമിടുന്നു. ഗ്രാമത്തിലെ കൗമാരക്കാരില്‍ 1.2 ശതമാനം മാത്രമാണു കൃഷി ഉപജീവനമാര്‍ഗ്ഗമാക്കണം എന്ന് ആഗ്രഹിക്കുന്നത്.  

40 ശതമാനം കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന ജോലിയില്‍ റോള്‍ മോഡലുകള്‍ ആരുമില്ലെന്നും സര്‍വേ വെളിപ്പെടുത്തുന്നു. മാതാപിതാക്കള്‍ ചെയ്യുന്ന ജോലി നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ പ്രായത്തില്‍ വളരെ കുറവാണെന്നും സര്‍വേ കണ്ടെത്തി. 24 സംസ്ഥാനങ്ങളിലെ 28 ഗ്രാമീണ ജില്ലകളെയാണു സര്‍വേയില്‍ പങ്കെടുപ്പിച്ചത്.

More Campus Updates>>