കൊല്ലാൻ പറഞ്ഞവർ അറിഞ്ഞിരുന്നോ ഇവൻ ആരെന്ന്?

ജനിക്കുന്ന സമയത്ത് ശിവത്തിനു വലതു കയ്യില്‍ മൂന്നു വിരലുകള്‍. ഇടതു കയ്യിലാകട്ടെ, കൂടിച്ചേര്‍ന്നിരിക്കുന്ന തള്ളവിരല്‍. കാലുകള്‍ പൂര്‍ണമായും തളര്‍ന്നിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍തന്നെ ആരംഭിച്ച വൈകല്യം. ഇത്രയും വൈകല്യങ്ങളുള്ള കുഞ്ഞിനെ കൊന്നുകളയാന്‍ പോലും ചിലര്‍ ശിവത്തിന്റെ മാതാപിതാക്കളെ ഉപദേശിച്ചു. പലരും അവരോടു സഹതപിച്ചു. 

ഒരു പാന്‍ കടയില്‍നിന്നു കിട്ടുന്ന തുച്ഛമായ 100 രൂപയായിരുന്നു ശിവത്തിന്റെ പിതാവിന്റെ ശമ്പളം. എന്നിട്ടും മാതാപിതാക്കള്‍ വൈകല്യമുള്ള ആ കുട്ടിയെ വളര്‍ത്തി. 22 വര്‍ഷങ്ങള്‍ക്കിപ്പുറം ശിവം പോര്‍വല്‍ എന്ന ആ മകന് ഇന്നു മേല്‍വിലാസങ്ങള്‍ പലതാണ്. ബിഎസ്എന്‍എല്ലിലെ ടെലികോം ഓഫിസര്‍, മുന്‍ ഐഐടി വിദ്യാര്‍ഥി, നീന്തല്‍ താരം, മോട്ടിവേഷനല്‍ സ്പീക്കര്‍, പാട്ടുകാരന്‍, കവി, ഗിറ്റാര്‍വാദകൻ‍... ജീവിതത്തില്‍ പലതും കയ്യെത്തിപ്പിടിക്കാൻ വൈകല്യം ഒരു തടസ്സമേയല്ലെന്നു കാട്ടിത്തരുകയാണ് ശിവം പോര്‍വല്‍. 

മധ്യപ്രദേശിലെ മഹിദ്പൂരില്‍ 16 പേരടങ്ങിയ ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ശിവത്തിന്റേത്. തുടക്കം മുതലേ ശിവം ഒരു റിബലായിരുന്നു. സാധാരണ കുട്ടികള്‍ ചെയ്യുന്നതെല്ലാം ചെയ്യുകയെന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ശിവത്തിന്റെ വൈകല്യം കൂട്ടുകാര്‍ക്കു കളിയാക്കാൻ ഒരു കാരണമായിരുന്നെങ്കിലും നന്നായി പഠിക്കുന്ന ആ കുട്ടി അധ്യാപകരുടെ ഇഷ്ടഭാജനമായിരുന്നു. 

മുട്ടിലിഴഞ്ഞു നീങ്ങി ഒട്ടേറെ കഷ്ടപ്പാടുകളെ അതിജീവിച്ച് ശിവം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മിച്ചം പിടിച്ച പൈസയുമായി പിതാവ് ഒരു സ്‌കൂട്ടര്‍ വാങ്ങി നല്‍കിയത് ശിവത്തിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി. പരസഹായമില്ലാതെ പുറത്തിറങ്ങി പലതും ചെയ്യാനുള്ള പ്രചോദനമായി ആ സ്‌കൂട്ടര്‍. 

ദേശീയ നീന്തല്‍ താരമായ ബന്ധുവാണ് നീന്തല്‍കുളത്തില്‍ ഇറങ്ങാനുള്ള പ്രേരണ നല്‍കിയത്. അടങ്ങാത്ത മനോവീര്യം കൊണ്ട് ശിവം നീന്തല്‍കുളത്തിലും താരമായി. വാശിയോടെ പഠിച്ച് ഒടുക്കം ഐഐടി പട്‌നയില്‍ ബിടെക്കിന് പ്രവേശനം നേടി. പഠനം കഴിഞ്ഞ് ബിഎസ്എന്‍എല്ലില്‍ ടെലികോം ഓഫിസറായി ജോലിക്കു കയറി. മാതാപിതാക്കള്‍ ജീവിതത്തില്‍ പകര്‍ന്നു നല്‍കിയ പ്രതീക്ഷയാണ് ശിവത്തെ ഇത്രയുമെത്തിച്ചത്. ആ പ്രതീക്ഷയുടെ ചെറുവെട്ടം മറ്റുള്ളവരിലേക്ക് കൂടി പകരാനുള്ള ശ്രമത്തിലാണ് ശിവം പോര്‍വല്‍ എന്ന പോരാളി ഇപ്പോള്‍. 

Be Positive>>