വനിതാ സംരംഭകർക്കായി ധന–സ്‌ത്രീ കേന്ദ്രങ്ങൾ

കൊച്ചി ∙ ചെറുകിട, ഇടത്തരം, മൈക്രോ സംരംഭങ്ങളിലേക്കു വനിതാ സംരംഭകരെ ആകർഷിക്കാൻ രാജ്യവ്യാപകമായി ധന–സ്‌ത്രീ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. പദ്ധതിക്കു തുടക്കമിടുന്നതു കേരളത്തിലാണ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ ഉപസ്‌ഥാപനമായ ബിഎസ്‌ഇ ഇൻസ്‌റ്റിറ്റ്യൂട്ട് ലിമിറ്റഡും (ബിഐഎൽ) ദുബായ് ആസ്‌ഥാനമായുള്ള ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷനൽസ് ഗ്രൂപ്പും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

വിദേശത്തുള്ള ഇന്ത്യൻ വനിതകൾക്കും വീട്ടമ്മമാർക്കും വരെ പ്രയോജനം ലഭിക്കുന്ന തരത്തിലാണു പദ്ധതി രൂപകൽപന ചെയ്‌തിട്ടുള്ളതെന്നു ബിഎസ്‌ഇ ഇൻസ്‌റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അംബരീഷ് ദത്തയും ഐബിഎംസി ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ പി.കെ. സജിത് കുമാറും അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പരിശീലനം നൽകുന്നതാണ്. 

കേരളത്തിൽ പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം, മൈക്രോ സംരംഭങ്ങൾക്ക് ഐബിഎംസി – യുഎഇ ബിസിനസ് ഫെസ്‌റ്റിലൂടെ വിദേശ വിപണി കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയും നാഷനൽ പെൻഷൻ സ്‌കീമിന്റെ(എൻപിഎസ്) പ്രയോജനം പ്രവാസികൾക്കു ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്നു സജിത് കുമാർ പറഞ്ഞു. പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ 9249499905, 9249499908 നമ്പറുകളിൽ ലഭിക്കും.