മലപ്പുറം ∙ പാഠപുസ്തകങ്ങളിലെ വിവരങ്ങൾ പരീക്ഷാക്കടലാസ്സുകളിലേക്ക് ഛർദിച്ചു വയ്ക്കുന്ന സമ്പ്രദായമല്ല വിദ്യാഭ്യാസം – പറയുന്നത് കേന്ദ്ര സർക്കാരാണ്. കഴിഞ്ഞ ദിവസം പ്രമുഖ പത്രങ്ങളിൽ എൻസിഇആർടി (നാഷനൽ കൗൺസിൽ ഒാഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ്) പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ഈ വിമർശനമുള്ളത്. ശേഷം, അവർ ഒരു കാര്യം കൂടി പറയുന്നു: സ്കൂൾ കരിക്കുലത്തിന്റെ ഭാരം കുറയ്ക്കാൻ രാജ്യത്തെ ഏതൊരാൾക്കും നിർദേശങ്ങൾ സമർപ്പിക്കാം. അപൂർവമായിട്ടാണ് രാജ്യത്തെ വിദ്യാഭ്യാസ ഏജൻസി ഇത്തരമൊരു പരസ്യം നൽകുന്നത്. പ്രമുഖ പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 വരെ mhrd.gov.in/suggestions എന്ന വെബ് ലിങ്കിലൂടെ നിർദേശങ്ങൾ സമർപ്പിക്കാം.
സ്പോർട്സും ലൈഫ് സ്കിൽസും പരീക്ഷണങ്ങളിലൂടെ കാര്യങ്ങൾ മനസ്സിലാക്കിയുള്ള അറിവും വ്യക്തിത്വ വികാസനത്തിന് അത്യാവശ്യമാണെന്ന് പരസ്യത്തിലൂടെ അധികൃതർ സമ്മതിക്കുന്നു. പക്ഷേ, ഇപ്പോൾ സിലബസിന്റെ ഭാരം നിമിത്തം കുട്ടികൾ ബുദ്ധിമുട്ടിലാണെന്നും വ്യക്തിത്വ വികാസത്തിനായുള്ള പരിപാടികൾക്കായി അവർക്കു സമയം കിട്ടുന്നില്ലെന്നും വിമർശനാത്മകമായി പറയുന്നു. ഈ സാഹചര്യത്തിൽ കുട്ടികൾക്കു താങ്ങാവുന്ന രീതിയിലേക്കു സ്കൂൾ കരിക്കുലം ലഘൂകരിക്കാനും പരിഷ്കരിക്കാനുമുള്ള നിർദേശങ്ങളാണു കേന്ദ്രം തേടുന്നത്. ഒന്നാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെയുള്ള സിലബസും വിഷയങ്ങളും പരിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങളാണ് അധികൃതർ തേടുന്നത്.