റോബട്ടുകൾക്കിഷ്ടമായാൽ മാത്രം ജോലി !

റിക്രൂട്മെന്റ് രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുവരുന്ന മാറ്റമെന്ത്; വരൂ, വേരയോടു ചോദിക്കാം . വേര ഒരു റിക്രൂട്മെന്റ് മാനേജരാണ്. നാട് റഷ്യയാണെങ്കിലും ആള് ഗ്ലോബലാണ്. പെപ്സികോ, ലോറിയൽ, ഫർണിച്ചർ രംഗത്തെ ലോകോത്തര ബ്രാൻഡായ ഐകിയ തുടങ്ങി ലോകമെങ്ങുമുള്ള മുന്നൂറോളം കമ്പനികൾക്കു റിക്രൂട്മെന്റിനു വേര തന്നെ വേണം.

വിവിധ ജോബ്സൈറ്റുകളിലായുള്ള ഉദ്യോഗാർഥികളുടെ റെസ്യൂമെ പരിശോധിക്കും. യോഗ്യരെന്നു തോന്നുന്നവരെ വിളിക്കും.  താൽപര്യം പ്രകടിപ്പിക്കുന്നവർക്കു വിഡിയോ ഇന്റർവ്യൂ. ഈ ഘട്ടം വിജയിക്കുന്നവരെ കമ്പനികൾക്കു ശുപാർശ ചെയ്യും. വേര നിർദേശിക്കുന്നവരെ മടി കൂടാതെ എടുക്കുകയാണത്രേ പതിവ്. കാരണം ഒന്നേയുള്ളൂ, മനുഷ്യനു തെറ്റിയാലും റോബട്ടിനു തെറ്റില്ല എന്ന വിശ്വാസം. അതെ, വേര റഷ്യയിൽ പിറന്ന വെർച്വൽ റോബട്ടാണ്; ആർട്ടിഫിഷ്യൽ റിക്രൂട്മെന്റ് മാനേജർ.

സൗദി പൗരത്വം നൽകിയ സോഫിയ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) മറ്റൊരു മനോഹര സാധ്യത. എഐയുടെ വികാസത്തോടെ റിക്രൂട്മെന്റ് രീതികളിൽ വിപ്ലവകരമായ അഴിച്ചുപണി വരുന്നു. ‘എഐ ഓൺ റിക്രൂട്ടിങ്’ എന്ന പുതിയ മേഖല തന്നെ രൂപം കൊണ്ടിരിക്കുന്നു.

എഐ റിക്രൂട്ടിങ് എങ്ങനെ
ജോലി ത‌ിരഞ്ഞെടുക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത വിലയിരുത്തി രണ്ട് എംഐടി (മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) വിദ്യാർഥികൾ ‘ ബീൻസ്പ്രോക്ക് ’ എന്ന വെബ്സൈറ്റ് സ്ഥാപിച്ചിരുന്നു. സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നവരുടെ അഭിരുചികൾ വിലയിരുത്തി മികച്ച ജോലികളിലേക്ക് അവരെ എത്തിക്കുന്ന ബീൻസ്പ്രോക്ക് എഐ ജോബ്സൈറ്റുകളുടെ ആദ്യകാല പതിപ്പായിരുന്നു. പിന്നീട് എന്തോ കാരണങ്ങളാൽ ഈ സ്റ്റാർട്ടപ്പ് നിന്നുപോയി.

ഗൂഗിൾ ഇടയ്ക്കു കൊണ്ടുവന്ന ‘ഗൂഗിൾ ഫോർ ജോബ്സ്’  സെർച് എൻജിനും എഐ സേവനങ്ങൾ ഉപയോഗിച്ചിരുന്നു. ഏഷ്യയിൽ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഏഷ്യയിലെ ആദ്യ ജോബ്സൈറ്റ് സിംഗപ്പൂരിൽ തുടങ്ങിയിട്ടുണ്ട്– ജോബ്ടെക്. ജോലി കണ്ടെത്താൻ ഇന്നത്തെ ജോബ്സൈറ്റുകളിൽ ഉദ്യോഗാർഥികൾ ചെലവഴിക്കുന്ന സമയം കുറയുമെന്നതാണ് ഏറ്റവും വലിയ ഗുണം. തൊഴിൽദാതാക്കൾക്ക് വേണ്ട നൈപുണ്യങ്ങൾ  സ്വന്തമായുള്ള ഉദ്യോഗാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ സോഫ്റ്റ്‌വെയർ അവർക്കു പറഞ്ഞുകൊടുക്കും. കമ്പനികൾ ഉദ്യോഗാർഥികളെ ബന്ധപ്പെട്ടോളും.

റിക്രൂട്മെന്റ് നടപടികളിൽ സമയത്തിലും അധ്വാനത്തിലുമുള്ള ലാഭമാണ് എഐ കൊണ്ടുവരുന്ന ഏറ്റവും വലിയ മാറ്റം. വേരയുടെ പിറവി തന്നെ രസകരമാണ്. വ്ലാഡമിർ സ്വെഷ്നികോവ് (28), അലക്സാണ്ടർ ഉറാക്സിൻ (30) എന്നീ സ്റ്റാർട്ടപ് സംരംഭകർ നൂറുകണക്കിന് ഉദ്യോഗാർഥികളെ ഫോൺ ചെയ്തു മടുത്തപ്പോഴാണ് ഇത്തരം ജോലികൾക്കു റോബട്ട് ആയാലെന്താ എന്നു ചിന്തിച്ചത്. നൂറുകണക്കിനു കോളുകൾ കക്ഷിക്ക് ഒരേസമയം കൈകാര്യം ചെയ്യാം. നമുക്ക് ഒരു ദിവസം വേണ്ടിവരുന്ന ജോലി തീർക്കാൻ വേരയ്ക്കു വേണ്ടത് ഏതാനും നിമിഷങ്ങൾ മാത്രം. ബട്ട്, വൺ തിങ്... റോബട്ടുകൾക്കിഷ്ടമായാൽ മാത്രം ജോലി കിട്ടുന്ന കാലമാകും ഇനി വരിക.