Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ ഇന്റർനെറ്റ് ഇടപെടലും 'പണി' തരാനിടയുണ്ട് !

503194689

പല കമ്പനികളും ജോലിക്കു തിരഞ്ഞെടുക്കുമ്പോഴും ഉദ്യോഗാർഥിയുടെ സമൂഹമാധ്യമ ഭൂതകാലം  ചികയും. ചുമ്മാ വിരട്ടാൻ പറയുന്നതാകും, നമ്മൾ പറഞ്ഞില്ലെങ്കിൽ ഇതൊക്കെ എങ്ങനെ കണ്ടെത്താനാണെന്നു ചിന്തിക്കാൻ വരട്ടെ. സമയക്കുറവും അപേക്ഷകരുടെ എണ്ണത്തിലെ വർധനയും മൂലം പല കമ്പനികളും ഈ പണി ഇന്റലിജന്റ് സ്ക്രീനിങ് സോഫ്റ്റ് വെയറുകളെയാണ് ഏൽപിച്ചിരിക്കുന്നത്. ഇവ ആയിരക്കണക്കിനു പ്രൊഫൈലുകളിലൂടെ കയറിയിറങ്ങി അടിമുടി പരിശോധിക്കും. ഓറക്കിൾ ടാലിയോ, സാപ് സക്സസ് ഫാക്ടര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ രാജ്യാന്തര തലത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. നമ്മുടെ ഓരോ ഇന്റർനെറ്റ് ഇടപെടലും മനസ്സിലാക്കി ഭൂതവും ഭാവിയും ചാഞ്ചാട്ടങ്ങളും പഠിച്ചു റിക്രൂട്ട് ചെയ്യുന്ന എച്ച്ആർ ടെക് അഥവാ ഓട്ടോമേറ്റഡ് റിക്രൂട്മെന്റിന്റെ കാലമാണിത്.

പ്രൊഫൈലിൽ ശ്രദ്ധിക്കാൻ
∙ സമൂഹമാധ്യമ പ്രൊഫൈലുകൾ, ഫോറങ്ങൾ എന്നിവയിലെ ഇടപെടലുകൾ നിരീക്ഷപ്പെടുമെന്ന് ഉറച്ച ബോധ്യം വേണം.

∙ ജോലിക്ക് ആവശ്യമായ കഴിവുകൾക്കനുസരിച്ച് പ്രൊഫൈലും അതിലെ ഉള്ളടക്കവും ഫൈൻട്യൂൺ ചെയ്യാം.

∙ ലിങ്ക്ഡ്ഇൻ പോലെയുള്ള സൈറ്റുകളിൽ മുൻ സ്ഥാപനങ്ങളിലെ ജോലി വിവരങ്ങൾ, കൈകാര്യം ചെയ്തിരുന്ന മേഖലകൾ എന്നിവ കൃത്യമായി രേഖപ്പെടുത്താം.

∙ സോഫ്റ്റ് വെയറുകൾക്ക് തിരിച്ചറിയാൻ കഴിയുന്ന വിധം പ്രൊഫൈലുകളിൽ കീവേഡുകൾ ഉപയോഗിക്കുക.

∙ സമാന തൊഴിലിടങ്ങളിലുള്ളവരെ സുഹൃദ്‍വലയത്തിൽ ഉൾപ്പെടുത്തുക. സെർച്ച് ചെയ്യുമ്പോൾ കൂടുതൽ പ്രാമുഖ്യം നിങ്ങളുടെ പ്രൊഫൈലുകൾക്കു ലഭിക്കും.

∙ പൂർണബോധ്യമില്ലാത്ത കാര്യങ്ങൾ സിവിയിൽ ഉൾപ്പെടുത്താതിരിക്കുക. കളവ് പിടിക്കപ്പെടാം.

''കാൻഡിഡേറ്റ് എക്സ്പീരിയൻസിന് ഇനി റിക്രൂട്മെന്റ് രംഗത്തു വലിയ പ്രാധാന്യമുണ്ടാകും. അഭിമുഖം കഴിഞ്ഞാലും അവരുമായി കമ്പനി എത്രത്തോളം സൗഹാർദപരമായി ആശയവിനിമയം നടത്തുന്നു, കൃത്യമായി അറിയിപ്പുകൾ നൽകുന്നു എന്നിവയൊക്കെ പ്രധാനം. ഇതിനു സാങ്കേതികവിദ്യ കൂടിയേ തീരൂ. റിക്രൂട്മെന്റ് പ്രക്രിയയ്ക്കു തന്നെ മാർക്കിടാൻ കഴിയുന്ന കാലമാണ്.''

അരുൺ സത്യൻ,സ്ഥാപകൻ, ഹൈറോ റിക്രൂട്മെന്റ് ആക്സിലറേറ്റർ, തിരുവനന്തപുരം