യുഎസിലേക്കുള്ള എച്ച്1ബി വീസയ്ക്കുള്ള അപേക്ഷാ വിവരങ്ങളിൽ ഒരു വ്യവസ്ഥ ശ്രദ്ധിച്ചിരുന്നോ ? വീസ ഇന്റർവ്യൂവിനും പാസ്പോർട്ട് സ്റ്റാംപിങ്ങിനും പോകുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ സമൂഹമാധ്യമ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കണം. എച്ച്1ബി വീസയ്ക്കു മാത്രമല്ല, പല കമ്പനികളും ജോലിക്കു തിരഞ്ഞെടുക്കുമ്പോഴും ഉദ്യോഗാർഥിയുടെ സമൂഹമാധ്യമ ഭൂതകാലം ചികയും. ചുമ്മാ വിരട്ടാൻ പറയുന്നതാകും, നമ്മൾ പറഞ്ഞില്ലെങ്കിൽ ഇതൊക്കെ എങ്ങനെ കണ്ടെത്താനാണെന്നു ചിന്തിക്കാൻ വരട്ടെ.
സമയക്കുറവും അപേക്ഷകരുടെ എണ്ണത്തിലെ വർധനയും മൂലം പല കമ്പനികളും ഈ പണി ഇന്റലിജന്റ് സ്ക്രീനിങ് സോഫ്റ്റ് വെയറുകളെയാണ് ഏൽപിച്ചിരിക്കുന്നത്. ഇവ ആയിരക്കണക്കിനു പ്രൊഫൈലുകളിലൂടെ കയറിയിറങ്ങി അടിമുടി പരിശോധിക്കും. ഓറക്കിൾ ടാലിയോ, സാപ് സക്സസ് ഫാക്ടര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ രാജ്യാന്തര തലത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. നമ്മുടെ ഓരോ ഇന്റർനെറ്റ് ഇടപെടലും മനസ്സിലാക്കി ഭൂതവും ഭാവിയും ചാഞ്ചാട്ടങ്ങളും പഠിച്ചു റിക്രൂട്ട് ചെയ്യുന്ന എച്ച്ആർ ടെക് അഥവാ ഓട്ടോമേറ്റഡ് റിക്രൂട്മെന്റിന്റെ കാലമാണിത്.
പ്രെഡിക്ടീവ് അനാലിസിസ്
പതിവു രീതികൾ വിട്ട് ആയിരക്കണക്കിന് അപേക്ഷകരിൽനിന്നു തന്നെ മികവുള്ളവരെ കണ്ടെത്താൻ സോഫ്റ്റ് വെയറുണ്ട്. അപേക്ഷകന്റെ ഫെയ്സ്ബുക്, ലിങ്ക്ഡ്ഇൻ, ട്വിറ്റർ ഉൾപ്പെടെ തൊണ്ണൂറിലധികം പ്ലാറ്റ്ഫോമുകളിലെയും ഫോറങ്ങളിലെയും ഇടപെടലുകൾ പരിഗണിച്ച് ഷോർട്ട്ലിസ്റ്റ് ചെയ്യും. ഇവ കരിക്കുലം വിറ്റെയുമായി (സിവി) ഒത്തുനോക്കും. സിവിയിൽ ഇല്ലാത്ത പല കാര്യങ്ങളും ഇങ്ങനെ കണ്ടെത്താം. ഉദാ: സോഫ്റ്റ്‌വെയർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥിയുടെ ജിറ്റ്ഹബ് (ഡവലപ്പർമാർക്കായുള്ള പ്ലാറ്റ്ഫോം) ഇടപെടലുകൾ മനസ്സിലാക്കിയാൽ കഴിവുകളെക്കുറിച്ചുള്ള കൃത്യം ധാരണ ലഭിക്കും. ഇതിനു പുറമേ കമ്പനിക്ക് ആവശ്യമായ സ്കില്ലുകൾ, തൊഴിൽപരിചയം, ലൊക്കേഷൻ എന്നിവ സോഫ്റ്റ്‌വെയറിൽ ലോഡ് ചെയ്യാം. ജെഡി ഫയൽ (ജോബ് ഡിസ്ക്രിപ്ഷൻ ഫയൽ) എന്നാണിതിനെ വിളിക്കുന്നത്. ലിങ്ക്ഡ്ഇന്നിലെ വിവരങ്ങൾ ശേഖരിച്ച് ചുരുക്കപ്പട്ടിക ലഭ്യമാക്കും. കിട്ടിയ പ്രൊഫൈലുകൾ ലോഡ് ചെയ്താൽ ഗൂഗിളിൽ തിരയുന്നതുപോലെ പ്രത്യേക വിഭാഗങ്ങളായി അപേക്ഷകരെ സെർച് ചെയ്യാനും കഴിയും.
സംവദിക്കാൻ ചാറ്റ്ബോട്ട്
ആയിരക്കണക്കിന് അപേക്ഷകരുമായി നിരന്തരം സംവദിക്കുക എളുപ്പല്ലാത്തതിനാൽ ഇത്തരം എച്ച്ആർ ടെക്ക് സംവിധാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് ഉണ്ടാകും. അപേക്ഷാ ഘട്ടം മുതൽ റിക്രൂട്മെന്റ് വരെ മനുഷ്യനെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ചാറ്റ്ബോട്ട് ഉദ്യോഗാർഥികളുടെ സംശയങ്ങൾക്കു മറുപടി നൽകും.
ഹയറിങ് പാറ്റേൺ
ഓരോ കമ്പനികൾക്കും വ്യത്യസ്തമായ റിക്രൂട്മെന്റ് രീതികളുണ്ടാകാം. എച്ച്ആർ ടെക്കിലൂടെ പഴയ ജീവനക്കാരുടെ റിക്രൂട്മെന്റ് വിവരങ്ങൾ നൽകിയാൽ കമ്പനി പരോക്ഷമായി ആവശ്യപ്പെടുന്നതെന്തെന്നു സോഫ്റ്റ് വെയറിനു കണ്ടെത്തി പുതിയ റിക്രൂട്മെന്റിലും ഉപയോഗിക്കാൻ കഴിയും.
മിടുക്കരെ വലവീശാം
മറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന മിടുക്കരെ കണ്ടെത്താനും എച്ച്ആർ ടെക്കിനു കഴിയും. മുൻപ് ജോലി ചെയ്തിരുന്ന കമ്പനികളുടെ വിവരങ്ങൾ, കാലാവധി തുടങ്ങിയ വിവരങ്ങൾ പരിഗണിച്ച് അവർ ഇങ്ങോട്ടു ചാടാൻ എത്രത്തോളം സാധ്യതയുണ്ടെന്നു വരെ പറഞ്ഞുതരും. നിലവിൽ കമ്പനിയിലുള്ള മികച്ച ജീവനക്കാരുടെ വിവരങ്ങളുമായി ഒത്തുനോക്കി, പുതിയ വ്യക്തിയുടെ കഴിവ് മനസ്സിലാക്കാനും കഴിയും.