1350 രൂപ ഫീസോടെ എംബിബിഎസിനു പഠിക്കാം

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയെക്കുറിച്ച് (നീറ്റ്) പലർക്കും സംശയങ്ങളുണ്ട്. സാധാരണയായി ചോദിക്കുന്ന എട്ടു ചേദ്യങ്ങൾക്കുള്ള മറുപടി

ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പരീക്ഷയെഴുതി ജയിച്ചാൽ 1350 രൂപ മാത്രം ട്യൂഷൻ ഫീസോടെ എംബിബിഎസിനു പഠിക്കാമെന്നു കണ്ടു. നീറ്റ് വഴി അതുപോലെ കുറഞ്ഞ ഫീസുള്ള പ്രവേശനം കിട്ടുമോ? 
കിട്ടാം. നീറ്റിൽ വളരെ ഉയർന്ന റാങ്ക് നേടുന്നവർക്ക് ദേശീയതലത്തിൽ ഇത്തരം സാധ്യതകളുണ്ട്.‌ പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ പഠിക്കാൻ യാതൊരു ചെലവുമില്ല. പക്ഷേ യോഗ്യത നേടിക്കഴിഞ്ഞ് സൈനിക സേവനം നിർബന്ധം. ന്യൂഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളജിലെ വാർഷിക ട്യൂഷൻ ഫീ 250 രൂപയാണ്. ഈ വർഷത്തെ ഫീസ് നിരക്കുകൾ നീറ്റിന്റെ ദേശീയതല കൗൺസലിങ് വേളയിലറിയാം. കുറഞ്ഞ ഫീസിൽ എംബിബിഎസ് കോഴ്സ് നടത്തിവരുന്ന മറ്റു ചില കോളജുകൾ : ലേഡി ‌ഹാർഡിഞ്ജ് ന്യൂഡൽഹി, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ് ഡൽഹി, ബി ജെ മെഡിക്കൽ കോളജ് അഹമ്മദാബാദ്, പട്ന മെഡിക്കൽ കോളജ്, എംജിഎം മെഡിക്കൽ കോളജ് ജംഷഡ്പുർ. ഏറെ ഉയർന്നതല്ലാത്ത ഫീസ് നൽകി പഠിക്കാൻ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലും സൗകര്യമുണ്ട്. 

എന്റെ ചെറുമകൻ ദുബായ്ക്കാരനാണ്. അവന് ആധാർ ഇല്ല. നീറ്റിന് അപേക്ഷിക്കാൻ സാധിക്കുമോ? 
സാധാരണ നീറ്റ് അപേക്ഷയ്ക്ക് ആധാർ നമ്പർ നിർബന്ധമാണ്. പക്ഷേ ആധാർ ഇല്ലാത്ത എൻആർഐ വിഭാഗക്കാർ പാസ്പോർട്ട് നമ്പർ നൽകിയാൽ മതി. ഒസിഐ / പിഐഒ വിഭാഗക്കാർ പാസ്പോർട്ട് നമ്പർ തന്നെ നൽ‌കണം. ഇന്ത്യയിൽ താമസിക്കുന്നവർ ആധാർ എടുക്കണം.‌ അതു നൽകുന്ന എൻറോൾമെന്റ് സെന്ററുകളുടെ ലിസ്റ്റ് www.uidai.gov.in എന്ന സൈറ്റിലുണ്ട്. നീറ്റിൽ കേരളീയരെ തഴയുമെന്ന പ്രചാരണവും തെറ്റാണ്. 

നീറ്റിൽ നെഗ‌റ്റീവ് മാർക്ക് രീതിയുണ്ടോ? എങ്ങനെയാണ് ചോദ്യക്രമം? കംപ്യൂട്ടർ വഴിയാണോ കടലാസിലാണോ ടെസ്റ്റ്?
നെഗറ്റീവ് മാർക്ക് രീതിയുണ്ട്. ശരിയുത്തരത്തിന് നാലു മാർക്ക് കിട്ടും. തെറ്റൊന്നിന് ഒരു മാർക്ക് കുറയും. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ 180 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾക്ക് മൂന്നു മണിക്കൂറിൽ ഉത്തരം അടയാളപ്പെടുത്തണം. കെമിസ്ട്രി, ഫിസിക്സ് എന്നിവയ്ക്ക് 45 വീതം, ബോട്ടണിയും സുവോളജിയും ചേർന്ന ബയോളജിക്ക് 90 എന്ന ക്രമത്തിലാവും 180 ചോദ്യങ്ങൾ. ഒറ്റ പേപ്പർ മാത്രം. ഓരോ ചോദ്യത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽ നിന്നു ശരിയുത്തരം തിരഞ്ഞെടുക്കണം. പരീക്ഷാഹാളിൽ കാൽക്യുലേറ്റർ, ലോഗരിതം ടേബിൾ മുതലായവ അനുവദിക്കില്ല. 11ലെയും 12ലെയും പാഠങ്ങളിൽ നിന്നു ചോദ്യം വരും. ടെസ്റ്റിനു കംപ്യൂട്ടറില്ല. ഒഎംആർ ഷീറ്റിൽ നീലയോ കറുപ്പോ ബോൾപേന കൊണ്ട് ഉത്തരം അടയാളപ്പെടുത്തണം. 

ഞാൻ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്നു. നീറ്റ് ബുള്ളറ്റിനിലെ സിലബസനുസരിച്ചുള്ള പരീക്ഷയിൽ ഞാൻ മോശമാകുമോയെന്നു പേടിക്കുന്നു. എന്തു ചെയ്യാം? 
വിവിധ ബോർഡുകളിലെയും നീറ്റിലെയും സിലബസുകൾ തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ. നിങ്ങൾ അനാവശ്യഭയം ഉപേക്ഷിച്ച് പഠനപരിശീലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓൾ ഇന്ത്യാ പ്രീമെഡിക്കൽ ടെസ്റ്റിന്റെയും നീറ്റിന്റെയും മുൻ ചോദ്യക്കടലാസുകൾവച്ച് സമയബദ്ധമായി ഉത്തരം അടയാളപ്പെടുത്തി ശീലിക്കുക. ഒരു ചോദ്യവും അതിന്റെ നാലുത്തരവും വായിക്കാനും, ആലോചിച്ച് ശരിയുത്തരം കണ്ടെത്താനും, അത് അടയാളപ്പെടുത്താനും കൂടി ശരാശരി 60 സെക്കൻഡ് മാത്രമേ കിട്ടൂ എന്നത് മനസ്സിൽ വേണം. ആത്മവിശ്വാസം കൈവെടിയാതിരിക്കുക. നീറ്റ് നന്നായി എഴുതാനാവും. 

ഓൾ ഇന്ത്യാ പ്രീമെഡിക്കൽ ടെസ്റ്റ് / നീറ്റ് എന്നിവ ചേർത്ത് ഞാൻ മൂന്നു ചാൻസ് എഴുതിയതാണ്. ഇത്തവണ എനിക്ക് അപേക്ഷിക്കാമോ? 
അപേക്ഷിക്കാം. ആകെ മൂന്നു ചാൻസ് മാത്രം എന്ന നിബന്ധന ഇപ്പോഴില്ല. 

ഞാൻ തമിഴിലെ ചോദ്യക്കടലാസാണ് ആവശ്യപ്പെടുന്നത്. എനിക്ക് 15% ഓൾ–ഇന്ത്യാ ക്വോട്ടയിൽ പ്രവേശനം കിട്ടാതെ വരുമോ? 
ഇല്ല. ഏതു ഭാഷയിലെ ചോദ്യക്കടലാസെന്നത് റാങ്കിങ്ങിലോ സിലക്‌ഷനിലോ വ്യത്യാസം വരുത്തില്ല. തമിഴിലെ ചോദ്യങ്ങളോടൊപ്പം ഇംഗ്ലിഷിലെ ചോദ്യങ്ങളും ബുക്‌ലെറ്റിൽ കാണും. 

സൗജന്യപഠനത്തിനു സൗകര്യമുള്ള എഎഫ്എംസിയിൽ പ്രവേശനം ആഗ്രഹിക്കുന്നു. നീറ്റ് അപേക്ഷയ്ക്കു പുറമേ എന്താണ് ചെയ്യേണ്ടത്? 
മെഡി‌ക്കൽ കൗൺസലിങ് കമ്മ‌ിറ്റിയുടെ www.mcc.nic.in എന്ന സൈറ്റിൽ യഥാസമയം റജിസ്റ്റർ ചെയ്ത് അപേക്ഷിക്കുകയും, എഎ‌ഫ്എംസിയുടെ www.afmc.nic.in എന്ന സൈറ്റിലെ നിർദേശം പാലിക്കുകയും വേണം. 

ഞാൻ ഓപ്പൺ സ്കൂൾ വഴി പ്ലസ് ടുവിനു പഠിക്കുന്നു. നീറ്റ് അപേക്ഷയ്ക്കു തടസ്സമുണ്ടോ? 
ഉണ്ട്. ഓപ്പൺ സ്കൂൾ, പ്രൈവറ്റ് കാൻഡിഡേറ്റ്, ബയോളജി / ബയോടെക്നോളജി അഡീഷനൽ വിഷയമായി പഠിച്ചവർ എന്നീ വിഭാഗക്കാരെ നീറ്റിനു പരിഗണിക്കില്ല.