മൂന്നു വയസ്സുമുതൽ നൃത്തത്തെ സ്നേഹിച്ചിരുന്ന സമീരയ്ക്കു മുപ്പതാം വയസ്സിൽ സിവിൽ സർവീസ് പട്ടം. സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 28–ാം റാങ്ക്! കഞ്ഞിക്കുഴി, പള്ളിപ്പറമ്പിൽ പരേതനായ സലിം ജോർജിന്റെയും ഡോ. ഐഷയുടെയും മകളാണ് ആരും കൊതിക്കുന്ന നേട്ടം സ്വന്തമാക്കിയ എസ്. സമീര. കഞ്ഞിക്കുഴി മൗണ്ട് കാർമലിലെയും കളത്തിപ്പടി ഗിരിദീപത്തിലെയും സ്കൂൾ പഠനത്തിനു ശേഷം ചെന്നൈ സ്റ്റെല്ലാ മേരീസിൽ കോളജ് വിദ്യാഭ്യാസം. തുടർന്നു ധൻബാദ് ഐഐടിയിൽ പഠനം.
അഞ്ചുവർഷത്തോളം ജർമനിയിൽ റിസർച് അസിസ്റ്റന്റായി പ്രവർത്തിച്ചു. ഇതിനുശേഷമാണു സിവിൽ സർവീസ് എന്ന പുതിയ ലക്ഷ്യം തേടി സമീര നാട്ടിലെത്തിയത്. ഐഎഎസ് തന്നെ നേടണമെന്ന നിർബന്ധവുമുണ്ടായിരുന്നു. 2015 അവസാനം പാലാ സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു. മൂന്നു വർഷത്തിനുള്ളിൽ സ്വപ്നനേട്ടം സ്വന്തമാക്കി.‘നൂറിനുള്ളിൽ റാങ്ക് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ഇത്ര ഉയർന്ന റാങ്ക് പ്രതീക്ഷിച്ചതേയില്ല. സന്തോഷം.
പാലായിൽ താമസിച്ചായിരുന്നു പഠനം. 2014 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ജെറോമിസ് ജോർജ് പഠനത്തിൽ വളരെയധികം സഹായിച്ചിരുന്നു. മലയാളം സാഹിത്യമാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്. മലയാളത്തിനായിരിക്കും ഏറ്റവും കൂടുതൽ മാർക്കു ലഭിച്ചത്’ – സമീര പറയുന്നു. നൃത്തത്തോടുള്ള ഇഷ്ടത്തെക്കുറിച്ചു സിവിൽ സർവീസ് ഇന്റർവ്യൂവിൽ സമീരയോടു ചോദിച്ച ചോദ്യം ഇതായിരുന്നു: ‘അരങ്ങേറ്റം കഴിഞ്ഞതാണോ...?’ സമീര ഒട്ടും മറക്കാത്ത ചോദ്യവും ഇതു തന്നെ.
വാനനിരീക്ഷണ ശാസ്ത്രത്തിന്റെ പരമ്പരാഗത സമ്പ്രദായങ്ങളെക്കുറിച്ചുള്ള ചോദ്യമായിരുന്നു അൽപം വിഷമംപിടിച്ചത്. റാങ്ക് താഴേക്കു പോയിരുന്നെങ്കിലും സങ്കടമുണ്ടാകില്ലെന്നു സമീര. വീണ്ടും ഉഷാറായി പരീക്ഷയെഴുതാൻ തന്നെ ഉറപ്പിച്ചാണു പഠിക്കാനിറങ്ങിയത്. ഐഎഎസ് എന്ന ലക്ഷ്യം കിട്ടാതെ പിന്മാറില്ലെന്നും അന്നേ ഉറപ്പിച്ചിരുന്നു.
സിവിൽ സർവീസിലേക്കുള്ള വഴിത്തിരിവ് ?
ജർമനിയിൽ റിസർച് അസിസ്റ്റന്റായിരുന്നു. 28–ാം വയസ്സിൽ തിരിച്ചെത്തിയപ്പോഴാണു സിവിൽ സർവീസിനെക്കുറിച്ചു ചിന്തിച്ചത്. കുടുംബം പിന്തുണച്ചു; അധ്യാപകരും.
സ്കൂൾ, കോളജ്...
സ്കൂൾ: മൗണ്ട് കാർമൽ, കോട്ടയം,15–ാം റാങ്ക്
പ്ലസ്‍ടു: ഗിരിദീപം, കോട്ടയം
ബിഎസ്‌സി: സ്റ്റെല്ല മാരിസ്, ചെന്നൈ
എംഎസ്‌സി: ഐഐടി ധൻബാദ്
തയാെറടുപ്പ്, ദിനചര്യ ?
രാവിലെ ആറു കഴിഞ്ഞാണ് എഴുന്നേൽക്കുന്നത്. രണ്ടു മണിക്കൂർ പത്ര വായന, നോട്ട്സ് തയാറാക്കൽ. ഒൻപതു മുതൽ പഠനം. ഉച്ചവിശ്രമം കഴിഞ്ഞ് അഞ്ചു മുതൽ ഒൻപതു വരെ പഠനം. ദിവസം ഒൻപതു മണിക്കൂർ പഠനം.
വായന, സോഷ്യൽ മീഡിയ
വീട്ടിൽ ലൈബ്രറിയുണ്ട്. ഏഴിൽ വച്ചു സംസ്ഥാന തല പുസ്തക ആസ്വാദനക്കുറിപ്പു മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയതാണു വായനയുമായി ബന്ധപ്പെട്ട ഓർമ. സോഷ്യൽ മീഡിയയിലും സജീവം.
സിവിൽ സർവീസ് പരീക്ഷയിലെ ഐച്ഛിക വിഷയം ?
മലയാളമായിരുന്നു ഐച്ഛികം. പത്തു വരെ മലയാളം മീഡിയത്തിൽ പഠിച്ചതിന്റെ ആത്മവിശ്വാസം. സിലബസിലെ കുറേ പുസ്തകങ്ങൾ മുൻപു വായിച്ചിരുന്നതുമാണ്.
ഇന്റർവ്യൂവിലെ ഓർത്തിരിക്കുന്ന ചോദ്യങ്ങൾ ?
അസ്ട്രോണമിയിൽ റിസർച് ചെയ്തിട്ടുണ്ടെന്നു പറഞ്ഞപ്പോൾ തങ്ങൾക്ക് ഈ വിഷയത്തിൽ അറിവില്ല, ചില സംശയങ്ങൾ പരിഹരിച്ചു തരാമോ എന്നായി ബോർഡ്. അതു രസകരമായ അനുഭവമായിരുന്നു. അവർക്കു കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന രീതിയിലായി ഇന്റർവ്യൂ. പണ്ടു മഹർഷിമാർ സമയം, ഗ്രഹം എന്നിവയെക്കുറിച്ചു പഠിച്ചതെങ്ങനെയാകുമെന്നു ചോദിച്ചു. ചിന്തിച്ചിട്ടില്ലാത്ത കാര്യം. 14–15 നൂറ്റാണ്ടുകളിൽ കണക്കിനെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നുവെന്നു പറഞ്ഞു.
ഇഷ്ട കേഡർ
കേരള കേഡർ. കിട്ടുമോ എന്നറിയില്ല