Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കല' കരിയറാക്കിയാൽ വെറുതെയിരിക്കേണ്ടിവരില്ല

901813990

ജന്മവാസനയോടൊപ്പം ശാസ്‌ത്രീയപരിശീലനവുമുണ്ടെങ്കിൽ പ്രഫഷനൽ ഉയർച്ചയ്‌ക്ക് വഴിയൊരുക്കുന്ന മേഖലയാണു ലളിതകലകൾ. ചിത്രകല, ശിൽപകല, വാണിജ്യസാധ്യതയേറെയുള്ള പ്രയുക്‌തകല (അപ്ലൈഡ് ആർട്) എന്നീ ശാഖകളിൽ സാങ്കേതികവിദ്യാഭ്യാസ ഡയറക്‌ടറേറ്റിനു കീഴിൽ നാലു വർഷത്തെ ബിഎഫ്എ ബിരുദം നേടുന്നതിന് മേയ് 29 വരെ അപേക്ഷ സമർപ്പിക്കാം.

പരസ്യരംഗത്തെ കുതിച്ചുചാട്ടങ്ങൾ, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം, വെബ്‌സൈറ്റ് രൂപകൽപനയിലെ പുതിയ വെല്ലുവിളികൾ, മൾട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുള്ള മേഖലകളിലെ പുതുമകൾ എന്നിവയൊക്കെച്ചേർന്ന് അപ്ലൈഡ് ആർട് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്. ഫൈൻ ആർട്‌സ് ബിരുദധാരികൾക്ക് അവരുടെ വിശേഷമേഖലകളിൽ മാത്രമല്ല, നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അടക്കമുള്ള സ്‌ഥാപനങ്ങളിൽ വൈവിധ്യമാർന്ന ഡിസൈൻ പരിശീലത്തിനും അവസരങ്ങളുണ്ട്.

യോഗ്യത: ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്‌ടു / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. മിനിമം മാർക്ക് നിബന്ധനയില്ല.  പ്രായം: 2018 ജൂൺ ഒന്നിന് 17 - 27 വയസ്സ്. ഫീസ്: വാർഷികഫീസ് 2600 രൂപ, പ്രവേശനഫീസ് 75 രൂപ, നിരതദ്രവ്യം 250 രൂപ. കൂടാതെ യൂണിവേഴ്‌സിറ്റി അഫിലിയേഷൻ ഫീസും അടച്ചാൽ മതി.

ആദ്യവർഷം പൊതു ക്ലാസുകളും, തുടർന്ന് ഏതെങ്കിലുമൊരു ശാഖയിലെ സ്‌പെഷ്യലൈസേഷനുമാണ്. ആദ്യവർഷ സർവകലാശാലാ പരീക്ഷയിലെ പ്രകടനം  പരിഗണിച്ച് രണ്ടാം വർഷത്തിന്റെ തുടക്കത്തിൽ സ്‌പെഷ്യലൈസേഷനുള്ള ശാഖ തീരുമാനിക്കും.

കോഴ്സുകൾ ഇവിടെ
1. കോളജ് ഓഫ് ഫൈൻ ആർട്‌സ്, പാളയം, തിരുവനന്തപുരം - 695 033, കേരള സർവകലാശാല, 43 സീറ്റ്
2. രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്‌സ്, മാവേലിക്കര - 690 101, കേരള സർവകലാശാല, 40 സീറ്റ്
3. കോളജ് ഓഫ് ഫൈൻ ആർട്‌സ്, തൃശൂർ-680 020, കാലിക്കറ്റ് സർവകലാശാല, 40 സീറ്റ്

പ്രഫഷനൽ കോളജ് പ്രവേശനത്തിന് കേരളസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള സാമുദായിക സംവരണക്രമം പാലിക്കും. ഭിന്നശേഷിക്കാർക്കു 3 % സീറ്റ് നീക്കിവച്ചിട്ടുണ്ട്. വിമുക്‌തഭടന്മാരുടെ മക്കൾക്കായി ഒരു സീറ്റ് ഏതെങ്കിലുമൊരു സ്‌ഥാപനത്തിൽ അനുവദിക്കും. ലളിതകലാപഠനത്തിനുള്ള അഭിരുചി നിർണയിക്കുന്ന എഴുത്തുപരീക്ഷ (100 മാർക്ക്), പ്രായോഗികപരീക്ഷ (200 മാർക്ക്), ഇന്റർവ്യൂ (100 മാർക്ക്) എന്നിവ ജൂൺ 24 മുതൽ ജൂലൈ മൂന്നു വരെ. പരീക്ഷാ വിവരങ്ങൾ പ്രോസ്‌പെക്ടസിലുണ്ട്. ഏതു കോളജിൽ പ്രവേശനം ആഗ്രഹിക്കുന്നുവെന്ന കാര്യത്തിൽ അപേക്ഷയിലെഴുതിയ താൽപര്യം പരിഗണിച്ച് റാങ്ക് ലിസ്‌റ്റിന്റെ അടിസ്‌ഥാനത്തിൽ, സംവരണക്രമം പാലിച്ച്, സിലക്‌ഷൻ പൂർത്തിയാക്കും.

അപേക്ഷാ നടപടിക്രമങ്ങൾ
മേൽസൂചിപ്പിച്ച ഏതു ഫൈൻ ആർട്‌സ് കോളജിൽ നിന്നു 150 രൂപയ്‌ക്ക് അപേക്ഷാഫോമും പ്രോസ്‌പെക്‌ടസും നേരിട്ടു വാങ്ങാം. തപാലിൽ വേണ്ടവർ  185 രൂപയുടെ ഡിമാൻഡ് ഡ്രാഫ്‌റ്റ് സഹിതം കത്തയച്ച് ആവശ്യപ്പെടുക. അതതു കോളജ് പ്രിൻസിപ്പലിന്റെ പേരിൽ അതതു സ്‌ഥലത്തു മാറാവുന്ന വിധം വേണം ഡ്രാഫ്‌റ്റ്. പട്ടികവിഭാഗക്കാർ യഥാക്രമം 75 രൂപ / 110 രൂപ അടച്ചാൽ മതി. പൂരിപ്പിച്ച അപേക്ഷ  ഉൾച്ചേർപ്പുകൾ സഹിതം സാങ്കേതികവിദ്യാഭ്യാസ ഡയറക്‌ടർ, പത്മവിലാസം റോഡ്, കോട്ടയ്ക്കകം, തിരുവനന്തപുരം - 695 023 എന്ന വിലാസത്തിലെത്തിക്കണം.