തിരുവനന്തപുരം ∙ ഗവേഷണ രംഗത്തെ മലയാളി മികവിനു സംസ്ഥാന സർക്കാർ കൈരളി പുരസ്കാരങ്ങൾ നൽകുന്നു. ഇതിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്റെ വിജ്ഞാപനം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രസിദ്ധീകരിക്കും. പിഎച്ച്ഡി പൂർത്തിയാക്കിയവർക്കു പോസ്റ്റ് ഡോക്ടറൽ ഗവേഷണം തുടരാൻ പ്രോത്സാഹനം നൽകുന്ന കൈരളി ഗവേഷക പുരസ്കാരം(25,000 രൂപ) വർഷം അഞ്ചുപേർക്കാണ്. ഒപ്പം രണ്ടു വർഷത്തേക്കു റിസർച്ച് ഗ്രാന്റായി നാലു ലക്ഷം രൂപയും ട്രാവൽ ഗ്രാന്റായി 75,000 രൂപയും ലഭിക്കും. കൈരളി ഗവേഷണ പുരസ്കാരം ഒരുലക്ഷം രൂപയുടേതാണ്. പുറമെ രണ്ടു വർഷത്തേക്കു റിസർച്ച് ഗ്രാന്റായി 24 ലക്ഷം രൂപ വരെ ലഭിക്കും.
വിവിധ ശാസ്ത്ര, സാമൂഹികശാസ്ത്ര ശാഖകൾ, ആർട്സ്, മാനവിക വിഷയങ്ങൾ എന്നിവയിലെ സമഗ്ര സംഭാവനയ്ക്കു കേരളത്തിലെ പ്രമുഖ ശാസ്ത്രജ്ഞർക്കു ലൈഫ് ടൈം അച്ചീവ്്മെന്റ് അവാർഡ് (രണ്ടര ലക്ഷം രൂപ) നൽകും. ഇതു വർഷം മൂന്നു പേർക്കാണ്. കേരളത്തിനു പുറത്തു പ്രവർത്തിക്കുന്ന മലയാളി ശാസ്ത്രജ്ഞർക്കു രണ്ടു വർഷത്തിൽ ഒരിക്കൽ കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പ്രൈസ്(അഞ്ചു ലക്ഷം) നൽകും. മൂന്നു പേർക്കാണിതു നൽകുക.