Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറാം വയസ്സിലെ കാഴ്ചനഷ്ടം െഎഎഎസിനു തടസമായില്ല

success-story-of-pranjal-patil-ias

പാട്ടീൽ പ്രാഞ്ജാൽ ലാഹൻ സിങ് സിവിൽ സർവീസ് കയ്യെത്തിപ്പിടിച്ചതല്ല; പടവെട്ടി നേടിയതാണ്. ആറാം വയസ്സിലെ കാഴ്ചനഷ്ടം പ്രതിസന്ധികളുടെ മതിൽ തീർത്തു. പക്ഷേ, വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച (28 മേയ് 2018) എറണാകുളം കലക്ടറേറ്റിൽ അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റടുത്ത പ്രാഞ്ജാൽ  കാഴ്ചശക്തിയില്ലാത്തവർക്കും ഉള്ളവർക്കും ഒരേപോലെ പ്രചോദനമായി മാറുന്നു. സിവിൽ സർവീസസ് പരീക്ഷയിൽ ഈ മഹാരാഷ്ട്ര സ്വദേശിനി നേടിയത് 124–ാം റാങ്ക്. ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ആൾരൂപമാകുന്ന പ്രാഞ്ജാലിന്റെ വാക്കുകളിലേക്ക്.

സ്കൂൾ, ബിരുദ കാലഘട്ടങ്ങൾ വിശദീകരിക്കാമോ?
ബ്ലൈൻഡ് സ്കൂളിലാണു പഠിച്ചത്. അവിടെ നിന്നു ബ്രെയ്‌ൽ ലിപി പഠിച്ചു. സ്കൂളിലെ ലൈബ്രറിയിൽ ബ്രെയ്ൽ ലിപിയിലുള്ള ഒട്ടേറെ പുസ്തകങ്ങളുണ്ടായിരുന്നു. 85 % മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായി. പിന്നീട് മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നു ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. ജെഎൻയുവിലെ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ പിഎച്ച്ഡിക്കും എൻറോൾ ചെയ്തിട്ടുണ്ട്. 

കടുകട്ടി വിഷയങ്ങളൊക്കെ പഠിച്ചെടുത്തതെങ്ങനെ ?
കോളജിൽ ചേർന്ന ആദ്യ നാളുകളിൽ ബ്രെയ്ൽ പുസ്തകങ്ങളൊന്നും കിട്ടിയിരുന്നില്ല. പുസ്തകങ്ങൾ അമ്മ വായിച്ചു തരികയായിരുന്നു പതിവ്. എന്നാൽ, കുറച്ചു നാൾ കഴിഞ്ഞ് ബ്രെയ്‌ൽ ലിപിയിലുള്ള പുസ്തകങ്ങൾ കോളജിൽ നിന്നു ലഭിച്ചതോടെ പഠനം എളുപ്പമായി. കംപ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കാൻ പഠിച്ചതു ജീവിതം മാറ്റിമറിച്ചു. സമകാലിക സംഭവവികാസങ്ങൾ അറിയുക എളുപ്പമായി.

കാഴ്ച പരിമിതിക്കിടയിലും സിവിൽ സർവീസ് തയാറെടുപ്പ് എങ്ങനെയായിരുന്നു ?

പൊളിറ്റിക്കൽ സയൻസായിരുന്നു ഐച്ഛിക വിഷയം. വായനയ്ക്കായി സ്ക്രീൻ റീഡർ സോഫ്റ്റ്‌വെയറുകൾ സഹായിച്ചു. ‘ജോസ്’(JAWS) എന്ന സോഫ്റ്റ്‌വെയറാണു പ്രധാനമായും ഉപയോഗിച്ചത്. പിഡിഎഫ് ഫയലുകളിലെ വിവരങ്ങൾ ഈ സോഫ്റ്റ്‌വെയർ വായിച്ചു കേൾപ്പിക്കും. പത്രങ്ങളെല്ലാം അതാതിന്റെ വെബ്സൈറ്റിൽ കയറി സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചു വായിച്ചു. വാർത്തകൾ കേട്ടു. ബ്രെയ്ൽ ലിപിയിൽ ലഭ്യമായ എൻസിഇആർടി പുസ്തകങ്ങൾ ഒരുപാട് സഹായിച്ചു.

കോച്ചിങ് സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നോ?
സ്വന്തമായ പഠനമായിരുന്നു. മോക്ക് ടെസ്റ്റിനും ഇന്റർവ്യൂ പരിശീലനത്തിനും കോച്ചിങ് സ്ഥാപനത്തിൽ പോയി. 

പരീക്ഷ, അഭിമുഖം ?
സ്ക്രൈബിനെ ഉപയോഗിച്ചാണു പരീക്ഷയെഴുതിയത്. അവരുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ പറയുന്നത് വേഗത്തിൽ എഴുതാനും അവർക്കു സാധിക്കണം. മുംബൈ ഉല്ലാസ്നഗർ സ്വദേശികളായ എൽ.ബി.പാട്ടീലിന്റെയും ജ്യോതി പാട്ടീലിന്റെയും മകളാണു പ്രാഞ്ജാൽ. ബിസിനസുകാരനായ കോമൾസിങ് പാട്ടീലാണു ഭർത്താവ്.