സൂപ്പറായി പാസായേ..ഉദാഹരണം സ്മിത

സ്മിത മക്കൾ ശ്രുതിയും (ഇടത്) നീതയുമൊത്ത്. ചിത്രം : സിബു ഭുവനേന്ദ്രൻ

ശ്രുതിക്കു ബിഎസ്‌സി ബോട്ടണിക്കു മാർക്ക് 71%, അതേ കോളജിൽ ബിഎ മലയാളത്തിനു പഠിച്ച അമ്മ സ്മിതയ്ക്കു മാർക്ക് 72%! ഓർമയില്ലേ ഇവരെ,  ഉദാഹരണം സുജാത എന്ന സിനിമയിലേതു പോലെ മകൾക്കൊപ്പം കോളജിൽ ചേർന്ന ‘ഉദാഹരണം സ്മിത’. അമ്മയുടെയും ചേച്ചിയുടെയും വിജയം ആഘോഷിക്കുന്ന ത്രില്ലിലാണു പ്ലസ്ടുക്കാരി നീത. അങ്ങനെ, പാലക്കാട് നെന്മാറ കല്ലമ്പാട് പഴയപേ‍ാസ്ററ് ‍ഒ‍ാഫിസിനു സമീപത്തെ ‘സ്മിതം’ എന്ന വീട്ടിൽ ചിരിയുടെ പൂത്തിരി. വലിയ മക്കളുള്ള ഇവൾക്കൊന്നും വേറെ പണിയില്ലേ എന്നു മുൻപു കളിയാക്കിയവരും അഭിനന്ദനവുമായി എത്തുമ്പോൾ അൽപം സന്തോഷക്കണ്ണീരും.

കാലിക്കറ്റ് സർവലാശാലയ്ക്കു കീഴിലുള്ള നെന്മാറ എൻഎസ്എസ് കോളജിലാണ് അമ്മയും മകളും പഠിച്ചത്. എന്താണു നാൽപതാം വയസ്സിൽ ബിരുദം നേടാൻ ഊർജമായതെന്നു ചോദിച്ചാൽ സന്തതസഹചാരിയായ സങ്കടങ്ങളും തുടർച്ചയായ അവഗണനയുമെന്നു സ്മിതയുടെ മറുപടി. പത്താം ക്ലാസിൽ പഠനം തീർന്നു. 1997ൽ കിഴക്കേ മേലിടത്തിൽ കെ.എം. മുരളീധരനുമായി വിവാഹം. ബദ്ധപ്പാടുകൾക്കിടയിലും പഠിക്കണം എന്ന ആഗ്രഹം മനസ്സിലിട്ടു പെരുക്കി. കേ‍ാളജ് കുമാരിയാകുന്നതു സ്വപ്നം കണ്ടു. പഠിക്കണമെന്നു ഭർത്താവിനേ‍ാടു പറഞ്ഞപ്പോൾ എതിർത്തില്ല. ഒ‍ാപ്പൺസ്കൂൾ വഴി പ്ലസ് ടുവിനു ചേർന്നു. ഇതിനിടെ, സംഗീത നാടക അക്കാദമിയിൽ നിന്നു ഭരതനാട്യം, മേ‍ാഹിനിയാട്ടം ഡിപ്ലേ‍ാമയുമെടുത്തു. കുട്ടികളെ വളർത്തലും വീടുവയ്ക്കാനുള്ള കഷ്ടപ്പാടുകളുമായി വർഷങ്ങൾ ഏറെ കഴിഞ്ഞുപോയി. ഒടുവിൽ, ശ്രുതി നിർബന്ധിച്ച് അമ്മയെ കോളജിൽ ചേർത്തു.

അടുത്ത വീടുകളിലെ കുട്ടികളെ നൃത്തം പഠിപ്പിച്ചാണു സ്മിത പഠനത്തിനുൾപ്പെടെ വരുമാനം കണ്ടെത്തുന്നത്. പ്ലസ് ടു ജയിച്ചശേഷം. നെന്മാറ ടിടിഐയിൽ നിന്നു ഡിപ്ലേ‍ാമ ഇൻ എജ്യൂക്കേഷൻ ബി ഗ്രേ‍ഡേ‍ാടെ ജയിച്ചു. ഒന്നിലും തേ‍‍ാൽക്കരുതെന്ന് തീരുമാനിച്ചിരുന്നു. വർത്തമാനം പറയുമ്പേ‍ാൾ എല്ലാവരുമുണ്ട്, എന്നാൽ ആരുമില്ലെന്നതാണു സ്ഥിതിയെന്നും സ്മിത. കോളജിൽ ആദ്യംഅകലം പാലിച്ച സഹപാഠികൾ പിന്നീട് വേണ്ടുവേ‍ാളം സഹായിച്ചു, സ്നേഹിച്ചു .അവസാനവർഷം ആരേ‍ാഗ്യം മേ‍ാശമായെങ്കിലും മക്കളുടെ സഹായത്തേ‍ാടെ അതും മറികടന്നു. ഇനി എന്താണ് ആഗ്രഹമെന്ന ചോദ്യം തീരും മുൻപേ മറുപടിയെത്തി; റെഗുലറായി തന്നെ മലയാളം പിജിയെടുക്കണം.