ആനന്ദത്തിലേക്ക് ചുവടു വച്ച് ഡല്‍ഹി സ്‌കൂളുകൾ

ആളോഹരി ആനന്ദത്തെ കുറിച്ചും ആനന്ദ സൂചികയെ കുറിച്ചുമെല്ലാം നാം കേട്ടിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനം കൂട്ടുന്നതില്‍ ബദ്ധശ്രദ്ധരായ നമ്മുടെ രാജ്യം മനുഷ്യന്മാരുടെ സന്തോഷത്തിന്റെ നില വ്യക്തമാക്കുന്ന ആനന്ദ സൂചികയില്‍ വളരെ പിന്നിലാണെന്നും നമുക്കറിയാം. കൃത്യമായി പറഞ്ഞാല്‍ 156 രാജ്യങ്ങളില്‍ 133 -ാമതാണ് ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം. 

രാജ്യം വികസിക്കുമ്പോഴും അവിടുത്തെ ജനങ്ങള്‍ സന്തോഷവാന്മാരല്ല എന്ന് ചുരുക്കം. കുറച്ച് വൈകിയാണെങ്കിലും അധികാരികളും ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് പ്രതീക്ഷ പകരുന്ന കാര്യം. ഡല്‍ഹി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഹാപ്പിനസ്സ് കരിക്കുലം അഥവാ ആനന്ദ പാഠ്യക്രമം ഈ തിരിച്ചറിവിന്റെ ഫലമാണെന്ന് നിസ്സംശയം പറയാം. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ചേര്‍ന്നാണ് ഹാപ്പിനസ്സ് കരിക്കുലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

ലക്ഷക്കണക്കിന് ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും ഐഎഎസ്സുകാരെയുമെല്ലാം പുറത്തിറക്കാന്‍ നമ്മുടെ സ്‌കൂളുകള്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, കുട്ടികള്‍ നല്ല മനുഷ്യന്മാരായി പഠിച്ച് പുറത്തിറങ്ങാന്‍ നിലവിലെ വിദ്യാഭ്യാസ സംവിധാനം അപര്യാപ്തമാണെന്ന കണ്ടെത്തലിലാണ് ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഹാപ്പിനെസ്സ് കരിക്കുലം ബാധകമാകുക. 

ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ എല്ലാ ഗവണ്‍മെന്റ് സ്‌കൂളുകളിലും നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ 45 മിനിട്ട് നീളുന്ന ഹാപ്പിനെസ്സ് പീരിയഡ് ഉണ്ടാകും. അഞ്ച് മിനിട്ട് നീളുന്ന മെഡിറ്റേഷനോടു കൂടിയാണ് പീരിയഡ് ആരംഭിക്കുക. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ആനന്ദം കണ്ടെത്തുന്നതിനും സമ്മര്‍ദ്ധം അകറ്റുന്നതിനുമുള്ള മാനസിക വ്യായാമങ്ങള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. ഗവണ്‍മെന്റ് അധ്യാപകരും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും അടങ്ങുന്ന 40 അംഗ സംഘം ആറു മാസം കൊണ്ടാണ് ഹാപ്പിനെസ്സ് കരിക്കുലത്തിന് രൂപം നല്‍കിയത്. 

Read More : Jobs and Career