Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറി ക്ലാസുകളിൽ നിരീക്ഷണ ക്യാമറയ്ക്ക് വിലക്ക്

cctv-camera

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ക്ലാസ് മുറികളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതു ഹയർ സെക്കൻഡറി ഡയറക്ടർ വിലക്കി.

സ്ഥാപിച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്നു നീക്കം ചെയ്ത ശേഷം അക്കാര്യം അറിയിക്കണം. ക്ലാസ് മുറികളിൽ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്‌കൂളുകൾക്കും പ്രിൻസിപ്പൽമാർക്കുമെതിരെ കർശന നടപടി ഉണ്ടാകും. കൊല്ലത്തെ സ്കൂളിലെ ക്ലാസ് മുറിയിൽ ക്യാമറ സ്ഥാപിച്ചതു വിവാദമായ സാഹചര്യത്തിലാണ് ഉത്തരവെന്നു ഹയർ സെക്കൻഡറി ഡയറക്ടർ പി.കെ.സുധീർ ബാബു അറിയിച്ചു.

എൻസിസി ക്വോട്ട

തിരുവനന്തപുരം∙ പോളിടെക്നിക്കുകളിൽ എൻസിസി ക്വോട്ടയിലേക്കു പരിഗണിക്കുന്നതിന് അർഹരായവരുടെ റാങ്ക് ലിസ്റ്റ് www.polyadmission.org ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 18നു തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഇന്റർവ്യൂ നടത്തും. 9.30നു റജിസ്ട്രേഷൻ ആരംഭിക്കും. യോഗ്യതാ പരീക്ഷയുടെയും നേറ്റിവിറ്റിയുടെയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. 

സ്വാശ്രയ പോളി: രണ്ടിടത്ത്ഓപ്ഷൻ ഇന്നുകൂടി

തിരുവനന്തപുരം∙ പുതുതായി സ്റ്റേറ്റ് ബോർഡ‍ുമായി അഫിലിയേറ്റ് ചെയ്ത ചാലക്കുടിയിലെ നിർമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ, മെക്കാനിക്കൽ, കെമിക്കൽ ബ്രാഞ്ചുകളിലേക്കും പെരുമ്പാവൂരിലെ കെഎംപി പോളിടെക്നിക്കിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഓട്ടമൊബീൽ, കെമിക്കൽ ബ്രാഞ്ചുകളിലേക്കുമുള്ള ഓപ്ഷൻ ഇന്നു കൂടി അപേക്ഷ നൽകാം. അലോട്മെന്റ് ഒന്നും ലഭിക്കാത്ത റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർക്കാണ് അവസരം. ഏറ്റവും അടുത്ത ഗവ./എയ്ഡഡ് പോളിടെക്നിക്കിലാണ് ഓപ്ഷനുകൾ റജിസ്റ്റർ ചെയ്യേണ്ടത്. വിവരങ്ങൾക്ക് www.polyadmission.org.

സ്പോർട്സ് ക്വോട്ട

തിരുവനന്തപുരം∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷൻ www.polyadmission.org ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 19നു നടത്തുന്ന ഇന്റർവ്യൂവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പങ്കെടുക്കാം. യോഗ്യതാ പരീക്ഷയുടെയും നേറ്റിവിറ്റിയുടെയും അസലും പകർപ്പും കൊണ്ടുവരണം. രാവിലെ 9.30നു റജിസ്ട്രേഷൻ ആരംഭിക്കും.

പ്രീപ്രൈമറി കുട്ടികൾക്കും പൊതു പുസ്തകം

തിരുവനന്തപുരം ∙ പ്രീപ്രൈമറി കുട്ടികൾക്കായി ‘കളിത്തോണി’ എന്ന പേരിൽ എസ‌്സിഇആർടിയുടെ പുസ്തകം തയാറായി. മൂന്നും നാലും വയസ്സായ കുട്ടികൾക്ക‌ായി രണ്ട‌ുതരം പുസ്തകങ്ങളാണ‌ുള്ളത്. പ്രീപ്രൈമറി വിദ്യാഭ്യാസം ശാസ‌്ത്രീയമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കുള്ള വർക്ക‌്‌ഷീറ്റുകളുടെ പു‌സ‌്തക രൂപമാണ‌ിത്. 

പ്രീപ്രൈമറിയിൽ പാഠപുസ‌്തകം ഇല്ലാത്തതിനാൽ സ്വകാര്യ സ്കൂളുകൾ തോന്നിയപടിയാണു പഠിപ്പിക്കുന്നത‌്. ഇത‌ു പാടില്ലെന്നും ശാസ‌്ത്രീയമായ ഏകീകരണം വേണമെന്നും വിദ്യാഭ്യാസമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ‌് എസ‌്സിഇആർടി ഡയറക്ടർ ഡോ. ജെ.പ്രസാദിന്റെ നേതൃത്വത്തിൽ നവീകരണ നടപടി തുടങ്ങിയത്.

എസ‌്സിഇആർടിയിൽ 18നു മന്ത്രി സി.രവീന്ദ്രനാഥ‌് പുസ്തകങ്ങൾ പ്രകാശനം ചെയ്യും. അധ്യാപകർക്കായി കൈപ്പുസ‌്തകവുമുണ്ട‌്.