പാപ്പരത്ത പ്രഫഷണലുകള്‍ക്കായി വരുന്നു ഗ്രാജുവേറ്റ് പ്രോഗ്രാം
അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണു പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളില്‍ പലതും നീങ്ങുന്നത്. പല സ്ഥാപനങ്ങളും പാപ്പരായി കടപൂട്ടുന്ന അവസ്ഥ. ഈ പാപ്പരത്തത്തില്‍ നിന്നു കമ്പനികളെ പുറത്തു കൊണ്ടു വരാന്‍ കെല്‍പ്പുള്ള പ്രഫഷണലുകളുടെ അഭാവം രാജ്യത്തു പുതിയൊരു കരിയറിന്റെ സാധ്യതകള്‍ തുറന്നിടുകയാണ്.
ബാങ്ക്‌റപ്‌സി പ്രഫഷണല്‍ അഥവാ പാപ്പരത്ത പ്രഫഷണല്‍ എന്ന ഈ കരിയറിനായി യുവാക്കളെ ഒരുക്കാന്‍ ഒരു പുതിയ കോഴ്‌സ് തന്നെ ആരംഭിക്കുകയാണ് ഗവണ്‍മെന്റ് റെഗുലേറ്ററായ ദ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ. ഗ്രാജുവേറ്റ് ഇന്‍സോള്‍വന്‍സി പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന ഈ കോഴ്‌സ് ഫെബ്രുവരി ആദ്യ വാരം ആരംഭിക്കുമെന്നാണു കരുതുന്നത്. 27 മാസം നീളുന്ന കോഴ്‌സിലൂടെ ഒരു വര്‍ഷം 45ഓളം പ്രഫഷണലുകളെ പരിശീലനിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.
നിലവില്‍ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കമ്പനി സെക്രട്ടറിമാര്‍, കോസ്റ്റ് അക്കൗണ്ടന്റുകള്‍, വക്കീലന്മാര്‍ തുടങ്ങിയവര്‍ക്കും 15 വര്‍ഷത്തെ മാനേജ്‌മെന്റ് പരിചയമുള്ള ബിരുദധാരികള്‍ക്കും ഇന്‍സോള്‍വന്‍സി പ്രഫഷണലാകാം. ഇതിനായി ഇവര്‍ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തുന്ന ലിമിറ്റഡ് ഇന്‍സോള്‍വന്‍സി പരീക്ഷ പാസ്സായ ശേഷം ഒരു ഇന്‍സോള്‍വന്‍സി പ്രഫഷണല്‍ ഏജന്‍സിയില്‍ എൻറോള്‍ ചെയ്യണം. ഏജന്‍സിയുടെ പ്രീരജിസ്‌ട്രേഷന്‍ വിദ്യാഭ്യാസ കോഴ്‌സു പൂര്‍ത്തീകരിച്ച ശേഷം രജിസ്‌ട്രേഷനായി ബാങ്ക്‌റപ്‌സി ബോര്‍ഡില്‍ വീണ്ടും അപേക്ഷിക്കുകയും വേണം.
ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് എന്ന പേരില്‍ ഒരു പുതിയ പാപ്പരത്ത നിയമം മൂന്നു വര്‍ഷം മുന്‍പ് 2016 മെയിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വാണിജ്യ ബാങ്കുകള്‍ കിട്ടാക്കടം വര്‍ദ്ധിച്ച് സാമ്പത്തികമായി തകര്‍ന്നതിനെ തുടര്‍ന്നാണു കേന്ദ്ര സര്‍ക്കാര്‍ പാപ്പര്‍ നിയമ സംഹിത നടപ്പാക്കിയത്. ഈ നിയമ സംഹിതയ്‌ക്കൊരു ഭേദഗതി 2018 ഓഗസ്റ്റിലും സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസ്സാക്കി.
നിയമസംഹിത കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കി കടക്കെണിയലകപ്പെട്ട സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ പാപ്പരത്ത പ്രഫഷണലുകള്‍ ആവശ്യമാണ്. ഇതാണ് പുതിയൊരു കോഴ്‌സ് എന്ന ചിന്തയിലേക്ക് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയെ നയിച്ചത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, ഫിനാന്‍സ്, മാനേജ്‌മെന്റ്, കൊമേഴ്‌സ്, കോസ്റ്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ്, നിയമം തുടങ്ങിയ വൈവിധ്യ മേഖലകളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കു കോഴ്‌സിന് പ്രവേശനം നല്‍കും. ക്യാറ്റിനു സമാനമായ ഒരു പ്രവേശന പരീക്ഷയിലൂടെയാകും പ്രവേശനം. വിദേശ പൗരന്മാര്‍ക്കു വേണ്ടി അഞ്ചു സീറ്റുകള്‍ സംവരണം ചെയ്യും. ഏഴു മുതല്‍ 10 ലക്ഷം രൂപ വരെയാകും വാര്‍ഷിക ഫീസ്. ഫീസ്, പ്രവേശനം സംബന്ധിച്ച കാര്യങ്ങളില്‍ അവസാന തീരുമാനമായിട്ടില്ല എന്നാണറിയുന്നത്.