പരീക്ഷാക്കാലത്തു ബുദ്ധി ഉണർത്താൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ
പരീക്ഷാക്കാലത്തു പല വിദ്യാർഥികളും കാണിക്കുന്ന മണ്ടത്തരം ആവശ്യത്തിനു ഭക്ഷണം കഴിക്കാതിരിക്കുക എന്നുള്ളതാണ്. ആരോഗ്യകരമായ രീതിയിലുള്ള ഭക്ഷണക്രമം ബുദ്ധിശക്തിയെ ഉണർത്തുന്നതിനൊപ്പം ഊർജ്ജസ്വലരായിരിക്കാനും സഹായകരമാകും. ഫാസ്റ്റ് ഫുഡ് പരീക്ഷാക്കാലത്ത് ഒഴിവാക്കുക. ഒമേഗ3 ഫാറ്റി ആസിഡുകൾ അടങ്ങിയ സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു പാകം ചെയ്തു നൽകുക. തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് ഇതു സഹായകരമാകും.
തലച്ചോറിന്റെ പ്രവർത്തനത്തിന് അനുയോജ്യമായ മറ്റൊരു ഭക്ഷണം മുട്ടയാണ്. പരീക്ഷാക്കാലത്തു കുട്ടികൾക്ക് ദിവസേന ഒരു മുട്ടയെങ്കിലും നൽകാം. മുട്ടയിൽ ആന്റി ഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ പരീക്ഷാക്കാലത്തെ മാനസിക സമ്മർദ്ദത്തെ അതിജീവിക്കുവാൻ ഇതു സഹായകരമാകും. ധാരാളം ന്യൂട്രിയന്റ്സ് അടങ്ങിയ ഒരു സമീകൃത ആഹാരമാണ് മുട്ട.
ആപ്പിൾ, അവക്കോഡ, സ്ട്രോബെറി, പഴം തുടങ്ങിയവയ്ക്കൊപ്പം പച്ചക്കറികളും ധാരാളമായി പരീക്ഷാക്കാലത്തെ ഡയറ്റിൽ ഉൾപ്പെടുത്തണം.
പലയാളുകളും ചിന്തിക്കുന്നത് പീനട്ട് ബട്ടർ ഒരു ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് എന്നാണ്. എന്നാൽ ഈ ധാരണ തെറ്റാണ്. ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പുകൾ, പ്രോട്ടീ നുകൾ എന്നിവയൊക്കെയുള്ള മികച്ച ഭക്ഷണമാണിത്. പഠനത്തിനിടയ്ക്കു കുട്ടികൾക്കു കൊടുക്കാവുന്ന മികച്ച സ്നാക്കാണ് പീനട്ട് ബട്ടർ തേച്ച ബ്രഡ്.
തൈര്, കഞ്ഞിവെള്ളം തുടങ്ങിയവയൊക്കെയും തലച്ചോറിന്റെ ഉദ്ദീപനത്തിനു സഹായകരമായ ഭക്ഷണങ്ങളാണ്. ചായ, കോഫി, പെപ്സി തുടങ്ങിയവയൊക്കെ പരീക്ഷാക്കാലത്ത് ഒഴിവാക്കണം. പകരം ഫ്രെഷ് ജ്യൂസുകൾ, ഗ്രീൻടീ മുതലയാവ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുക. ഇപ്രകാരം ഭക്ഷണ ശീലങ്ങൾക്കൂടി ശ്രദ്ധിച്ച് മികച്ച റിസൾട്ട് നിങ്ങൾക്കും സ്വന്തമാക്കാം.