പ്രതിസന്ധിയിലും തളരാതെ ഗൗതം ; എല്ലാവർക്കും മാതൃകയെന്ന് മന്ത്രി
ആർസിസിയിൽ നിന്നെത്തി പരീക്ഷയെ പരീക്ഷണമാക്കിയ ഗൗതമിനെ മന്ത്രി സി.രവീന്ദ്രനാഥ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ഗൗതമിനെ ഫോണിൽ വിളിച്ചപ്പോൾ പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വേണ്ട സഹായങ്ങൾ ചെയ്യാമെന്നു മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രി കെ.കെ.ശൈലജയും ഗൗതമിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും, പ്രതിസന്ധിയിൽ തളരാതെ പഠനത്തിൽ ശ്രദ്ധിച്ച ഗൗതം എല്ലാവർക്കും മാതൃകയാണെന്നു മന്ത്രി പിന്നീട് ഫെയ്സ്ബുക് പേജിൽ കുറിച്ചു. ഗൗതമിന്റെ തുടർ ചികിത്സയ്ക്കു മരുന്നു ലഭിക്കാതെ വിഷമിക്കുന്ന കാര്യം രക്ഷിതാക്കൾ മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
പള്ളിപ്പാട് രാമങ്കേരിയിൽ അജയകുമാറിന്റെയും ജിഷയുടെയും മകനാണ് ഗൗതം. അർബുദരോഗ ചികിത്സയ്ക്ക് ആർസിസിയിൽ കഴിയുന്ന ഗൗതം 10ാം ക്ലാസ് പരീക്ഷ എഴുതാൻ അവിടെനിന്നു ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂളിലെത്തിയിരുന്നു. എന്നാൽ, 7 പരീക്ഷകൾ എഴുതാനേ കഴിഞ്ഞുള്ളൂ. പരീക്ഷയ്ക്കിടെ കുഴഞ്ഞുവീണ ഗൗതം 4 ദിവസം ആർസിസിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു. ഡോക്ർമാരെപ്പോലും അത്ഭുതപ്പെടുത്തിയാണ് 4ാം ദിവസം ഗൗതം ജീവിതത്തിലേക്കു കണ്ണു തുറന്നത്. ഇപ്പോൾ സംസാരിക്കുകയും ഇന്റർനെറ്റ് ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യും. തന്റെ രോഗത്തെക്കുറിച്ച് ഇന്റർനെറ്റിലൂടെ മനസ്സിലാക്കുന്ന ഗൗതം എങ്ങനെയും ജീവിതത്തിലേക്കു തിരികെ വരണമെന്ന ആഗ്രഹത്തിലാണ്.
ഇതിനിടെയാണ് അടിയന്തരമായി നൽകേണ്ട മരുന്നു ലഭിക്കാതായത്. പകരം മരുന്നു നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ആർസിസിയുടെ ഫാമർസിയിലും സ്വകാര്യ ഫാമർസികളിലും മരുന്നു ലഭിക്കാനുമില്ല. മരുന്നു ലഭിച്ചില്ലെങ്കിൽ ഗൗതമിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.