കേരള എൻജിനീയറിങ്: ഒന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു
എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട ഓപ്ഷൻ റജിസ്ട്രേഷനും എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട ഓപ്ഷൻ റജിസ്ട്രേഷനും 27ന് ആരംഭിക്കും. രണ്ടു വിഭാഗങ്ങളുടെയും അലോട്മെന്റ് നാലിനു പ്രസിദ്ധീകരിക്കും.
എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞപ്പോൾ മൂന്നു വിഭാഗങ്ങളിലുമായി 8600 സീറ്റിലേറെ ഒഴിവുണ്ട്. കഴിഞ്ഞ 13 മുതൽ 19 വരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്മെന്റ്. ഇതു സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥിയുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർഥികൾ അലോട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുക്കണം. പേരും റോൾ നമ്പരും അലോട്മെന്റ് ലഭിച്ച കോഴ്സും കോളജും കാറ്റഗറിയും ഫീസ് സംബന്ധിച്ച വിശദാംശങ്ങളും അതിൽ ഉണ്ടാകും.
ഫീസ് ഇന്നു മുതൽ 26ന് 5 വരെ ഓൺലൈനായോ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പറയുന്ന ഹെഡ് പോസ്റ്റ് ഓഫിസുകൾ മുഖേനയോ അടയ്ക്കാം. കോളജിൽ ചേരേണ്ടതില്ല. നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടയ്ക്കാത്തവരുടെ അലോട്മെന്റും ആ സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. ഇതു പിന്നീട് ലഭ്യമാകില്ല.
അലോട്മെന്റ് ലഭിച്ച പട്ടിക വിഭാഗ, ഒഇസി വിദ്യാർഥികളും സർക്കാർ ഉത്തരവുകൾ അനുസരിച്ചു ഫീസ് ആനുകൂല്യം ഉള്ള വിദ്യാർഥികളും ടോക്കൺ ഡിപ്പോസിറ്റ് അടയ്ക്കേണ്ടതില്ല. എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള കാറ്റഗറി ലിസ്റ്റുകൾ അപാകത പരിഹരിച്ച ശേഷം പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാന തല അവസാന റാങ്ക് (ഗവ.എയ്ഡഡ് എൻജിനീയറിങ് കോളജ്)
കംപ്യൂട്ടർ - 2383
കെമിക്കൽ -3368
ഇൻഡസ്ട്രിയൽ -3142
മെക്കാനിക്കൽ –4194
സിവിൽ –4415
അഗ്രിക്കൾച്ചറൽ– 4769
മെക്ക്–പ്രൊഡക്ഷൻ–4912
ഇലക്ട്രി & ഇലക്ട്രോ–4782
പ്രൊഡക്‌ഷൻ– 5599
ഇലക്ട്രോ & കമ്യൂണി–4766
ഡെയറി–5705
ഫുഡ്ടെക്– 5532
ഫുഡ് എൻജി & ടെക്–5908
അപ്ലൈഡ് ഇലക്ട്രോ–6337
ഇൻസ്ട്രു & കൺട്രോൾ–7440
ഐടി– 7502
ആർക്കിടെക്ചർ–142
ഫാർമസി–810