രാത്രി ഏഴു മണിക്കൂറെങ്കിലും ഉറങ്ങുന്ന കോളജ് വിദ്യാർഥികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ സാധ്യതയെന്ന് പഠനഫലം. മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) നടത്തിയ ഒരു ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. ഏഴു മണിക്കൂറില്‍ താഴെ ഉറങ്ങുന്ന വിദ്യാർഥികളുടെ മാര്‍ക്ക്, ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നവരെ അപേക്ഷിച്ച് 50 ശതമാനം കുറവായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

എത്ര മണിക്കൂര്‍ ഉറങ്ങി എന്നതു മാത്രമല്ല എത്ര മണിക്ക് ഉറങ്ങാന്‍ കിടക്കുന്നു എന്നതും പ്രധാനമാണെന്ന് പഠനം പറയുന്നു. ഉദാഹരണത്തിന്, പുലര്‍ച്ചെ രണ്ടു മണിക്കു ശേഷം ഉറങ്ങാന്‍ കിടന്ന വിദ്യാർഥികളാണ് ഈ പഠനം അനുസരിച്ച് പരീക്ഷകളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത്. രണ്ടു മണിക്കു ശേഷം ഉറങ്ങാന്‍ കിടക്കുന്നവര്‍ അതിനു ശേഷം ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി കിടന്നുറങ്ങിയാലും കാര്യമില്ലെന്ന് ഗവേഷണം അടിവരയിട്ട് പറയുന്നു. ഇവരുടെ പരീക്ഷയിലെ പ്രകടനം മോശമായിരിക്കും.

ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാന്‍ സാധിക്കുമെങ്കില്‍ വിദ്യർഥികള്‍ 10 മണിക്കോ 12 മണിക്കോ ഒരു മണിക്കോ ഉറങ്ങാന്‍ പോയാലും കുഴപ്പമില്ല. പക്ഷേ, രണ്ടു മണി കഴിഞ്ഞാൽ നിശ്ചിത സമയത്തെ ഉറക്കവും സഹായകമാകില്ല. എംഐടി എന്‍ജിനീയറിങ് ക്ലാസിലെ 100 വിദ്യാർഥികളിലാണ് ഉറക്കവും പഠന നിലവാരവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനം നടത്തിയത്.

ഉറങ്ങിയാല്‍ നല്ല മാര്‍ക്ക് ലഭിക്കും എന്നുകരുതി പരീക്ഷയുടെ തലേദിവസം മാത്രം നന്നായി കിടന്നുറങ്ങിയിട്ടു പ്രയോജനമില്ലെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ എംഐടി പ്രഫസര്‍ ഗ്രോസ്മാന്‍ പറയുന്നു. തുടര്‍ച്ചയായി കുറേയധികം രാത്രികളിലെ മികച്ച ഉറക്കം മാത്രമേ ഫലം നല്‍കൂ. സയന്‍സ് ഓഫ് ലേണിങ് എന്ന ജേണലിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.