ഇനിയുള്ള കാലഘട്ടത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസമെങ്ങനെ?
‘‘ടെക് സാവി ജനറേഷനാണ് ഇപ്പോഴത്തേത്. സ്വന്തമായി അറിവ് കണ്ടെത്തുന്നവർ, ആശയങ്ങൾ രൂപപ്പെടുത്തുന്നവർ. അവർ വഴി കണ്ടെത്തിക്കോളും. അധ്യാപകർ വേണ്ട പിന്തുണ നൽകുകയേ വേണ്ടൂ.’’ എൻഐടി തിരുച്ചിറപ്പള്ളി ഡയറക്ടർ ഡോ.മിനി ഷാജി തോമസ് പുതിയ തലമുറയെക്കുറിച്ചു സൂപ്പർ കോൺഫിഡന്റ്. ഇനിയുള്ള കാലഘട്ടത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തെക്കുറിച്ചു ഡോ.മിനി സംസാരിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും പോലെയുള്ള സാങ്കേതികവിദ്യകൾ വന്നതോടെ എൻജിനീയറിങ് 4.0 യെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. എൻജിനീയറിങ് വിദ്യാഭ്യാസത്തെ ഇതെങ്ങനെ സ്വാധീനിക്കും ?
പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്ന മാറ്റങ്ങളെ നാലാം വ്യവസായ വിപ്ലവം (ഇൻഡസ്ട്രി 4.0) എന്നു വിളിച്ചുതുടങ്ങിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടതാണ് എൻജിനീയറിങ് 4.0. എല്ലാ എൻജിനീയറിങ് ശാഖകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള സാങ്കേതികവിദ്യകൾ കടന്നുവന്നു. ഒരു വിഷയത്തിൽ മാത്രം വൈദഗ്ധ്യം നേടിയാൽ പോരാ. മെക്കാനിക്കൽ വിദ്യാർഥി കംപ്യൂട്ടർ സയൻസിലെ ചില വിഷയങ്ങളും അറിയണം. തിരിച്ചും അങ്ങനെതന്നെ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇൻഡസ്ട്രിയുമായി സ്ഥിരം ബന്ധവും അനിവാര്യമായി.
മാറ്റങ്ങൾ സിലബസിൽ പ്രതിഫലിക്കുന്നുണ്ടോ ?
തിരുച്ചിറപ്പള്ളി എൻഐടിയിൽ ബിടെക് വിദ്യാർഥി തന്റെ ബ്രാഞ്ചിലെ 50 % വിഷയങ്ങൾ മാത്രമാണു നിർബന്ധമായി പഠിക്കേണ്ടത്. ബാക്കി മറ്റു ബ്രാഞ്ചുകളിൽനിന്നു തിരഞ്ഞെടുക്കാം. സ്വന്തം ശാഖയിലെ ആഴമേമേറിയ പഠനത്തിനും സ്വാതന്ത്ര്യമുണ്ട്. 6 മാസം ഇന്റേൺഷിപ്പുണ്ട്. ഇൻഡസ്ട്രിയിൽ നിന്നുള്ളവരുടെ ലക്ചറുകൾ നിർബന്ധമാക്കി.
∙ പ്ലേസ്മെന്റ് ട്രെൻഡുകൾ ?
ഡേറ്റ അനലിറ്റിക്സിനാണ് ഈയിടെയായി ഏറ്റവും ഡിമാൻഡ്. ഐടിയിൽ പഴയതുപോലെയുള്ള മാസ് റിക്രൂട്മെന്റ് ഇല്ലെങ്കിലും അവിടെയും പ്രോഗ്രാമിങ്ങിനപ്പുറമുള്ള ജോലികൾ ഉരുത്തിരിയുന്നു. വൈദഗ്ധ്യവും മികവുമുണ്ടെങ്കിൽ ജോലിയുണ്ടാകും. അറിവ് അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കണം.
സ്റ്റാർട്ടപ്പുകൾ കൊണ്ടുവരുന്ന മാറ്റം ?
5 % വിജയസാധ്യതയേ ഉള്ളൂവെങ്കിലും അതുവഴി ലഭിക്കുന്ന അറിവ് വലുതാണ്. സ്റ്റാർട്ടപ് പരാജയപ്പെട്ടാലും ജോലിക്ക് അപേക്ഷിക്കുമ്പോൾ അതൊരു പ്ലസ് പോയിന്റായിരിക്കും. വിദേശത്തെന്ന പോലെ കോഴ്സിൽനിന്ന് ഒരു വർഷം ഇടവേളയെടുത്തു സ്റ്റാർട്ടപ് തുടങ്ങാൻ ഇവിടെയും അവസരം വരും. ഇന്നു വലിയ സംരംഭമായി മാറിയ നിംബിൾ കുക്ക് എന്റെ ഒരു വിദ്യാർഥി ചെറിയ സ്റ്റാർട്ടപ്പായി ആരംഭിച്ചതാണ്.
രാജ്യമെമ്പാടും നിന്നുള്ള വിദ്യാർഥികളുമായി ഇടപെടുന്നയാളാണ്. കേരളത്തിലെ വിദ്യാർഥികളെക്കുറിച്ചുള്ള അഭിപ്രായം ?
മുൻപ് ആശയവിനിമയത്തിൽ പിന്നിലായിരുന്നെങ്കിലും ഇന്റർനെറ്റിന്റെ വരവോടെ അതു വലിയ തോതിൽ മാറി. എങ്കിലും മെട്രോ വിദ്യാർഥികളെക്കാൾ ചിലപ്പോഴെങ്കിലും ധൈര്യക്കുറവുള്ളതായി തോന്നും. ഇംഗ്ലിഷിൽ ആശയവിനിമയം നടത്തുക പ്രധാനമാണ്.
പഠിക്കുന്ന കോളജിന്റെ നിലവാരവും അടിസ്ഥാനസൗകര്യങ്ങളും സ്വാധീനിക്കുമെങ്കിലും ഡിജിറ്റൽ യുഗത്തിൽ എവിടെ പഠിച്ചാലും അവസരങ്ങൾ തുല്യമാണ്. പഠനശേഷമുള്ള ജീവിതത്തിൽ എടുക്കുന്ന റിസ്കുകളിലും തീരുമാനങ്ങളിലുമാണു കാര്യം.
(കോതമംഗലം സ്വദേശിയായ ഡോ. മിനി ഷാജി തോമസ് ഡൽഹി കോളജ് ഓഫ് എൻജിനീയറിങ്ങിലും ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലുമായി 27 വർഷത്തെ അധ്യാപനത്തിനു ശേഷം 2016ലാണു തിരുച്ചിറപ്പള്ളി എൻഐടി ഡയറക്ടറായത്)