മൂന്നു വർഷമായി ഇംഗ്ലിഷ് പ്രസംഗത്തിലും ഇംഗ്ലിഷ് പദ്യപാരായണത്തിലും വിജയത്തിന്റെ കുത്തക കൈവിടാതെ  എട്ടാം ക്ലാസ്സുകാരി ശ്രദ്ധ സണ്ണി. കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് ശ്രദ്ധ. സംസ്ഥാന കലോത്സവം ഇല്ലാത്ത യുപി വിഭാഗത്തിൽ മുൻ വർഷങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്ന ശ്രദ്ധ ഇക്കുറി സംസ്ഥാന കലോത്സവത്തിൽ രണ്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി വിജയത്തിളക്കം ആവർത്തിച്ചു. 

പദ്യപാരായണത്തിനും പ്രസംഗത്തിനുമൊപ്പം മോണോ ആക്ടിലും മുൻ വർഷങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. കായികരംഗത്തും മികവ് തെളിയിച്ചിട്ടുള്ള ശ്രദ്ധ കേരളാ ബാഡ്മിന്റൻ അസോസിയേഷൻ ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റിൽ അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ ഈ വർഷം ജില്ലാ ചാംപ്യനായിരുന്നു. സ്കൂൾ ഗെയിംസിലും ജില്ലയിൽ ഒന്നാം സ്ഥാനം നേടി. 

കട്ടപ്പന തൊട്ടിയിൽ സണ്ണി ജോസഫിന്റെയും ജിജിമോൾ മാത്യുവിന്റെയും മകളാണ്. സ്കൂൾ കലോത്സവങ്ങളിൽ  ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂടിയിട്ടുള്ള സഹോദരൻ സിദ്ധാർഥ് ആണ് കലാമത്സരങ്ങളിൽ ശ്രദ്ധയുടെ വഴികാട്ടി.