300ന് പകരം 3000; അപ്പീലുകാരെ പിഴിഞ്ഞ് മെസഞ്ചറുടെ ഫെസ്റ്റിവൽ
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ലോകായുക്തയിൽ നിന്ന് അപ്പീൽ അനുമതി കാഞ്ഞങ്ങാട്ടെത്തിക്കാൻ മെസഞ്ചർ നിരക്ക് എത്ര? രക്ഷിതാക്കൾ പലരും 3000 രൂപ കൊടുത്തതായി പറയുമ്പോൾ ലോകായുക്ത പറയുന്നത് അതിന്റെ പത്തിലൊന്നു തുകയാണ് യഥാർഥത്തിൽ ഈടാക്കിയതെന്നാണ്. അഭിഭാഷക ഫീസും മെസഞ്ചർ നിരക്കും അഭിഭാഷകരുടെ അക്കൗണ്ടിലാണിട്ടു നൽകിയതെന്നും 3000 രൂപ മെസഞ്ചർ നിരക്കായി വേണമെന്നാണു തങ്ങളോട് അഭിഭാഷകർ ആവശ്യപ്പെട്ടതെന്നും അപ്പീൽ അനുമതിയുമായി എത്തിയ രക്ഷിതാക്കൾ പറയുന്നു.
തിരുവനന്തപുരത്തെ ലോകായുക്ത ഓഫിസിൽ നിന്ന് അപ്പീലുകളുടെ അനുമതി അവർ നേരിട്ടു കലോത്സവ നഗരിയിലെ അപ്പീൽ ഓഫിസിൽ എത്തിക്കുകയാണു ചെയ്യുക. രക്ഷിതാക്കളുടെ കയ്യിൽ കൊടുത്തുവിടില്ല. തപാലിൽ അയച്ചാൽ മതിയാവില്ല എന്ന സാഹചര്യത്തിൽ പ്രത്യേക മെസഞ്ചറേ വിടാൻ ഹർജിക്കാർ അനുമതി ചോദിക്കുക സ്വാഭാവികമാണ്. അതിനായി നിയോഗിക്കപ്പെടുന്ന മെസഞ്ചർക്കുള്ള യാത്രാപ്പടി ഹർജിക്കാർ കെട്ടിവയ്ക്കണം.
ട്രെയിനിൽ എത്തിച്ചതിനു പുറമെ, അടിയന്തര സാഹചര്യം കണക്കിലെടുത്തു വിമാനത്തിലും ചില അപ്പീൽ അനുമതികൾ ലോകായുക്ത മെസഞ്ചർ വഴി കൊടുത്തുവിട്ടിട്ടുണ്ട്. ട്രെയിനുകളിൽ കൊണ്ടുപോയതിന് 300 രൂപയിൽ താഴെയും വിമാനത്തിൽ കൊണ്ടുപോയതിന് 600 രൂപ വരെയുമാണ് മെസഞ്ചർ നിരക്ക് ഈടാക്കിയതെന്ന് ലോകായുക്തയിൽ നിന്ന് അറിയിച്ചു.
ഒരു ദിവസത്തെ ഉത്തരവുകളെല്ലാം ഒന്നിച്ചു കൊണ്ടപോകും വിധം മെസഞ്ചറെ നിയോഗിക്കുന്നതിനാൽ മെസഞ്ചർ നിരക്കു ഗണ്യമായി കുറച്ചാണ് ഈടാക്കുക. എന്നാൽ, ഓരോ ഉത്തരവും തിരുവനന്തപുരത്തു നിന്നു കാഞ്ഞങ്ങാട്ടെത്തിക്കാൻ പ്രത്യേകം മെസഞ്ചർ വേണമെന്നു രക്ഷിതാക്കള ബോധ്യപ്പെടുത്തി 3000 രൂപ മെസഞ്ചർ നിരക്ക് അഭിഭാഷകർ ഈടാക്കിയിരിക്കാം എന്നാണ് നിഗമനം.
English Summary: School Youth Festival