കൃഷിയെന്നത് കർഷകന്റെ അറിവിലും കഴിവിലും യുക്തിയിലും മാത്രം അധിഷ്ഠിതമായിരുന്നു നമ്മുടെ നാട്ടിൽ. നിലമൊരുക്കുന്നതു തൊട്ട് കൊയ്യുന്നതു വരെ എല്ലാത്തിനും ഒരു മനക്കണക്കുണ്ടായിരുന്നു നമ്മുടെ കർഷകർക്ക്. എന്നാൽ കാലാവസ്ഥയും പരിതസ്ഥിതികളുമൊക്കെ പ്രവചനാതീതമായപ്പോൾ അവരുടെ കണക്കുകൂട്ടലുകളിൽ പലതും തെറ്റി. ഫലമോ, കൃഷിയും ഉത്പാദനവും കുറഞ്ഞു.

പുതിയ കാലത്തിനനുസരിച്ച് കൃഷിയും കൂടുതൽ സ്മാർട്ട് ആകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നിർമിത ബുദ്ധിയിലും ഇന്റർനെറ്റ് ഓഫ് തിങ്സിലും അധിഷ്ഠിതമായ ഒരു സ്മാർട്ട് ഫാമിങ് സംവിധാനം കണ്ടെത്തിയിരിക്കുകയാണ് പഞ്ചാബിലെ രണ്ട് ഗവേഷക വിദ്യാർഥികൾ.

പഞ്ചാബിലെ ലവ്‌ലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥകളായ  മഹേന്ദ്ര സ്വെയിനും വസീം അക്രവുമാണ് ഇ-പരിരക്ഷക് എന്നു പേരിട്ട ഈ സംവിധാനം വികസിപ്പിച്ചത്. 

പാടത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജലാംശത്തിന്റെ അളവും മണ്ണിന്റെ ഊഷ്മാവും ഈർപ്പവുമെല്ലാം നിരന്തരം നിരീക്ഷിക്കുന്ന ഈ സ്മാർട്ട് സംവിധാനം ഉപയോഗിച്ച് വാട്ടർ പമ്പുകളും ബ്ളോയറുകളും സ്പ്രിങ്ക്റളുകളും ദൂരെനിന്നു നിയന്ത്രിക്കാം. ഉപകരണം ശേഖരിക്കുന്ന ഡേറ്റ ഭാവിയിലെ വിലയിരുത്തലുകൾക്കായി ക്ലൗഡിൽ സൂക്ഷിക്കും. തങ്ങളുടെ കണ്ടെത്തലിന് പേറ്റന്റിന് അപേക്ഷ നൽകിയിരിക്കുകയാണ് ഈ വിദ്യാർഥികൾ. യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലെ ഫാക്കൽറ്റിയംഗങ്ങളായ രാജേഷ് സിങ്ങും അനിത ഗെഹ്‌ലോട്ടുമാണ് ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത്.

പാടത്ത് സ്ഥാപിക്കാവുന്ന നിരവധി സെൻസർ നോഡുകളും എൽസിഡി സ്ക്രീനോടു കൂടിയ, കൈയിൽ പിടിക്കാവുന്ന ചെറു ഉപകരണങ്ങളും അടങ്ങുന്നതാണ് ഇ - പരിരക്ഷക്. പാടത്തിലെ മണ്ണിന്റെ പ്രത്യേകതകളെല്ലാം ഈ സ്ക്രീനിൽ തെളിയും. മൈക്രോ കൺട്രോളറുകൾ ഉപയോഗിച്ചാണ് വാട്ടർ പമ്പുകളും  സ്പ്രിങ്ക്റളുകളുമെല്ലാം നിയന്ത്രിക്കുന്നത്.

കൃഷിസ്ഥലത്തുനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ അഡ്വാൻസ്ഡ് മെഷീൻ ലേണിങ് അൽഗോരിതം ഉപയോഗിച്ച് മൂല്യനിർണയം നടത്തി, അവിടെ വളരാൻ ഏറ്റവും അനുയോജ്യമായ വിള ഏതാണെന്നും സ്മാർട്ട് സിസ്റ്റം കണ്ടെത്തി തരും. ആ വിള വളരാൻ ആവശ്യമായ വെള്ളവും വളവും കീടനാശിനിയുമെല്ലാം ഇ- പരിരക്ഷക് നിർദേശിക്കും. വിളകൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തുന്ന സംവിധാനം, അതിനെക്കുറിച്ച് കർഷകനെ അറിയിക്കും. പരമ്പരാഗതവും  ആധുനികവുമായ കൃഷികളിൽ ഈ സംവിധാനം ഒരു പോലെ ഉപയോഗിക്കാം. 10 കിലോമീറ്റർ ചുറ്റളവ് റേഞ്ചിൽ പ്രവർത്തിക്കുന്ന ഇതിന് ഇന്റർനെറ്റിന്റെ സഹായം ആവശ്യമില്ല എന്നുള്ളതാണ് മറ്റൊരു മെച്ചം.