‌കോവിഡ് പ്രതിസന്ധി കാരണം ഈ അധ്യയനവർഷത്തെ സിബിഎസ്ഇ സിലബസ് 30% ചുരുക്കിയപ്പോൾ ഒഴിവാക്കിയ പാഠഭാഗങ്ങളിൽ പൗരത്വവും മതനിരപേക്ഷതയും മുതൽ ജിഎസ്ടിയും നോട്ടുനിരോധനവും വരെ. 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസാണ് ചുരുക്കിയത്. 

9 ാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തിൽ 5 പാഠങ്ങളാണ് ഒഴിവാക്കിയത്; ജനാധിപത്യ അവകാശങ്ങൾ സംബന്ധിച്ച ഭാഗം പൂർണമായി ഒഴിവാക്കി. 11–ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്നു ഫെഡറലിസം, മതനിരപേക്ഷത, പൗരത്വം, തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം, തദ്ദേശ സ്ഥാപനങ്ങളുടെ വളർച്ച തുടങ്ങിയവ ഒഴിവാക്കി.

9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസിൽനിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ സമയലഭ്യതയും സാഹചര്യവുമനുസരിച്ചു പഠിപ്പിക്കണമെന്നാണ് സ്കൂളുകൾക്ക് സിബിഎസ്ഇയുടെ നിർദേശം. ഇവ പരീക്ഷകൾക്ക് ഉൾപ്പെടുത്തില്ലെന്നു മാത്രമേയുള്ളൂ. 

ഒഴിവാക്കിയ ചില ഭാഗങ്ങൾ

12–ാം ക്ലാസ്: പൊളിറ്റിക്കൽ സയൻസ്: ആസൂത്രണ കമ്മിഷനും പഞ്ചവത്സര പദ്ധതികളും, ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം, നവ സാമൂഹിക മുന്നേറ്റങ്ങൾ ∙ ബിസിനസ് സ്റ്റഡീസ്: നോട്ടുനിരോധനം ∙ ഹിസ്റ്ററി: കോളനിവാഴ്ച, വിഭജനം  ∙ സാമ്പത്തികശാസ്ത്രം:  വിദ്യാഭ്യാസ മേഖലയിലെ വളർച്ച ∙ ജ്യോഗ്രഫി: ഭൗമവിഭവങ്ങളും കൃഷിയും. ∙ ഫിസിക്സ്: കാർബൺ റെസിസ്റ്റേഴ്സും കളർ കോഡും, റേഡിയോആക്ടിവിറ്റി ∙ ബയോളജി: പ്രത്യുൽപാദനം, പരിണാമം, പരിസ്ഥിതി. 

11–ാം ക്ലാസ്: ബിസിനസ് സ്റ്റഡീസ്: ചരക്ക്, സേവന നികുതി (ജിഎസ്ടി) ∙ ചരിത്രം: പൗരാണിക സമൂഹങ്ങളുടെ ജീവിതം, സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ ∙ സാമ്പത്തികശാസ്ത്രം: കുത്തക, കുത്തകകൾക്കിടയിലെ മത്സരം.

10–ാം ക്ലാസ്: സാമൂഹികപാഠം: ജനാധിപത്യത്തിലെ വെല്ലുവിളികൾ, വനങ്ങളും വന്യജീവികളും ജനാധിപത്യവും വൈവിധ്യവും ലിംഗഭേദം, മതവും ജാതിയും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും അച്ചടി സംസ്കാരവും ആധുനികലോകവും ∙ ഗണിതശാസ്ത്രം: ത്രികോണമിതി, വിസ്തീർണം ∙ സയൻസ്: ലോഹങ്ങളും അലോഹങ്ങളും പാരമ്പര്യവും പരിണാമവും, ഊർജ ഉറവിടങ്ങൾ.

9–ാം ക്ലാസ്: സാമൂഹികപാഠം: ജനസംഖ്യ, ജനാധിപത്യ അവകാശങ്ങൾ, ഭക്ഷ്യസുരക്ഷ ∙സയൻസ്: ഭക്ഷ്യവിഭവങ്ങളുടെ അഭിവൃദ്ധി, ശബ്ദം ∙ ഗണിതശാസ്ത്രം: യൂക്ലീഡിയൻ ജ്യാമിതി, ത്രികോണം.

ആരോപണം തള്ളി സിബിഎസ്ഇ

കോവിഡ് ആശങ്കയുടെ സാഹചര്യത്തിൽ കുട്ടികളുടെ മാനസികഭാരം  കുറയ്ക്കാൻ, ഒറ്റത്തവണ എന്നു വ്യക്തമാക്കിയാണ് സിലബസ് വെട്ടിക്കുറച്ചതെന്ന് സിബിഎസ്ഇ. ഒഴിവാക്കപ്പെട്ട ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ 2020–21 പരീക്ഷയിൽ മാത്രമാണ് മാറ്റിനിർത്തുക. അതേസമയം, ഒഴിവാക്കുന്ന ഭാഗങ്ങളും എൻസിഇആർടി തയാറാക്കിയ ഓൾട്ടർനേറ്റീവ് അക്കാദമിക് കലണ്ടറിന്റെ സമയപ്രകാരം പഠിപ്പിക്കും. പാഠഭാഗങ്ങളെ സംബന്ധിച്ച മറ്റ് ആരോപണങ്ങൾ സിബിഎസ്ഇ തള്ളി.

English Summary : Instruction to teach omitted study portion; CBSE dismisses allegations