വീട്ടാത്തൊരു മധുരക്കടം, മാഞ്ഞുപോയ വഴിവിളക്ക്; ഗുരുത്വത്തിന്റെ മായാബന്ധനം
ഗുരുസ്ഥാനം ഗൂഗിൾ പിടിച്ചെടുത്തതോടെ അറിവിനുവേണ്ടി അടുത്തേക്കു വരുന്നവരുടെ എണ്ണം കുറഞ്ഞു. സർവവിജ്ഞാനകോശങ്ങളായ അധ്യാപകരുടെ പ്രസക്തിയും ഇല്ലാതായി. കാലാനുസൃത മാറ്റങ്ങൾ കലാലയങ്ങളിലും വന്നു കഴിഞ്ഞെങ്കിലും, ഭാഗ്യം, ഞാൻ കൊടുത്തതും കൊടുക്കുന്നതും കുറച്ചൊക്കെ എനിക്കും തിരിച്ചുകിട്ടുന്നുണ്ട്.
ഗുരുസ്ഥാനം ഗൂഗിൾ പിടിച്ചെടുത്തതോടെ അറിവിനുവേണ്ടി അടുത്തേക്കു വരുന്നവരുടെ എണ്ണം കുറഞ്ഞു. സർവവിജ്ഞാനകോശങ്ങളായ അധ്യാപകരുടെ പ്രസക്തിയും ഇല്ലാതായി. കാലാനുസൃത മാറ്റങ്ങൾ കലാലയങ്ങളിലും വന്നു കഴിഞ്ഞെങ്കിലും, ഭാഗ്യം, ഞാൻ കൊടുത്തതും കൊടുക്കുന്നതും കുറച്ചൊക്കെ എനിക്കും തിരിച്ചുകിട്ടുന്നുണ്ട്.
ഗുരുസ്ഥാനം ഗൂഗിൾ പിടിച്ചെടുത്തതോടെ അറിവിനുവേണ്ടി അടുത്തേക്കു വരുന്നവരുടെ എണ്ണം കുറഞ്ഞു. സർവവിജ്ഞാനകോശങ്ങളായ അധ്യാപകരുടെ പ്രസക്തിയും ഇല്ലാതായി. കാലാനുസൃത മാറ്റങ്ങൾ കലാലയങ്ങളിലും വന്നു കഴിഞ്ഞെങ്കിലും, ഭാഗ്യം, ഞാൻ കൊടുത്തതും കൊടുക്കുന്നതും കുറച്ചൊക്കെ എനിക്കും തിരിച്ചുകിട്ടുന്നുണ്ട്.
ഓരോ അധ്യാപകദിനത്തിലും ചിന്തിക്കും, അധ്യാപകനായി ഒൻപതു വിദ്യാലയങ്ങളിലൂടെ, കാൽനൂറ്റാണ്ടു പിന്നിട്ടു കഴിഞ്ഞിട്ടും വിദ്യാർഥിയായിരിക്കാൻ ഞാൻ ഇനിയും മോഹിക്കുന്നതിനു കാരണം എന്താവും? വിട്ടുപോരാനാവാത്ത തരത്തിൽ, പഠിച്ച വിദ്യാലയങ്ങളും പഠിപ്പിച്ച ഗുരുനാഥന്മാരുമായി ഓർമകൾ ഒരു മായാബന്ധനത്തിൽ കിടക്കാൻ ഏതു ജന്മാന്തര പുണ്യം നിമിത്തമാകുന്നു? എഴുത്തിൽ, വിദ്യാർഥികളുമായുള്ള സംഭാഷണങ്ങളിൽ ഉപമയും ഉൽപ്രേക്ഷയുമായി സദാ കടന്നുവരുന്ന മഹനീയ ജന്മങ്ങളുടെ നിത്യ സാന്നിധ്യത്തിനുവേണ്ടി ഹൃദയം എന്തിനിങ്ങനെ തുടിക്കുന്നു? ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള ചോദ്യങ്ങൾ! അഥവാ അതിനുള്ള അറിവുകൾ ഇനിയും ഉണ്ടായി വന്നിട്ടില്ല. അതുകൊണ്ടുമാകാം കോളജിൽ, എന്റെ മേശമേൽ ഗുരുനാഥമാരുടെ ചിത്രങ്ങൾ ഞാൻ ഫ്രെയിമിട്ടു സൂക്ഷിക്കുന്നതും! അതിലേ പോകുന്നവർ ‘ഇവർ ആരൊക്കെ’ എന്നു ചോദിച്ചുകേൾക്കുമ്പോഴുള്ള അഭിമാനം എനിക്കത്രയും ആവശ്യമുണ്ട്, ഞാനിപ്പോഴും വിദ്യാർഥിതന്നെ എന്നു സ്വയം വിശ്വസിച്ചു സന്തോഷിക്കുവാൻ.
ആദ്യം പഠിച്ച വിദ്യാലയം, മനസ്സിൽ ചക്കരപ്പുളിപോലെ മധുരിക്കുന്ന ചാത്തനാട്ടെ പോളഭാഗം ജെബിഎസാണ്. അവിടെ ഞാൻ അത്രയൊന്നും വികൃതിയായിരുന്നില്ല. എങ്കിലും നല്ല തല്ലു വാങ്ങിയിട്ടുണ്ട്. അതിനുശേഷം സനാതന ധർമ വിദ്യാലയത്തിൽ എത്തി. ഇന്നു ഞാൻ ഉണ്ണുന്ന അന്നം നൽകിയ ഗുരുനാഥൻ കെ.കെ.കമലാസനൻ സാറിന്റെ തട്ടകം. അദ്ദേഹം എപ്പോഴും വെറ്റില മുറുക്കും. അപാര നർമബോധം. വെടിപ്പുള്ള കയ്യക്ഷരം. ആദർശധീരത. പിടിച്ചിരുത്തുന്ന ശിക്ഷണശൈലി. എസ്ഡിവിയിൽ അധ്യാപകനായിരിക്കെ സാർ ‘ജവഹർ ഹിന്ദി വിദ്യാലയം’ എന്നൊരു സ്ഥാപനവും നടത്തിയിരുന്നു. പതിനൊന്നാം വയസ്സിൽ ഞാൻ അദ്ദേഹത്തിനു ദക്ഷിണവച്ചു ശിഷ്യനായി. ഇന്നും അങ്ങനെതന്നെ. ശനിയും ഞായറുമായിരുന്നു ക്ലാസുകൾ. ഞാൻ രാവിലെ വളരെ നേരത്തേ എത്തും. ഇന്നത്തെ താലൂക്കാഫീസിനു പുറകിലായി വക്കീലൻമാരുടെ ഓഫിസുകൾക്കിടയിലെ ഒറ്റമുറിക്കെട്ടിടം. സാർ സൈക്കിൾ ചവിട്ടി വരുന്നതും നോക്കി ഞാൻ വരാന്തയിൽ ഇരിക്കും. അതൊരു വരവുതന്നെയായിരുന്നു. നാനൂറുരൂപ നൽകി ചങ്ങനാശേരിയിൽനിന്നു വാങ്ങിയ റാലി സൈക്കിളിൽ സാർ വന്നിറങ്ങുമ്പോൾ ഇന്നത്തെ ‘ഹാർലീ ഡേവിഡ്സണി’ൽ വന്നിറങ്ങുന്ന പ്രൗഢിയുണ്ടായിരുന്നു. സൈക്കിൾ ഉള്ളിൽ എടുത്തു വച്ചുകഴിഞ്ഞാൽ സാർ അൽപം ചില്ലറ എടുത്തു തരും. ഗേൾസ് സ്കൂളിനു മുന്നിലായി ഒരു വെറ്റിലക്കടയുണ്ട്. സാറിനുവേണ്ട പാകം അവർക്കറിയാം. എന്നെക്കാണുമ്പോഴേ കടക്കാരൻ നല്ല തളിർവെറ്റിലയും ചെറുതായി വെട്ടിനുറുക്കിയ പാക്കും പുകയിലയും എടുത്തു പൊതിഞ്ഞു തരും. നടന്നു വരുന്നവഴി രഹസ്യമായി അതിലൊരൽപം ഞാനും രുചിച്ചു നോക്കും.
കമലാസനൻ സാർ മുറുക്കുന്നതു കാണാനും മാത്രമുണ്ടായിരുന്നു. വെറ്റിലയുടെ പാകഭേദങ്ങളെല്ലാം മുഖത്തു തെളിഞ്ഞുവരും. ഒന്നു മൂളിയാൽ നന്നായിട്ടുണ്ടെന്നർഥം. പൊതിയിലേക്കു തറച്ചുനോക്കിയാൽ രസിച്ചില്ല എന്നും. മുറുക്കു കഴിഞ്ഞാൽ ഒരു ചായവേണം. അതും എന്റെ അവകാശത്തിൽ വരും. ചൂടാറാതിരിക്കാൻ ഓടി വരുമ്പോൾ ചായ തുളുമ്പി കുഞ്ഞു വിരലുകൾ പൊള്ളും. ‘പൊള്ളിയോടാ’ എന്നു സാർ ചോദിക്കുമ്പോഴേക്കും എല്ലാം മാഞ്ഞുപോയിട്ടുണ്ടാകും. ചായകുടി കഴിഞ്ഞാൽ സാർ പഠിപ്പിച്ചു തുടങ്ങും. ഓരോ പാഠത്തിനും മധുരനാരങ്ങയുടെ മണവും സ്വാദുണ്ടായിരുന്നു. അങ്ങനെ ആറേഴു വർഷങ്ങൾ. തുടക്കത്തിൽ ഉണ്ടായിരുന്നവരെല്ലാം ഇടയിൽ കൊഴിഞ്ഞുപോയി. അവസാനം ആ ബാച്ചിൽ ഞാൻ മാത്രമായി. മാസാദ്യം കുട്ടികൾ ഫീസു കൊടുക്കുന്നതു കാണുമ്പോൾ ഉള്ളുരുകും. ദക്ഷിണയായി വെറ്റില പാക്ക് കൊടുത്തപ്പോൾ ഒപ്പംവച്ച വെള്ളിരൂപയല്ലാതെ ഇക്കാലത്തിനിടയിൽ കാലണ കൊടുത്തിട്ടില്ല. തുടക്കത്തിൽ എപ്പോഴോ സാർ ഫീസു ചോദിച്ചിരുന്നു. പിറ്റേദിവസം ഞാൻ അമ്മയെയുംകൂട്ടി ചെന്നു. അവർ തമ്മിൽ എന്തോ സംസാരിച്ചു. തിരിച്ചു വരുന്നവഴി അടുക്കളക്കരി പുരണ്ട നേര്യതിന്റെ തുമ്പെടുത്തു കണ്ണുതുടച്ചുകൊണ്ട് അമ്മ പറഞ്ഞു, ‘കുട്ടി പഠിച്ചോ, സാറിനു കൊടുക്കാനുള്ള പൈസ നമുക്ക് കിട്ടുമ്പോ കൊടുക്കാം’. അതിൽ പിന്നൊരിക്കലും സാർ ഫീസ് ചോദിച്ചിട്ടില്ല, ഞാൻ കൊടുത്തിട്ടുമില്ല. മുപ്പത്തെട്ടു വർഷങ്ങൾ കഴിഞ്ഞു. സാർ ഉറപ്പിച്ചുതന്ന അടിത്തറയിൽ ഞാനിന്നൊരു ജീവിതം കെട്ടിപ്പൊക്കിയിരിക്കുന്നു. പക്ഷേ പഴയ വീടാക്കടം ഞങ്ങൾ അങ്ങനെതന്നെ സൂക്ഷിക്കുന്നു.
എസ്ഡി കോളജിൽ വിദ്യാർഥിയായപ്പോൾ മനസ്സിനിഷ്ടപ്പെട്ട കുറേ അധ്യാപകരെ ലഭിച്ചു. അവരിലൊരാൾ എന്നെ വ്യക്‌തിപരമായി ഏറെ സ്വാധീനിച്ചു. മലയാളത്തിനപ്പുറത്തു വ്യാപിച്ചുനിൽക്കുന്ന സാഹിത്യ ചക്രവാളം അദ്ദേഹം കാണിച്ചുതന്നു. ബർണാഡ് ഷാ, ജോർജ് ഓർവെൽ, സാമുവൽ ബക്കറ്റ്, ജയിംസ് ജോയ്സ്, ഖലീൽ ജിബ്രാൻ, സിൽവിയ പ്ലാത്ത് എന്നിങ്ങനെ അദ്ദേഹം ക്ലാസിൽ പരിചയപ്പെടുത്തിയ പേരുകൾ ഒരു പതിനേഴുകാരനെ ഗൗരവമുള്ള വായനയുടെ ലോകത്തേക്കു നയിച്ചു. നേരേയല്ലാതെ കടപ്പുറംവഴി വളഞ്ഞു ചുറ്റിപ്പോകുന്ന ബസ്സിലെ ഇരുമ്പുതൂണിൽ ചാരിനിന്നുകൊണ്ട് അദ്ദേഹം തടിച്ച പുസ്തകങ്ങൾ ആർത്തിയോടെ വായിക്കുന്നതു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെയൊന്നിന്റെ പുറംചട്ടയിലേക്കു പാളി നോക്കിയപ്പോൾ ‘ഡാന്റേ’ എന്നു കണ്ടു. അതിനെപ്പറ്റി ചോദിച്ചപ്പോൾ നീ ‘ഡിവൈൻ കോമഡി’യൊന്നും വായിക്കാറിയിട്ടില്ല എന്നദ്ദേഹം പ്രതികരിച്ചു.
മധ്യവേനൽ അവധി തുടങ്ങുന്നതിനു തലേനാൾ സാറിനെ ചെന്നുകണ്ടു. അവധിക്കാലത്തു വായിക്കാൻവേണ്ടി ഒരു പുസ്തകം സാർ നിർദേശിച്ചു - ചാൾസ് ലാംബ് എഴുതിയ ‘ടെയിൽസ് ഫ്രം ഷേക്സ്പിയർ’. പുസ്തകം മുനിസിപ്പൽ ലൈബ്രറിയിൽ ഉണ്ടായിരുന്നു. അതു വായിച്ച സന്തോഷം പറയാൻ കോളജ് തുറന്നദിവസം രാവിലെതന്നെ ഞാൻ ഇംഗ്ലിഷ് ഡിപ്പാർട്ടുമെന്റിനു മുന്നിൽ ചെന്നുനിന്നു. സാറിനെ കണ്ടില്ല, കുറേ ദിവസങ്ങൾ അങ്ങനെ പോയി. സാറിനെ കണ്ടില്ല. പേടി കാരണം ആരോടും ചോദിച്ചുമില്ല. ഒരു ദിവസം പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിലൂടെ നടന്നപ്പോൾ ചില അധ്യാപകർ ‘അക്ഷയകുമാർ’ എന്ന പേര് പറയുന്നതു കേട്ടു. ഞാൻ മെല്ലെ ചെവിയോർത്തു. ഒരു കൗമാരക്കാരനു താങ്ങാൻ കഴിയുന്നതായിരുന്നില്ല, ആ വാർത്ത - അക്ഷയകുമാർ സാർ മരിച്ചു! എനിക്കതു മനസ്സിലായില്ല. ഇത്രയും ചെറുപ്പത്തിൽ ആളുകൾ മരിക്കുമോ? പക്ഷേ അതിനുശേഷവും എത്രയോ തവണ അദ്ദേഹം വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഗെയ്റ്റിലും ഡിപ്പാർട്ടുമെന്റിനു മുന്നിലും സാറിനെ കാത്തുനിന്നു.
മധുരവും കയ്പ്പും മിശ്രിതമായ വിദ്യാർഥി ജീവിതകാലം താണ്ടി ഇന്നത്തെ ക്യാംപസിൽ തിരിച്ചെത്തുമ്പോൾ ഞാൻ കാണുന്നതിങ്ങനെ: ഗുരുസ്ഥാനം ഗൂഗിൾ പിടിച്ചെടുത്തതോടെ അറിവിനുവേണ്ടി അടുത്തേക്കു വരുന്നവരുടെ എണ്ണം കുറഞ്ഞു. സർവവിജ്ഞാനകോശങ്ങളായ അധ്യാപകരുടെ പ്രസക്തിയും ഇല്ലാതായി. കാലാനുസൃത മാറ്റങ്ങൾ കലാലയങ്ങളിലും വന്നു കഴിഞ്ഞെങ്കിലും, ഭാഗ്യം, ഞാൻ കൊടുത്തതും കൊടുക്കുന്നതും കുറച്ചൊക്കെ എനിക്കും തിരിച്ചുകിട്ടുന്നുണ്ട്. സഹപ്രവർത്തകയായിക്കൊണ്ട് എനിക്കൊപ്പംപോന്ന വളർച്ച ഗുരുദക്ഷിണയായി നൽകിയ പ്രിയ ശിഷ്യയും അഭിമാനം. അതങ്ങനയല്ലേ വരൂ. ഇരുപത്തിമൂന്നുവർഷം പുറകിൽ, ആലുവ അദ്വൈതാശ്രമത്തിൽ ഒരു പെൺകുട്ടിയെ ജീവിതത്തിലേക്കു സ്വീകരിക്കുന്ന സുപ്രധാന സന്ദർഭത്തിൽ, ‘കന്യാദാനം നടത്താൻ ആര്’ എന്ന കുഴപ്പംപിടിച്ച ചോദ്യം പുരോഹിതൻ ഉയർത്തിയ നിമിഷം, ‘ഞാൻ’ എന്നു പറഞ്ഞുകൊണ്ട് മണ്ഡപത്തിലേക്കു കയറിനിന്ന പ്രഫസർ വിജയൻ സാറിന്റെ ശിഷ്യനല്ലേ ഞാനും! എനിക്കറിയാം, യഥാർഥ ഗുരുശിഷ്യബന്ധങ്ങൾ ക്ലാസിനുള്ളിലല്ല, വെളിയിലാണ്.
(ചലച്ചിത്രഗാന രചയിതാവും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ പ്രഫസറുമാണ് ലേഖകൻ)
English Summary: Teacher's day Memoir By Dr Madhu Vasudevan