ഐ.എം.വിജയൻ ചോദിച്ചു: ‘ടീച്ചറേ എന്റെ റെക്കോർഡ് ആരെങ്കിലും തകർത്തോ?’ പാഠമാണ് നമുക്ക് ഈ കഥ
എല്ലാവരും വിജയിക്കുന്ന റിപബ്ലിക്കിന് എന്താണു കുഴപ്പം? പത്താം ക്ലാസ് ജീവിത വിധി നിർണയിക്കുന്ന സന്ധിയാണെന്നു കരുതി അമിത പ്രാധാന്യം നൽകിയിരുന്ന കാലം ഓർമയായി. പരാജയപ്പെട്ടവർക്ക് ട്യൂട്ടോറിയൽ കോളജിന്റെ രണ്ടാം ഗ്രേഡും വിജയിച്ചവർക്ക് സർക്കാരിന്റെ ‘സാധാരണ’ കോളജും എന്ന നാട്ടുനടപ്പും മാറി. ട്യൂട്ടോറിയൽ കോളജ് എന്ന സമാന്തര വിദ്യാഭ്യാസ വ്യവസ്ഥയെ തോറ്റോടിയ കോളജ് എന്നു വിളിച്ചു കളിയാക്കിയവർ ഇന്ന് തമാശക്കാരല്ല, പിന്തിരിപ്പൻമാണ്. കേരളത്തിന്റെ ഫുട്ബോൾ ഹീറോ ഐ.എം.വിജയൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ‘എന്റെ പഴയ സ്കൂളിൽ പോകുമ്പോൾ അധ്യാപകരോട് ചോദിക്കും. ‘എന്റെ റെക്കോർഡ് ഇപ്പോഴാരെങ്കിലും തകർത്തോ’ എന്ന്. ഇന്ത്യൻ ഫുട്ബോളിലേക്ക് പിന്നെ ഇവിടെനിന്ന് ആരും പോയില്ലല്ലോ എന്നു മറുപടി പറഞ്ഞ ടീച്ചറോട് വിജയൻ പറഞ്ഞു. ‘ആ റെക്കോർഡല്ല, അഞ്ചാം ക്ലാസിൽ അഞ്ചു തവണ തോറ്റ റെക്കോർഡ്...’.
ഇത് വിജയൻ തമാശയായി പറയാറുണ്ടെങ്കിലും ഒരു കാലത്തെ തെറ്റായ പാഠ്യരീതിയുടെ അവശേഷിപ്പാണ് ഇത്തരം കഥകൾ. പരീക്ഷാവിജയം മാത്രമാണ് ജീവിതത്തിൽ എല്ലാമെന്നു കരുതുന്നവര്‍ക്കു മുന്നിലെ വലിയ പാഠവും. ഐ.എം. വിജയൻ പ്രതിഭകൊണ്ട് ആ കാലത്തെ മറികടന്നു. ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്തി. ഇന്ന്പൊലീസ് അക്കാദമിയുടെ ഡയറക്ടർ സ്ഥാനത്തും ഇരിക്കുന്നു. ഇത് ഒറ്റപ്പെട്ട കഥ. എന്നാൽ ജയപ്പട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ പഠനത്തോട് എന്നെന്നേക്കുമായി സമരം പ്രഖ്യാപിച്ചവരും ജീവിതം അവസാനിപ്പിച്ചവരും നമ്മളോട് പറയുന്നതെന്താണ്? അവർ സിസ്റ്റത്തെ പഴിക്കാൻ പോലും പ്രാപ്തരാകാതെ സമൂഹത്തിന്റെ അരികിലേക്ക് ഒതുക്കപ്പെട്ടു. മുപ്പതും നാൽപതും വയസ്സുള്ളവർ ജീവിതത്തിലെ ചെറിയ പരാജയങ്ങളിൽ പതറിപ്പോകുന്നതു നമ്മൾ കാണാറുണ്ട്. അങ്ങനെയുള്ളവരെ പിടിച്ചെഴുന്നേൽപ്പിക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഉപദേശങ്ങളും കൂട്ടുകാരുടെ സ്നേഹ വായ്പും നൽകുന്നതിൽ നമ്മൾ മടിക്കുന്നില്ല. ആരോഗ്യമുള്ള സമൂഹത്തിൽ അതാവശ്യമാണത്.
വീണു പോകുന്നവരെ താങ്ങി നിർത്താൻ സാമൂഹിക സുരക്ഷാ പദ്ധതികൾ ഒട്ടനവധിയുണ്ട്. ലോക്ഡൗണിൽ ഒറ്റപ്പെട്ടു പോയവർക്ക് ഫോണിൽ കൗൺസലിങ് നടത്തിയിട്ടുണ്ട് നമ്മൾ. അതു നമ്മുടെ വർധിച്ച കരുതലിന്റെ അടയാളം തന്നെ. എന്നാൽ ഒരു വലിയ കാലയളവ് വിദ്യാർഥികളെ തോൽപിച്ച് തരം താഴ്ത്തി മനുഷ്യാവകാശ ലംഘനം നടത്തിയ പാരമ്പര്യവും നമുക്കുണ്ട്. അത്രയൊന്നും അകലെയല്ല അത്. ഡിപിഇപിയും പുത്തൻ പാഠ്യരീതിയുമൊക്കെ വരുന്നതു വരെ അതായിരുന്നു സ്ഥിതി. ഒന്നുമുതൽ 8 വരെ ക്ലാസുകളിലെ വാർഷിക റിസൽട്ടിൽ പേരില്ലാതെ അപമാനിതരായി പഠനം നിർത്തിയവരും, കൂലിപ്പണിക്കു പോയവരും നാടുവിട്ടവരും നമ്മുടെ ഇടയിലും ഉണ്ടായിരുന്നില്ലേ?.
ചാക്കീരി പാസ്!
മലബാറിലെ മുസ്‌ലീം ലീഗിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി. ഒട്ടേറെ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു നിയമസഭയിലെത്തിയ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1972–73 ൽ വിപ്ലവകരമായ ഒരു തീരുമാനം കൈക്കൊണ്ടു. എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും വിജയിപ്പിക്കുക. എന്നാൽ അക്കാലത്ത് അതു വ്യാപകമായ വിമർശനം ക്ഷണിച്ചുവരുത്തുകയാണുണ്ടായത്. 50 വർഷം മുൻപ് അദ്ദേഹം നടപ്പാക്കാൻ ശ്രമിച്ച നയം ഇന്ന് നമ്മൾ സാധാരണമെന്ന മട്ടിൽ കാണുന്നു. അതായത്, മുൻപേ നടന്ന ഒരു വീക്ഷണത്തെ ഉൾക്കൊള്ളാൻ നമുക്ക് 50 വർഷം വേണ്ടി വന്നു. ചാക്കീരി നടപ്പാക്കിയതുകൊണ്ടു തന്നെ അന്നതിനെ ‘ചാക്കീരിപാസ്’ എന്നാണു രാഷ്ട്രീയ വൃത്തങ്ങളിൽ കളിയാക്കിയത്. അനർഹമായി വിജയിക്കുന്നതിനെയൊക്കെ കേരളത്തിൽ ചാക്കീരി പാസ് എന്നു പറഞ്ഞു കളിയാക്കുന്ന പതിവും പിന്നീടുണ്ടായി. നിരർഥകമായതിനെ കാലം മായ്ക്കുമെന്നതു പോലെ ആ പ്രയോഗവും ഇന്ന് അസ്ഥാനത്തായി.
ജയിപ്പിക്കണോ തോൽപിക്കണോ?
സ്കൂളുകളിലെ ‘ഓൾ പ്രമോഷൻ’ നയം നിയന്ത്രിക്കുന്ന ബിൽ 2018ൽ കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കി. എന്നാൽ അഞ്ച്, എട്ട് ക്ലാസുകളിൽ കുട്ടികളെ തോൽപിക്കാതെ കയറ്റിവിടുന്ന രീതി തുടരണമോ വേണ്ടയോ എന്നു സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്ന് അന്നത്തെ കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞിരുന്നു, ഇന്നത്തേതു തകർന്ന വിദ്യാഭ്യാസ സമ്പ്രദായമാണെന്നും ഉച്ചഭക്ഷണം മാത്രം നൽകാനുള്ള സ്ഥലമായി സ്കൂളുകൾ മാറിയെന്നും മന്ത്രി അന്നു നിരീക്ഷിച്ചിരുന്നു. 2010ലാണ് തുടർമൂല്യനിർണയ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ എട്ടുവരെ ക്ലാസിലെ എല്ലാവരെയും ജയിപ്പിക്കണം എന്ന നയം വരുന്നത്. ‘നോ ഡിറ്റൻഷൻ പോളിസി’ പ്രഖ്യാപിച്ചുവെങ്കിലും പല സംസ്ഥാനങ്ങളും അതിനെതിരെ നിയമം പാസാക്കി. ചിലരെ ചില ക്ലാസുകളിൽ തോൽപിക്കണം എന്നാണ് അവരുടെ വാദം. അവസാനമായി അത്തരം നിയമ നിർമാണം നടത്തിയത് ഡൽഹി സർക്കാരാണ്.
ആടും പൂച്ചയും ജയിച്ചപ്പോൾ!
2015ൽ യുഡിഎഫ് സർക്കാർ എസ്എസ്എൽസി വിജയ ശതമാനം വർധിപ്പിച്ചു നൽകിയ കാലം. പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രി. ഫലപ്രഖ്യാപനത്തെത്തുടർന്ന് അന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് ട്രോൾമഴയായിരുന്നു. സ്കൂൾ വരാന്തയിൽ മഴ നനയാതിരിക്കാൻ കയറിയ ആട് വരെ ജയിച്ചു എന്ന തരത്തിലുള്ള ട്രോളുകൾ ഷെയറുകൾ വാരിക്കൂട്ടി. കുറച്ചു വർഷങ്ങൾക്കു ശേഷം പത്താം ക്ലാസ് പരീക്ഷ ഉദാരമാക്കാൻ അടുത്ത സർക്കാർ നിലപാടെടുത്തപ്പോൾ അബ്ദുറബ്ബ് ഒരു ചോദ്യവുമായി വന്നിരുന്നു. അന്ന് ആട്ടിൻകുട്ടിയെ വരെ വിജയിപ്പിച്ചു എന്ന് ആക്ഷേപിച്ചവർ ഇന്നെവിടെ എന്നാണ് അദ്ദേഹം ചോദിച്ചത്. ആദ്യത്തെ ട്രോളുകളുടെ പത്തിലൊന്നു ശ്രദ്ധ ഇതിനു കിട്ടിക്കാണില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. മെറിറ്റിന് പ്രാധാന്യം നൽകാൻ കുറേപ്പേരെ തോൽപ്പിക്കേണ്ടതുണ്ടോ? എല്ലാവരെയും വിജയിപ്പിച്ചാൽ മികച്ച വിജയത്തിന്റെ മാറ്റു കുറയുമോ?
തോൽവിയിൽ മരണം!
1998ൽ ആത്മഹത്യ ചെയ്ത കുട്ടികളിൽ പരീക്ഷയിലെ പരാജയം കാരണമായിട്ടുള്ളത് 41% പേർക്കായിരുന്നു. എന്നാൽ 2018 ൽ അത് 26 ശതമാനമായി കുറഞ്ഞു. വർഷത്തിൽ 2000ത്തിൽ അധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്ന ഇന്ത്യയിൽ ഇന്നും 800ലേറെപ്പേരുടെയും മരണത്തിനു പിന്നിൽ പരീക്ഷയിലെ പരാജയമാണ്. സമൂഹ മാധ്യമങ്ങളിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിന്റേതായി പ്രചരിക്കുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഗേറ്റ്സും മറ്റു ഡയറക്ടർമാരും കമ്പനിയിലേക്ക് ആളുകളെ എടുക്കുന്ന അഭിമുഖം നടത്തി. മിക്കവരും മികച്ച യോഗ്യതയുള്ളവർ. റാങ്ക് ജേതാക്കൾ. എന്നാൽ ബിൽ ഗേറ്റ്സ് തിരഞ്ഞെടുത്തത് കൂട്ടത്തിൽ ഏറ്റവും കുറവു മാർക്കുള്ളയാളെയാണ്. അയാളുടെ പ്രകടനവും ഒട്ടും ആശാവഹമായിരുന്നില്ല.
മറ്റു ഡയറക്ടർമാരെല്ലാം ബിൽ ഗേറ്റ്സിനോട് ക്ഷുഭിതരായി. എന്നാൽ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ: നമ്മുടെ കമ്പനിയിൽ ഇപ്പോൾ വേഗത്തിനാണു പ്രാധാന്യം. ഒരു റാങ്ക് ജേതാവ് കറതീർത്ത് 10 ദിവസം കൊണ്ടു തീർക്കുന്ന ജോലി ഒരു മടിയൻ രണ്ടു ദിവസം കൊണ്ട് തീർക്കും. അതിനുള്ള ഒരെളുപ്പവഴി അവൻ കണ്ടെത്തും. ആ നിരീക്ഷണം ശരിയായിരുന്നു എന്നു തെളിഞ്ഞു എന്നാണു കഥ. ഇത് ബിൽഗേറ്റ്സ് പറഞ്ഞു എന്നതിനു തെളിവൊന്നുമില്ല. പക്ഷേ മടിയുള്ളവരെയും ശരാശരിക്കും താഴെയുള്ളവരെയും ഇക്കഥ ഉത്തേജിപ്പിച്ചിട്ടുണ്ട്.
റാങ്ക് ജേതാക്കൾ എവിടെപ്പോയി എന്ന തരത്തിൽ പല അന്വേഷണങ്ങളും നടന്നിട്ടുണ്ട്. പണ്ടു കാലത്ത് പത്താം ക്ലാസ് റാങ്ക് ജേതാവിനെ നാടറിയും. പത്രങ്ങളിൽ ഒന്നാം പേജിൽ പടം വരും. അവർ ഏക് ദിൻ കാ സുൽത്താനാണ്. എന്നാൽ പിന്നീട് ആ കണക്കുകളൊക്കെ സർട്ടിഫിക്കറ്റിൽ മാത്രമാണ്. ഇത്തരം പല സർവേകളിലും കണ്ടെത്തിയത് റാങ്ക് ജേതാക്കൾ വലിയ അദ്ഭുതം കാണിച്ചിട്ടില്ല എന്നതാണ്. മിക്കവരും പല മൾട്ടി നാഷനൽ കമ്പനികളിലും ജോലി ചെയ്യുന്നുണ്ട്. എന്നാൽ സമൂഹത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നരിൽ ഈ റാങ്ക് ജേതാക്കളുടെ പേര് അധികം കാണാനില്ല. പരീക്ഷകൾതന്നെ കാലഹരണപ്പെട്ടുവെന്നും നിരന്തര നിരീക്ഷണത്തിൽ നിന്നുള്ള ഫലങ്ങളാണു വേണ്ടതെന്നും പുതിയ പഠനങ്ങൾ വരുന്നു. കോവിഡ് കാലം അതിനു ചില വഴിമരുന്നുകളുമിട്ടു. പരീക്ഷ എഴുതാതെ വിജയിപ്പിക്കാമെന്നും ഇന്റേണൽ മാർക്കു കൊണ്ടു വിദ്യാർഥിയെ വിലയിരുത്താമെന്നുമുള്ള നില വന്നു.
എല്ലാവരും വിജയിച്ചാൽ എന്തു പറ്റും?
വിജയികൾ കൂടുമ്പോൾ ആർക്കും അവസരമില്ലാതാകുമോ? എല്ലാവരും വിജയിച്ച സിസ്റ്റത്തിൽ എല്ലാവർക്കും ആത്മവിശ്വാസമുണ്ടാകും. പരാജയപ്പെട്ടവർ മാറി നിൽക്കുന്നതു പോലുള്ള ഒരു വിടവ് അവിടെയില്ല. മത്സരത്തിന് എല്ലാവരുമുണ്ട്. പത്താം ക്ലാസ് വിജയിച്ചവർക്കുള്ള ഒരു പിഎസ്എസി പരീക്ഷ എഴുതാൻ നാളെ മുഴുവൻ ആളുകൾക്കും പറ്റും. അതിൽ വിജയിക്കുന്നവരോ? യഥാർഥത്തിൽ മെറിറ്റുവള്ളർ തന്നെയാണ്. പക്ഷേ എഴുതാനുള്ള യോഗ്യത മറ്റുള്ളവരെ കൂടുതൽ ശ്രമങ്ങളിലേക്ക് നയിക്കും. ഇന്നല്ലെങ്കിൽ നാളെ അവർക്കും മുന്നിലെത്താൻ കഴിയും. എന്നാൽ എന്നെന്നേക്കുമായി അവരെ ഒഴിവാക്കിനിർത്തിയാൽ സമൂഹത്തിന് സംഭാവന ചെയ്യാനുള്ള അവരുടെ അവസരങ്ങളെക്കൂടി റദ്ദ് ചെയ്യലാവും അത്.
English Summary: Analysis - How our education system changed over the years