അനേകായിരങ്ങളെ സ്വപ്നം കാണാൻ പരിശീലിപ്പിച്ചവർ, നല്ലൊരു ജോലിയിലേക്ക്, ജീവിതത്തിലേക്ക് പലരെ കൈപിടിച്ചു നടത്തിയവർ... എന്നിട്ടും സ്വന്തം ജീവിതം ഇനി എന്ത് എന്ന അനിശ്ചിതത്തിനു മുൻപിൽ പകച്ചു നിൽക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം തൊഴിലധിഷ്ഠിത കോഴ്സുകളുടെ പരിശീലകർ. ഭീമമായ തുക മുതൽമുടക്കി തുടങ്ങിയ സ്ഥാപനങ്ങൾ ഒരു വർഷത്തിലേറെ അടച്ചിടേണ്ടി വന്നതോടെ ജീവിതം തിരിച്ചുപിടിക്കാൻ ഇവർക്കു മുന്നിൽ അവശേഷിക്കുന്നത് ‘പ്രതീക്ഷ’ എന്ന ഒരേയൊരു നൂൽപാലം മാത്രമാണ്; ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ. 

ഡിടിപി ആൻഡ് പ്രിന്റിങ് പരിശീലനം, കംപ്യൂട്ടർ പരിശീലനം, വിഡിയോ ഒഡിയോ എഡിറ്റിങ് പരിശീലനം, വെൽഡിങ്, പ്ലംബിങ് ആൻഡ് വൈറിങ് എന്നിങ്ങനെ ഒരു വ്യക്തിയെ തൊഴിൽ ചെയ്തു ജീവിക്കാൻ പ്രാപ്തനാക്കുന്ന തരത്തിലുള്ള ഏതു പരിശീലനത്തെയും നമ്മുക്ക് നൈപുണ്യ വികസന പരിശീലനമായി (Skill Development Training) പരിഗണിക്കാം. കേരളത്തിലങ്ങോളമിങ്ങോളം പല മേഖലകളിലായി, ചെറുതും വലുതുമായ ഇത്തരം നിരവധി പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു.

എന്തുകൊണ്ട് നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങൾ?

എല്ലാ വിഷയത്തിനും എ പ്ലസ് നേടി ജയിച്ചവരുടെയും എല്ലാ വിഷയത്തിനും ഡി പ്ലസ് നേടി ജയിച്ചവരുടെയും അതിനിടയിലുള്ളവരുടെയും മുൻപിൽ ഇപ്പോൾ ഒറ്റ ചോദ്യമേ ഉള്ളൂ– ഇനിയെന്ത്? സമൂഹത്തിൽ നിലയും വിലയുമുള്ള ഒരു തൊഴിൽ, അതായിരിക്കും മിക്ക മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും ലക്ഷ്യം. വളരെ ചുരുക്കം ചിലർ തങ്ങളുടെ അഭിരുചികൾക്കു മുൻതൂക്കം നൽകുന്നു. 

2021 ൽ കേരള സ്റ്റേറ്റ് സിലബസിന്റെ കീഴിൽ മാത്രം എസ്എസ്എല്‍സി പരീക്ഷ എഴുതിയത് 4,21,887 പേർ. അതിൽ 4,19,651 പേരും ഉപരി പഠനത്തിന് അർഹർ. 1,21,318 വിദ്യാർഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കേരള ഹയർസെക്കൻഡറി സ്കൂൾ ഗോയിങ്–റഗുലർ വിഭാഗത്തിൽ മാത്രം ഈ വർഷം പരീക്ഷ എഴുതിയത് 3,73,788 വിദ്യാർഥികൾ. ഇതിൽ 3,28,702 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ 48383. ഓപ്പൺ സ്കൂൾ, സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികളുടെ എണ്ണം മുകളിൽ‌പറഞ്ഞ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒട്ടും ചെറുതല്ലാത്ത എണ്ണം വിദ്യാർഥികൾ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിലും ഉയർന്ന മാർക്കോടെ വിജയിച്ചിട്ടുണ്ട്.

ഇവരെയൊക്കെ ജീവിതം മുൻപോട്ടു കൊണ്ടുവാൻ തക്ക വരുമാനമുള്ള ഒരു തൊഴിൽ മേഖലയിൽ എത്തിക്കാൻ കേരളം പോലൊരു സംസ്ഥാനത്തിന് കഴിയുന്നുണ്ടോ?  പരീക്ഷാ വിജയികളിൽ എത്ര ശതമാനം പേർക്കാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുന്നത്? പഠനത്തിലെ മികവും ജോലിയിലെ മികവും രണ്ടാണ് എന്നതാണ് സത്യം. പഠിച്ചതിലേറെയും തൊഴിൽസ്ഥലത്തു പ്രയോഗിക്കാൻ കഴിയണമെന്നില്ല. പഠിക്കാത്ത പലതും സ്വന്തം മനോധർമമനനുസരിച്ച് ചെയ്യേണ്ടിയും വരും. തൊഴിൽ മേഖലിയിൽ വിജയം നേടാൻ ശക്തമായ പരിശീലനം വേണമെന്നതാണ് സത്യം.

ഉന്നത വിദ്യാഭ്യാസം നേടിയിട്ടും അർഹമായ തൊഴിൽ മേഖലയിൽ എത്തിപ്പെടാൻ കഴിയാത്തവർ നിരവധിയുണ്ട്. പൊതുവേ വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞു വരുന്ന കുട്ടികൾക്ക് തൊഴിൽ സ്ഥാപനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെ പോകുന്നുണ്ട്. അതു പരിഹരിക്കുകയാണ് തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ ചെയ്യുന്നത്. ഉദാഹരണത്തിന് പല വിഭാഗങ്ങളിൽ, പല കോളജുകളിൽ നിന്നായി എൻജിനീയറിങ് കഴിഞ്ഞിറങ്ങുന്ന കുട്ടികളിൽ വളരെ കുറച്ചു പേർക്കു മാത്രമാണ് ജോലി ലഭിക്കുന്നത്. അവിടെയും എന്തെങ്കിലും സ്‌കിൽ ഉള്ളവർക്കാണ് മുൻഗണന. ഈ സ്കിൽ വളർത്തി, തൊഴിൽ സാധ്യത കൂട്ടുകയാണ് ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം. 

Representative Image. Photo Credit : Sutipond Somnam / Shutterstock.com

നിശബ്ദമായ ഒരു സാമൂഹിക സേവനമായിരുന്നു കോവിഡ് കാലത്തിനു മുൻപുവരെ ഇവർ നിർവഹിച്ചുകൊണ്ടിരുന്നത്. വലിയൊരു വിഭാഗം കുട്ടികളെ തൊഴിൽ ചെയ്തു ജീവിക്കാൻ പ്രാപ്തരാക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. 

ജീവിതങ്ങൾക്കുമേൽ പൂട്ടു വീഴുമ്പോൾ...

കേരളത്തിൽ പ്രവർത്തിച്ചിരുന്ന നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങൾ പലതും കഴിഞ്ഞ ഒന്നര വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ്. ഭീമമായ തുകയാണ് വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പ്രായോഗിക പരിശീലനം നൽകാനായി സ്ഥാപന ഉടമകൾ മുതൽ മുടക്കിയിരിക്കുന്നത്. സ്ഥിരമായി കംപ്യൂട്ടർ സ്ഥാപനം തുറക്കാനാവാതെ വന്നതോടെ, നികത്താനാവാത്ത സാമ്പത്തിക നഷ്ടമൂലം സ്വയം മരണം തിരഞ്ഞെടുത്തു പിൻവാങ്ങിയവരും ഇനിയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ മനസ്സുമടുത്തു ജീവിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. 

ഫിലിപ് തോമസ്

21 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയും മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് സ്കിൽ കൗൺസിലിന്റെ സീനിയർ അഡ്വൈസറുമാണ് ഫിലിപ് തോമസ്. ദേശീയ തൊഴിൽ നൈപുണ്യ പരിശീലന മിഷന്‍ ശുപാർശ ചെയ്യുന്ന എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മീഡിയ ആൻഡ് ഡിസൈൻ അക്കാദമിയുെട സിഇഒ. എറണാകുളത്തും പാലക്കാടുമായി രണ്ടു ക്യാംപസുകൾ. വിവിധ കോഴ്സുകളിലായി പ്രതിവർഷം പഠിച്ചിറങ്ങിക്കൊണ്ടിരുന്നത് 400 ഓളം കുട്ടികൾ. പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യമൊരുക്കുന്നതിനായി രണ്ടു സെന്ററിലുമായി ഇദ്ദേഹം മുടക്കിയിരിക്കുന്നത് ഒരു കോടിയിലേറെ രൂപയാണ്. ഈ ഒന്നരവർഷത്തിനിടയിൽ ഉപയോഗിക്കാതിരുന്ന് കേടായി പോയ യുപിഎസ് മൂലം ഉണ്ടായ നഷ്ടം രണ്ടുലക്ഷം രൂപയോളം വരും. അഡോബ് സോഫ്റ്റ്‌വെയറുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടതിനു ശേഷം ഇതുവരെ കംപ്യൂട്ടർ ഓണാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷം സ്ഥാപനം നടത്തികൊണ്ട് പോകുവാൻ ഏകദേശം ഇരുപത് ലക്ഷം രൂപയോടടുത്താണ് ചെലവ്. ഫിലിപ് തോമസിന് പറയാനുള്ളത് കേൾക്കാം – ‘ഓരോ കമ്പനിയുടെയും തൊഴിൽ ആവശ്യകത മുൻ നിർത്തി വിദ്യാർഥികള്‍ക്ക് പ്രായോഗിക പരിശീലനം നൽകുകയാണ് ഞങ്ങളുടെ സ്ഥാപനം ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവർഷമായി സ്ഥാപനം തുറക്കുവാൻ കഴിഞ്ഞിട്ടില്ല. ഓൺലൈൻ സാധ്യതകൾ വർദ്ധിച്ചതോടെ കംപ്യൂട്ടർ സ്കിൽഡ് വർക്കേഴ്സിന്റെ തൊഴിൽ സാധ്യതകളും വർദ്ധിച്ചു. പല മൾട്ടിനാഷനൽ കമ്പനികളും കുട്ടികളെ അന്വേഷിച്ച് വിളിക്കുന്നുണ്ട്.  ഈ വർഷം എംടെക്ക് മേഖലയിൽ ആമസോൺ 60 പേരെ ജോലിക്ക് ചോദിച്ചിട്ട് എനിക്ക് വെറും 6 പേരെയാണ് കൊടുക്കാൻ കഴിഞ്ഞത്. വിദ്യാഭ്യാസ ആപ്പായ ബൈജൂസ് ചോദിച്ചിരിക്കുന്നത് ആയിരം പേരെയാണ്.’ തൊഴിൽ പ്രതിസന്ധിയുടെ ഈ കാലത്ത് എത്രയേറെ വിദ്യർഥികൾക്കാണ് അവസരങ്ങൾ നഷ്ടമായതെന്ന് ഫിലിപ് തോമസിന്റെ വാക്കുകളിൽനിന്ന് മനസ്സിലാക്കാം. 

ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തിക്കൂടേ?

സാധ്യമല്ല എന്നു തന്നെയാണ് ഉത്തരം. കാരണം ഇത് തിയറി ക്ലാസ്സുകളല്ല. തൊഴിൽ നൈപുണ്യം തൊഴിൽ ചെയ്തു തന്നെ നേടേണ്ടതാണ്. കംപ്യൂട്ടർ കോഴ്സുകളെ സംബന്ധിച്ചിടത്തോളം തൊഴിൽ പരിശീലിക്കാനുള്ള ഉപകരണങ്ങൾ വളരെ ചെലവേറിയതും. അത്യാവശ്യം നന്നായി എഡിറ്റിങ് ചെയ്യാൻ കഴിയുന്ന ഒരു സിസ്റ്റം വാങ്ങാൻ തന്നെ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വേണം. ബ്രോഡ്ബാൻഡ് കണക്‌ഷൻ എടുക്കാനും ആവശ്യമായ സോഫ്റ്റ്വെയറുകൾ വാങ്ങാനും പിന്നെയും ചെലവാണ്. അഡോബി ക്രിയേറ്റിവ് ക്ലൗഡ് ഇൻസ്റ്റാൾ ചെയ്യാൻ തന്നെ നല്ല സ്പീഡുള്ള ബ്രോഡ്ബാൻഡ് കണക്‌ഷൻ ആവശ്യമാണ്. ഇത്രയും തുക മുടക്കാൻ ഇവിടെ പഠിക്കാൻ എത്തുന്ന ബഹുഭൂരിപക്ഷം വിദ്യാർഥികൾക്കും കഴിയണമെന്നില്ല. 

വിദഗ്ധരായ അധ്യാപകരുടെ സാന്നിധ്യത്തിൽ തൊഴിലിൽ വൈദഗ്ധ്യം നേടിയാൽ മാത്രമേ വിദ്യാർഥികൾക്ക് ഇത്തരം പരിശീലനം കൊണ്ട് നേട്ടം ഉണ്ടാവുകയുള്ളു

കാലത്തിനൊത്തു മാറേണ്ട ചില നയങ്ങൾ

Representative Image. Photo Credit : Ajay TVM / Shutterstock.com

ഇനിയെങ്കിലും ഗവൺമെന്റ് ഇത്തരം സ്ഥാപനങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുണ്ട്. ചില നിയമപരമായ നൂലാമാലകളും ഫിലിപ് തോമസ് ചൂണ്ടിക്കാട്ടുന്നു – ‘മുനിസിപ്പാലിറ്റിയിൽ റജിസ്റ്റർ ചെയ്യാൻ സ്കിൽ ഡവലപ്മെന്റ് കമ്പനീസ് അല്ലെങ്കിൽ വൊക്കേഷനൽ ട്രെയ്നിങ് സെന്റർ എന്നിങ്ങനെയൊരു കാറ്റഗറി നിലവിൽ ഇല്ല. പാരലൽ കോളജ് എന്നു പറഞ്ഞാണ് ഇത്തരം സ്ഥാപനങ്ങൾ ഇപ്പോൾ റജിസ്റ്റർ ചെയ്യുന്നത്. വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നു പറയുമ്പോൾ എപ്പോഴും സർക്കാർ സ്‌കൂളുകളുമായി താരതമ്യപ്പെടുത്തിയാണ് ചർച്ച ചെയ്യുന്നത്. ഇത് മാറേണ്ടതുണ്ട്. ‘സ്കിൽ ഡവലപ്മെന്റ് സ്ഥാപനങ്ങൾ’ എന്ന രീതിയിൽ തന്നെ ഗവൺമെന്റ് ഞങ്ങളെ അംഗീകരിക്കേണ്ടതുണ്ട്.’

തൊഴിൽ നഷ്ടപ്പെട്ട് വിദേശത്തുനിന്നു പലരും മടങ്ങുന്ന ഈ സാഹചര്യത്തിൽ നൈപുണ്യ വികസന പരീശീലന കേന്ദ്രങ്ങൾ ചെയ്തുവന്ന സേവനത്തെ ഇനിയെങ്കിലും ഗവൺമെന്റ് വേണ്ട രീതിയിൽ പരിഗണിക്കേണ്ടതുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടു തന്നെ  50 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഒരു ലാബിൽ 20 വിദ്യാർഥികൾക്കെങ്കിലും ഇരുന്ന് പഠിക്കാന്‍  അനുവാദം നൽകണം. പതിനെട്ട് വയസ്സു തികഞ്ഞ വിദ്യാർഥികളാണ് ഇവിടെ പരിശീലനത്തിന് എത്തുന്നത്. നിയന്ത്രിക്കാനാവുന്ന ഒരു കൂട്ടം മാത്രമേ ഇവിടെ ഉണ്ടാകുന്നുള്ളു. ഉടൻ ക്ലാസ്സുകൾ പുനരാരംഭിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സ്കിൽ ഡവലപ്മെന്റ് പരിശീലകർ. കോവിഡും കോവിഡ് നിയന്ത്രണങ്ങളും നിത്യജീവിതത്തെ തടസ്സപ്പെടുത്താത്ത നല്ല നാളുകളെ നമുക്ക് എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരാം.

Content Summary : Skill Development Trainers, who helped many realize their dreams, struggles for survival