ഹരിത ക്യാംപസ് എന്ന സങ്കല്‍പത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു കൊണ്ട് മംഗലാപുരത്തെ യേനെപോയ കല്‍പിത സര്‍വകലാശാല തങ്ങളുടെ ക്യാംപസില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചു. ഇന്‍ഡിയാന്‍റ മൊബിലിറ്റി വെന്‍ച്വേഴ്സുമായി ചേര്‍ന്നാണ് ക്യാംപസിനുള്ളിലെ ഗതാഗത ആവശ്യങ്ങള്‍ക്കായി യേനെപോയ ഇ-വാഹന ശ്രേണി ലഭ്യമാക്കിയത്. രണ്ട് ഇലക്ട്രിക് ബഗ്ഗികള്‍, രണ്ട് ഇലക്ട്രിക് കാറുകള്‍, പത്ത് ഇലക്ട്രിക് സൈക്കിളുകള്‍, 25 ഇലക്ട്രിക് സ്കൂട്ടറുകള്‍ എന്നിവ അടങ്ങുന്നതാണ് ഇവിടുത്തെ ഇ-വാഹന നിര. യേനെപോയ കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍ ഇ-വാഹന ശ്രേണി ഉദ്ഘാടനം ചെയ്തു. 

സര്‍വകലാശാല ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്യാംപസിനുള്ളില്‍ സൗകര്യപ്രദമായും പരിസ്ഥിതി സൗഹാര്‍ദ്ദമായും  രസകരമായും യാത്ര ചെയ്യാന്‍ ഇ-വാഹനങ്ങള്‍ സൗകര്യമൊരുക്കും. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഡോക്കിങ്ങ് പോയിന്‍റുകള്‍ ക്യാംപസില്‍ വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. ക്യാംപസില്‍ ഒരിടത്ത് നിന്നെടുക്കുന്ന ഇ-വാഹനങ്ങള്‍ ഇതിനാല്‍ മറ്റൊരിടത്ത് വച്ചിട്ട് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. 

ഇന്‍ഡിയാന്‍റ വെന്‍ച്വേഴ്സ് സിഇഒയും സ്ഥാപകനുമായ ഡോ. ആരോണ്‍ റൂബന്‍ ഡിസൂസ, ഓപ്പറേഷന്‍സ് മാനേജര്‍ വരുണ്‍ ബംഗേറ, സെയില്‍സ് മാനേജര്‍ ഇസ്രാര്‍ പാഷ, സൈറ്റ് സൂപ്പര്‍വൈസര്‍ സുജിഷ് എന്നിവര്‍ സര്‍വകലാശാല ക്യാംപസില്‍ ഇ-വാഹനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇന്‍ഡിയാന്‍റ വെന്‍ച്വേഴ്സിന്‍റെ പരിസ്ഥിതിയോടുള്ള പ്രതിജ്ഞാബദ്ധതയുടെ കൂടി തെളിവാണ് ക്യാംപസില്‍ അവതരിപ്പിച്ച ഇ-വാഹന നിര. 

യേനെപോയ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ശ്രീപതി റാവു, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. അബ്ദുള്‍ റഹ്മാന്‍, യേനെപോയ രജിസ്ട്രാര്‍ ഡോ. ഗംഗാധര്‍ സോമയാജി, ഫിനാന്‍സ് ഓഫീസര്‍ മുഹമ്മദ് ബാവ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. നന്ദിഷ്, യേനെപോയ ഡെന്‍റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അക്തര്‍ ഹുസൈന്‍, യേനെപോയ ഫാര്‍മസി കോളജ് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഗുല്‍സാര്‍ അഹമ്മദ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

English Summary: Yenepoya (Deemed to be) University introduces E-Vehicles in its campus