ഈ കസവുസാരി കഴിക്കാം! വേഫർ കൊണ്ട് സാരിയുണ്ടാക്കി ഐസർ ബിരുദധാരി
കേക്ക് പോലെ കഴിക്കാവുന്ന സാരി! വികസിപ്പിച്ചത് കൊല്ലം സ്വദേശിനിയായ ഐസർ ബിരുദധാരി. തിരുവനന്തപുരം ഐസറിൽ നിന്നു ബിഎസ്–എംഎസ് ബിരുദം പൂർത്തിയാക്കിയ അന്ന എലിസബത്ത് ജോർജാണ് കൗതുകകരമായ സാരി വികസിപ്പിച്ചത്. കേക്ക് നിർമാണത്തിൽ ഉപയോഗിക്കുന്ന വേഫർ ഷീറ്റുകൾ ഉപയോഗിച്ചാണ് സാരിയുടെ നിർമാണം. കസവിനായി എഡിബിൾ ഗോൾഡ് പൗഡറും ഉപയോഗിച്ചു.
കൊല്ലം പട്ടത്താനം ചേരിക്കലകത്ത്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോർജ് തോമസിന്റെയും യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഉദ്യോഗസ്ഥ പ്രിയ സൂസൻ ജേക്കബിന്റെയും മകളായ അന്ന കൊല്ലം എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലാണു സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. തുടർന്ന് ഉന്നത ശാസ്ത്ര സ്ഥാപനമായ തിരുവനന്തപുരം ഐസറിൽ ബിഎസ്–എംഎസ് പഠനത്തിനായി ചേർന്നു. ബയോളജി മേജറും കെമിസ്ട്രി മൈനറുമായെടുത്തായിരുന്നു പഠനം.
പഠനസമയത്തു തന്നെ അന്ന എലിസബത്ത് ജോർജ് ഹോംബേക്കിങ് രീതിയിൽ കേക്ക് നിർമാണവും നടത്തുന്നുണ്ട്. സഹോദരിയും തമിഴ്നാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയുമായ അനിയ സൂസൻ ജോർജുമായി ചേർന്നാണു കേക്ക് നിർമാണം. പകൽ സമയം പഠനത്തിനും ഗവേഷണത്തിനുമായി ചെലവിടേണ്ടി വരുന്നതിനാൽ രാത്രിയിലായിരുന്നു പലപ്പോഴും കേക്ക് ഉണ്ടാക്കുന്നത്. അന്ന നിർമിക്കുന്ന കേക്കുകൾക്ക് ആവശ്യക്കാരേറെയാണെങ്കിലും സമയക്കുറവ് മൂലം വളരെക്കുറച്ച് ഓർഡറുകൾ മാത്രമേ എടുക്കാറുള്ളൂ എന്നും അന്ന പറയുന്നു. ഇതിനിടെ രണ്ടുവർഷം മുൻപ് ജേക്കബ്സ് ബേക്ക്സ് എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജ് തുറന്നു.
അന്നയുടെ അമ്മയുടെ അച്ഛന്റെ പേരാണു ജേക്കബ്. യുണൈറ്റഡ് ഇലക്ട്രിക്കൽസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛനു കേക്ക് നിർമാണം വലിയ താൽപര്യമുള്ള കാര്യമായിരുന്നെന്ന് അന്ന ഓർമിക്കുന്നു. റിട്ടയറായ ശേഷം ഒരു ബേക്ക്ഹൗസ് തുടങ്ങണമെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. എന്നാൽ 1988 ജൂലൈയിൽ കേരളത്തിനെ ദു:ഖത്തിലാക്കി സംഭവിച്ച പെരുമൺ ദുരന്തത്തിൽ മരിച്ചവരിൽ രണ്ടുപേർ അന്നയുടെ മുത്തച്ഛനും വലിയമ്മയുമായിരുന്നു. മുത്തച്ഛൻ ചില സവിശേഷമായ ചേരുവകൾ കേക്ക് നിർമാണത്തിന് ഉപയോഗിച്ചിരുന്നു. ഇത് അദ്ദേഹം അന്നയുടെ അമ്മയായ സൂസനെ പഠിപ്പിച്ചു. ഇതു പിന്നീട് കൈമാറി അന്നയിലുമെത്തി.
ശാസ്ത്രഗവേഷണം നടത്തുമ്പോഴും കലാപരമായ താൽപര്യവും അന്ന സൂക്ഷിച്ചിരുന്നു. കേക്ക് നിർമാണത്തിനൊപ്പം തന്നെ വസ്ത്ര ഡിസൈനിങ്, എംബ്രോയ്ഡറി തുടങ്ങിയവയിലും നൈപുണ്യം നേടി. വിവാഹങ്ങളിലും മറ്റ് ആഘോഷവേളകളിലും താൻ ധരിക്കുന്ന വസ്ത്രം സ്വയം ഡിസൈൻ ചെയ്യാറാണു പതിവെന്ന് അന്ന പറയുന്നു.
കേക്ക് നിർമാണത്തിൽ പുതുമകൾ പരീക്ഷിക്കാൻ അന്ന തുടക്കം മുതൽ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിന് ജമന്തിപ്പൂക്കൾ കൂടിച്ചേർന്ന ഒരു പൂക്കുടയുടെ ആകൃതിയിൽ കേക്ക് നിർമിച്ചു. പൂവിന്റെ ഓരോ ഇതളും സ്വയം നിർമിച്ച് വളരെ പണിപ്പെട്ടാണു കേക്ക് പൂർത്തീകരിച്ചത്. ഇത്തവണയും അതുപോലെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചു. ആശയം കിട്ടിയില്ല. ഒടുവിൽ അയയിൽ വിരിച്ചിട്ട അമ്മയുടെ കസവുസാരി കണ്ടപ്പോൾ ഐഡിയ മുളപൊട്ടി. ഇത്തവണ ഒരു എഡിബിൾ സാരിയുണ്ടാക്കാം! ധരിക്കാവുന്നതും വേണമെങ്കിൽ കഴിക്കാവുന്നതുമായ ഒരു സാരി.
കേക്ക് നിർമാണത്തിൽ ഉപയോഗിക്കുന്ന വേഫർ ഷീറ്റുകൾ ഉപയോഗിച്ചാണു സാരി നിർമിച്ചത്. എ4 ഷീറ്റുകൾ പോലെയിരിക്കുന്ന ഇവ കേരളത്തിൽ അത്ര സാധാരണമല്ല. മുംബൈയിൽ നിന്നാണു കേക്കിനു വേണ്ട വേഫർ ഷീറ്റുകൾ വരുത്തിയത്. 100–120 ഷീറ്റുകൾ ഉപയോഗിച്ചു. തുടർന്ന് ജെലാറ്റിൻ എന്ന ഉപയോഗിച്ച് ഇതിനെ ഈടുനിൽക്കുന്ന പരുവത്തിലാക്കി.
പ്ലൈവുഡ് ഉപയോഗിച്ച് ഫ്രെയിം ഉണ്ടാക്കിയായിരുന്നു സാരിയുടെ നിർമാണം. 60 മണിക്കൂറോളം സമയമെടുത്തു സാരി ഡിസൈൻ ചെയ്തു പൂർത്തീകരിക്കാൻ. എല്ലാ ഘട്ടങ്ങളിലും കുറിപ്പുകൾ എഴുതി വച്ചിരുന്നു. അഞ്ചര മീറ്റർ നീളമുള്ള സാരി നിർമിക്കാനായി 10000 രൂപ ചെലവായെന്ന് അന്ന പറയുന്നു. ഇത്തവണ നിർമിച്ച സാരിക്ക് 2 കിലോയാണ് ഭാരം. എന്നാൽ അടുത്ത തവണ കുറച്ചുകൂടി ഭാരം കുറച്ച് കൂടുതൽ സൗകര്യപ്രദമായി ധരിക്കാവുന്ന രീതിയിൽ നിർമിക്കുമെന്ന് അന്ന പറയുന്നു.
ഇത്തരം ഹോബികൾ പഠനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് അന്ന പറയുന്നു. സിഎസ്ഐആർ നെറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 76ാം റാങ്ക് ലഭിച്ചു. ഇന്ത്യയിലും വിദേശത്ത് യൂറോപ്യൻ രാജ്യങ്ങളായ നെതർലൻഡ്സ്, ജർമനി, സ്പെയിൻ എന്നിവിടങ്ങളിലുമായി അഞ്ച് പിഎച്ച്ഡി ഗവേഷണ അവസരങ്ങൾ അന്നയ്ക്ക് ലഭിച്ചിട്ടുണ്ട്. ന്യൂറോബയോളജി–കാൻസർ ബയോളജി ഇവയിലേതെങ്കിലും മേഖലയിൽ യൂറോപ്പിൽ നിന്നു പിഎച്ച്ഡി എടുക്കാനാണ് അന്നയ്ക്കു താൽപര്യം.
English Summary: Edible Kerala Saree Made By Anna Elizabeth