നീറ്റ്–യുജി ഫലം വൈകാതെ വരും. കേരളത്തിലെ എംബിബിഎസ് പ്രവേശനസാധ്യതകളെക്കുറിച്ചു കുട്ടികൾക്കും രക്ഷിതാക്കൾക്കും ആകാംക്ഷയേറെ. ഈ വർഷത്തെ പ്രവേശനസാധ്യതകളെ സംബന്ധിക്കുന്ന സൂചനകൾ ശ്രദ്ധിക്കാം.

കട്ടോഫ്

ആകെ 720 മാർക്കുള്ള പരീക്ഷയിൽ 50–ാം പെർസെന്റൈൽ എങ്കിലുമുള്ളവർക്ക് എംബിബിസ് പ്രവേശനത്തിന് അർഹതയുണ്ട്. അതായത് പരീക്ഷയിൽ മാർക്കു നേടിയവരിൽ 50% പേരെക്കാൾ മെച്ചമായിരിക്കണം നിങ്ങളുടെ പ്രകടനം. പട്ടിക, പിന്നാക്ക വിഭാഗക്കാർ 40–ാം പെർസെന്റൈൽ മതി. ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45–ാം പെർസെന്റൈലും. പരീക്ഷയിലെ പരമാവധി മാർക്ക് 720. യോഗ്യത നേടിയതുകൊണ്ടുമാത്രം പ്രവേശനം കിട്ടില്ലെന്നും ഓർക്കുക. 2020ൽ ജനറൽ വിഭാഗത്തിൽ പ്രവേശനത്തിന് അർഹത നേടി‌യവരുടെ സ്കോർ 720–147 റേഞ്ചിലായിരുന്നു. അതായത് ഏറ്റവും കുറഞ്ഞ സ്കോർ അഥവാ കട്ടോഫ് 147. 

ഓൾ ഇന്ത്യ ക്വോട്ട

ദേശീയതലത്തിൽ കേരളത്തിലേതടക്കം സർക്കാർ മെഡിക്കൽ കോളജുകളിലെ 15% എംബിബിഎസ് സീറ്റുകൾ ഓൾ ഇന്ത്യ ക്വോട്ടയാണ്. കഴിഞ്ഞ വർഷം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഓൾ ഇന്ത്യ ക്വോട്ടയിൽ പ്രവേശനം കിട്ടിയവരുടെ കുറഞ്ഞ റാങ്കുകൾ ഈ വർഷത്തെ പ്രവേശനസാധ്യതയെക്കുറിച്ച് ഏകദേശ ധാരണ നൽകും. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഓൾ ഇന്ത്യ ക്വോട്ടയില്ല.ദേശീയതലത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (www.mcc.nic.in) നടത്തിയ 2 റൗണ്ട് കൗൺസലിങ് കഴിഞ്ഞപ്പോഴുള്ള സമഗ്രമായ കണക്കുകൾ ഇക്കാര്യത്തിൽ സഹായകമാണ്. ഓൾ ഇന്ത്യ ക്വോട്ട എംബിബിഎസ് അലോട്മെന്റ് സമ്പൂർണ ലിസ്റ്റ് എംസിസി–സെറ്റിലെ UG Medical Counselling - Archives ലിങ്കിലുണ്ട്. 

കേരളത്തിലെ 10 സർക്കാർ മെഡിക്കൽ കോളജുകളടക്കം (തിരുവനന്തപുരം, പാരിപ്പള്ളി–കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മഞ്ചേരി, കോഴിക്കോട്, പരിയാരം–കണ്ണൂർ), കാറ്റഗറി തിരിച്ച് റാങ്കുകൾ ഇതിലുണ്ട്. 2 റൗണ്ടോടെ കേന്ദ്രത്തിലെ മുഖ്യ അലോട്മെന്റ് തീരും. തുടർന്ന് ഏതാനും സ്ഥാപനങ്ങളിലേക്കുള്ള മോപ്–അപ് മാത്രമേയുള്ളൂ.

കേരളത്തിലെ അലോട്മെന്റ്

ഓൾ ഇന്ത്യ ക്വോട്ട കഴിച്ച് ബാക്കിയുള്ള 85% സീറ്റ് അലോട്മെന്റ് നടത്തുന്നത് കേരള എൻട്രൻസ് പരീക്ഷാ കമ്മിഷണറാണ്. 2020ൽ സംസ്ഥാന അലോട്മെന്റ് കിട്ടിയവരുടെ അവസാനറാങ്കുകൾ കാണുക. (ഇവ എംസിസി റാങ്ക്‌ലിസ്റ്റിൽ നിന്നു കേരളത്തിൽ പ്രവേശനാർഹതയുളളവരെ തിരഞ്ഞെടുത്തുണ്ടാക്കിയ സംസ്ഥാന റാങ്കുകളാണ്).ഓരോ കോളജിലും കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയവരുടെ കാറ്റഗറി തിരിച്ചുള്ള അവസാനറാങ്കുകൾ www.cee.kerala.gov.in എന്ന സൈറ്റിലെ ‘KEAM 2021 കാൻഡിഡേറ്റ് പോർട്ടൽ’ – ലാസ്റ്റ് റാങ്ക് കൺസോളിഡേറ്റഡ് 2020 – എംബിബിഎസ് & ബിഡിഎസ് ലിങ്കിലുണ്ട്.

Content Summary : Know your admission chances in MBBS/BDS colleges with NEET Score