കേരള എംബിബിഎസ്, ബിഡിഎസ് ആദ്യ അലോട്മെന്റ് ഫെബ്രുവരി രണ്ടിന്
കേരളത്തിലെ എംബിബിഎസ്, ബിഡിഎസ് 2021 (KEAM 2021 ) പ്രവേശനത്തിനുള്ള ആദ്യഘട്ട ഓപ്‌ഷൻ 29 വൈകിട്ട് 5 മണി വരെ www.cee.kerala.gov.in എന്ന സൈറ്റിൽ സമർപ്പിക്കാം. നീറ്റ്–യുജി 2021ന്റെ അടിസ്ഥാനത്തിൽ കേരള എൻട്രൻസ് കമ്മിഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കാണ് അർഹത.
ആദ്യഘട്ട അലോട്മെന്റ് ഫെബ്രുവരി രണ്ടിനു പ്രസിദ്ധപ്പെടുത്തും. അലോട്മെന്റ് കിട്ടിയവർക്ക് ഫെബ്രുവരി 3 മുതൽ 7 വരെ ഫീസടച്ച് കോളജിൽ ചേരാം. അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള തുക എൻട്രൻസ് പരീക്ഷാ കമ്മിഷണർക്ക് ഓൺലൈനായി അടയ്ക്കുകയോ, കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫിസിൽ അടയ്ക്കുകയോ ചെയ്യാം.
7ന് 5 മണിക്ക് കോളജിൽ ചേർന്ന കുട്ടികളുടെ ലിസ്റ്റ് കമ്മിഷണർക്കു സമർപ്പിക്കും. പ്രവേശനം നൽകുന്ന 10 സർക്കാർ മെഡിക്കൽ കോളജുകൾ, 19 സ്വാശ്രയ മെഡിക്കൽ കോളജുകൾ, 6 സർക്കാർ ഡെന്റൽ കോളജുകൾ, 19 സ്വാശ്രയ ഡെന്റൽ കോളജുകൾ എന്നിവയുടെ ലിസ്റ്റ് വിജ്ഞാപനത്തിലുണ്ട്.
സീറ്റ് വിഭജനം ·സംസ്‌ഥാന മെറിറ്റ് – 50%.
സംവരണം: സാമ്പത്തിക പിന്നാക്കം 10%, ഈഴവ 9%, മുസ്ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, എൽസി & ആംഗ്ലോ–ഇന്ത്യൻ 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്‌ത്യാനി 1%, കുടുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2%
പാലക്കാട് മെഡിക്കൽ കോളജിൽ മാത്രം പട്ടികജാതി 70%, പട്ടികവർഗം 2%, ജനറൽ െമറിറ്റ് 13%, ഓൾ ഇന്ത്യ ക്വോട്ട 15% എന്ന ക്രമം.
കൊല്ലം പാരിപ്പള്ളിയിലാകട്ടെ, ഓൾ ഇന്ത്യ ക്വോട്ട 15%, സ്റ്റേറ്റ് ക്വോട്ട 50%. ഇൻഷുർ ചെയ്തവരുടെ ആശ്രിതർക്കുള്ള 35% കേന്ദ്രം അലോട്ട് ചെയ്യുന്നു. സ്വാശ്രയ കോളജുകളിലെ ന്യൂനപക്ഷ, എൻആർഐ സീറ്റുകളിൽ താൽപര്യമുള്ളവർ അത്തരം സീറ്റുകളിലേക്ക് ഇപ്പോൾ ഓപ്ഷൻ സമർപ്പിക്കണം. കേരളീയരില്ലെങ്കിൽ മാത്രമേ എൻആർഐയിലേക്ക് കേരളത്തിനു പുറത്തുള്ളവരെ പരിഗണിക്കൂ.
3 ലക്ഷം, 5 ലക്ഷം കെട്ടിവയ്ക്കണം
സ്വാശ്രയ കോളജിൽ എംബിബിഎസ് അലോട്മെന്റുള്ളവർ 3 ലക്ഷവും എൻആർഐ ക്വോട്ടക്കാർ 5 ലക്ഷവും എൻട്രൻസ് പരീക്ഷാകമ്മിഷണരുടെ പേരിൽ കെട്ടിവയ്ക്കണം.
ബാക്കി തുക പ്രവേശനസമയത്ത് കോളജിലടയ്ക്കാം. സ്വാശ്രയ ബിഡിഎസിന് ഒരു ലക്ഷം കെട്ടിവച്ചാൽ മതി.സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ അലോട്മെന്റുള്ളവർ മുഴുവൻ ഫീസും കമ്മിഷണറുടെ പേരിലടയ്ക്കണം. പട്ടിക, മറ്റർഹ (ഒഇസി) വിഭാഗക്കാരും ശ്രീചിത്ര /ജൂവനൈൽ /നിർഭയ ഹോം നിവാസികളും 1000 രൂപ ടോക്കണായി കമ്മിഷണരുടെ പേരിലടയ്ക്കണം. പക്ഷേ ഇവർക്ക് സ്വാശ്രയ കോളജുകളിൽ ന്യൂനപക്ഷ/ എൻആർഐ ക്വോട്ടയിലാണ് അലോട്മെന്റെങ്കിൽ ഈ ആനുകൂല്യമില്ല; 3 ലക്ഷവും 5 ലക്ഷവും തന്നെ അടയ്ക്കണം.
ഇത്തവണ തന്നെ ഓപ്ഷൻ നൽകണം
താൽപര്യമുള്ള എല്ലാ കോളജുകളിലേക്കും ഇത്തവണ തന്നെ ഓപ്ഷൻ നൽകണം. ഇപ്പോൾ നൽകാത്ത ഓപ്ഷൻ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല. പുതിയ കോളജ് വന്നാൽ മാത്രമേ പുതിയ ഓപ്ഷന് പിന്നീട് അവസരം ലഭിക്കൂ. നിർദിഷ്ട സമയത്തിനകം കോളജിൽ ചേരാത്തവരെ സിസ്റ്റത്തിൽ നിന്നു നീക്കം ചെയ്യും. പിന്നീട് അവസരം കിട്ടുകയുമില്ല. റാങ്ക്‌ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ നൽകാം. 28ന് 3 മണിക്കകം രേഖകൾ സമർപ്പിച്ച് പോരായ്മകൾ പരിഹരിച്ചാൽ അലോട്മെന്റിനു പരിഗണിക്കും.
വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in
ഹെൽപ്‌ലൈൻ: 0471–2525300.