തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്വാശ്രയ കോളജുകളുടെ എണ്ണം ഏറുന്നു. എൽഡിഎഫ് സർക്കാർ 2016 മുതൽ അനുമതി നൽകിയ കോളജുകളിൽ 69.38 ശതമാനവും സ്വാശ്രയ രംഗത്താണെന്നു സർവകലാശാലകളിൽനിന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി (Save University Campaign Committee) ശേഖരിച്ച വിവരാവകാശ രേഖകളിൽ പറയുന്നു.

കേരള, കാലിക്കറ്റ്‌, എംജി, കുസാറ്റ്, കണ്ണൂർ, സാങ്കേതിക സർവകലാശാലകളിലായി 1097 കോളജുകളുണ്ട്. ഇതിൽ 75.57% അഫിലിയേറ്റഡ് കോളജുകളും സ്വാശ്രയമാണ്; സർക്കാർ, എയ്ഡഡ് കോളജുകൾ 24.43%. സാങ്കേതിക സർവകലാശാലയ്ക്കു കീഴിൽ 93.22% കോളജുകളും സ്വാശ്രയമാണ്; കുസാറ്റിൽ 77.78%, കേരളയിൽ 64.17%, കണ്ണൂരിൽ 74%, എംജിയിൽ 73.36%, കാലിക്കറ്റിൽ 74.79%.

കാലിക്കറ്റിനു കീഴിൽ മലപ്പുറം, വയനാട് ജില്ലകളിലുള്ള പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്വാശ്രയമാണ്; തൃശൂർ ജില്ലയിലെ 25ൽ 24 കോളജുകളും സ്വാശ്രയം. കോഴിക്കോട്ട് 25ൽ 21; പാലക്കാട്ട് 21ൽ 19. 

സാങ്കേതിക സർവകലാശാലയ്ക്കു കീഴിൽ 157 സ്വാശ്രയ കോളജുകൾ ഉള്ളപ്പോൾ സർക്കാർ, എയ്ഡഡ് മേഖലയിലുള്ളത് 12 മാത്രം.

2016 മുതൽ 2021 വരെ സർക്കാർ എൻഒസി നൽകിയ 49 കോളജുകളിൽ 15 എണ്ണം മാത്രമാണു സർക്കാർ, എയ്ഡഡ് മേഖലയിലുള്ളത്.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചു വീമ്പു പറയുന്ന സർക്കാരിനു കീഴിൽ വിദ്യാഭ്യാസ മേഖല വാണിജ്യവൽക്കരിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ കുറ്റപ്പെടുത്തി.

Content Summary : The Save University Campaign Committee has accused the government of commercialising the higher education sector