തിരുവനന്തപുരം ∙ സ്കൂളുകളിലെ ശാസ്ത്രപഥം പദ്ധതിയുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോം വഴി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കം വിവാദത്തിൽ. സ്കൂളും അധ്യാപകരും വിദ്യാർഥികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന് സുരക്ഷിതമായ ഓൺലൈൻ പ്ലാറ്റ്ഫോം ഉള്ളപ്പോഴാണ് വകുപ്പിന്റെ ഔദ്യോഗിക സർക്കുലർ ഇല്ലാതെ സ്വകാര്യ സെർവറിലേക്ക് എത്തുന്നതരത്തിൽ വിവരശേഖരണം നടത്തുന്നത്. 

സ്കൂളുകളിൽ ശാസ്ത്രപഥം പദ്ധതി മുൻവർഷങ്ങളിലുമുണ്ടായിരുന്നു. 8,9,11 ക്ലാസുകളിലെ ശാസ്ത്രാഭിമുഖ്യമുള്ള വിദ്യാർഥികൾക്കായി ഇത്തവണ കെ–ഡിസ്കുമായി കൈകോർത്ത് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) എന്ന നിലയിലാണ് ഇതു സംഘടിപ്പിക്കുന്നത്. വിജയികൾക്ക് കാഷ് അവാർഡിനൊപ്പം പ്രോജക്ടുകൾ ചെയ്യാൻ ഫണ്ടും മാർഗനിർദേശവും നൽകുന്നുണ്ട്. എന്നാൽ വിവരശേഖരണ രീതിയാണ് വിവാദം സൃഷ്ടിക്കുന്നത്. മത്സരിക്കാൻ താൽപര്യമുള്ള കുട്ടികൾ വൈഐപി വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.

ആദ്യഘട്ടമായി സ്കൂളുകളുടെ റജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. ഇതിനു പിന്നാലെ സ്കൂളുകളിൽ പദ്ധതി നടത്തിപ്പിനായി അധ്യാപകരുടെ കമ്മിറ്റി രൂപീകരിച്ച് അതിൽ അംഗങ്ങളായ 4 ഫെസിലിറ്റേറ്റർമാരുടെയും 2 ഇൻവിജിലേറ്റർമാരുടെയും പ്രധാനാധ്യാപകരുടെയും വിവരമാണ് ഫോൺ നമ്പറും ഇ–മെയിലും സഹിതം ഗൂഗിൾ ഫോം വഴി ഇപ്പോൾ ശേഖരിക്കുന്നത്. ഇവർ പരമാവധി വിദ്യാർഥികളെ റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.

വിവരശേഖരണം നേരത്തേയും വിവാദം 

നേരത്തേ അധ്യാപക പരിശീലന പദ്ധതിക്കായി മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ ഇതേ രീതിയിൽ ഗൂഗിൾ ഫോം വഴി ശേഖരിച്ചതു വിവാദമായിരുന്നു. സ്കൂളുകളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഗൂഗിൾ ഫോം വഴി ശേഖരിക്കുന്നുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും വ്യക്തിഗത വിവരങ്ങൾ സ്വകാര്യ സെർവറുകളിൽ ശേഖരിക്കരുതെന്ന സർക്കാർ നയത്തിന് വിരുദ്ധമായുള്ള നടപടി ഡേറ്റാ ചോർച്ചയ്ക്കും കച്ചവടത്തിനും വഴിവയ്ക്കുന്നതാണെന്ന ആരോപണമാണ് ഉയരുന്നത്.

Content Summary : Using a Google Form to collect personal information for the Sashtra Padham project causes some complications